കൊല്ലം തീരത്ത് പിടിച്ചിട്ട ഹന്‍സിക ഓര്‍മയാകുന്നു

Posted on: April 10, 2018 6:26 am | Last updated: April 9, 2018 at 11:54 pm
കൊല്ലം കാക്കത്തോപ്പ് തീരത്ത് മണ്‍തിട്ടയില്‍ തട്ടിക്കിടക്കുന്ന ഹന്‍സിക

കൊല്ലം: ഏറെ വിവാദങ്ങളുണ്ടാക്കി കൊല്ലം തീരത്തണഞ്ഞ ഹന്‍സിക കപ്പല്‍ ഓര്‍മയിലേക്ക്. കപ്പല്‍ പൊളിച്ച് നീക്കുന്ന നടപടി അവസാന ഘട്ടത്തിലെത്തി. എന്‍ജിനും കപ്പലിന്റെ അടിഭാഗവും മാത്രമാണ് ഇനി പൊളിക്കാനുള്ളത്. കാണികള്‍ക്ക് കൗതുകവും തീരദേശവാസികള്‍ക്ക് ദുരിതവും സമ്മാനിച്ചിരുന്ന കപ്പലിന്റെ മുകള്‍ഭാഗം പൊളിച്ച് മാറ്റി. അടുത്തയാഴ്ചക്കകം കപ്പല്‍ പൂര്‍ണമായി പൊളിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

അടുത്ത മാസം 31ന് മുമ്പ് ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് കരാറുകാര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുള്ളത്. പക്ഷേ, കപ്പല്‍ പൂര്‍ണമായി പൊളിച്ച് നീക്കിയാല്‍ കടല്‍ കയറാതിരിക്കാന്‍ പുലിമുട്ട് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുംബൈ ആസ്ഥാനമായ മേഘ ഡ്രഡ്ജിംഗ് കമ്പനിയുടെ കപ്പലായ ഹന്‍സിക കൊച്ചിയില്‍ നിന്ന് കൊല്ലം തീരത്തെത്തുന്നത് 2013 നവംബറിലാണ്. തങ്കശ്ശേരിയിലെ തുറമുഖത്ത് അറ്റകുറ്റപ്പണിക്കായാണ് കപ്പല്‍ എത്തിച്ചത്.

25 ദിവസത്തേക്കായിരുന്നു കരാര്‍. എന്നാല്‍, വാര്‍ഫ് ചാര്‍ജ് അടക്കം 40 ലക്ഷത്തോളം രൂപ കുടിശ്ശികയായപ്പോള്‍ അറ്റകുറ്റപ്പണികള്‍ നിലച്ചു. കുടിശ്ശിക നല്‍കാതെ തീരം വിടാന്‍ പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തീരത്ത് മൂന്ന് നോട്ടിക്കല്‍മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടു. രണ്ടര വര്‍ഷം കപ്പല്‍ ഇങ്ങനെ കിടന്നു. പിന്നീട് നങ്കൂരം ഇളകിമാറിയതോടെ കപ്പല്‍ കടലില്‍ ഒഴുകി നടന്നു.

വേലിയേറ്റ സമയത്ത് പല തീരങ്ങളില്‍ കപ്പല്‍ അടുത്തു. ഒടുവിലാണ് കാക്കത്തോപ്പ് തീരത്ത് മണ്ണുതിട്ടയില്‍ കപ്പല്‍ ഉറച്ചുകിടന്നത്. കപ്പല്‍ തിട്ടയിലുറച്ചതോടെ പ്രദേശമാകെ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകള്‍ തകര്‍ന്നു. കൊല്ലം പരവൂര്‍ തീരദേശ റോഡ് കടലാക്രമണ ഭീഷണിയിലുമായി. തീരദേശത്ത് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മണല്‍തിട്ടയില്‍ ഉറച്ചുകിടക്കുന്ന കപ്പല്‍ പൊളിച്ചുമാറ്റുന്ന നടപടിയില്‍ അനിശ്ചിതത്വം തുടരുന്നതില്‍ വലിയ പ്രതിഷേധമാണ് പിന്നീട് ഉയര്‍ന്നത്. കപ്പല്‍ പൊളിച്ചുനീക്കാന്‍ അനുമതി വന്നിട്ടും ജില്ലാ കലക്ടര്‍ അധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റി നിസ്സംഗത കാട്ടിയതാണ് നടപടികള്‍ വൈകാന്‍ കാരണമായതെന്ന ആക്ഷേപമുണ്ട്.

കപ്പല്‍ തീരത്ത് നിന്ന് മാറ്റാനായി നിരവധി ജനകീയ സമരങ്ങള്‍ നടന്നെങ്കിലും തുറമുഖ വകുപ്പും കപ്പലുടമയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വം നീങ്ങിയില്ല. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പുറംകടലിലേക്ക് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് കപ്പല്‍ പൊളിച്ചുമാറ്റാന്‍ നടപടികള്‍ ആരംഭിച്ചത്.