ഇസ്‌റാഈലിനെതിരായ ചെറുത്ത് നില്‍പ്പ് ഉപേക്ഷിക്കാന്‍ അമേരിക്ക പണം വാഗ്ദാനം ചെയ്തു: ഹസന്‍ നസ്‌റുല്ല

വീഡിയോ പ്രസംഗത്തിലൂടെയായിരുന്നു വെളിപ്പെടുത്തല്‍
Posted on: April 10, 2018 6:07 am | Last updated: April 9, 2018 at 11:42 pm

ബെയ്‌റൂത്ത്: ഇസ്‌റാഈലിനോടുള്ള ചെറുത്ത് നില്‍പ്പ് അവസാനിപ്പിക്കാന്‍ തനിക്കും സംഘടനക്കും അമേരിക്ക പണം വാഗ്ദാനം ചെയ്തുവെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല. ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ അനുരഞ്ജന ചര്‍ച്ച നടന്നുവെന്നും ഇസ്‌റാഈലുമായുള്ള ശത്രുത അവസാനിപ്പിക്കാനും യോജിച്ച് പോകാനും ആവശ്യപ്പെട്ടുവെന്നും നസ്‌റുല്ല പറഞ്ഞു. വീഡിയോ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

യു എസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. ഇസ്‌റാഈലിനെ അംഗീകരിച്ചാല്‍ ഹിസ്ബുല്ലയെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കി തരാമെന്നും ദക്ഷിണ ലബനാന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് നല്‍കാമെന്നും വാഗ്ദാനം ചെയ്തു. അമേരിക്കയുമായി സുരക്ഷാ സഹകരണം ശക്തമാക്കണമെന്ന് അഭിപ്രായമുയര്‍ന്നുവെന്നും നസ്‌റുല്ല പറഞ്ഞു.

ലബനീസ് വംശജനായ യു എസ് ബിസിനസ്സുകാരന്‍ ജോര്‍ജ് നദര്‍ ആണ് ഇക്കാര്യത്തില്‍ നേരിട്ട് സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കാതെ നസ്‌റുല്ല സൂചിപ്പിച്ചു.