Connect with us

Articles

അംബേദ്കര്‍: ആദരിക്കപ്പെടുന്ന വ്യക്തി; അവമതിക്കപ്പെടുന്ന ആശയം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ ബി ജെ പി ചില തിരിച്ചറിവുകള്‍ നേടിയിരിക്കുന്നു. ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഏറ്റവും കൂടുതല്‍ എം പി മാരുള്ള യു പി സംസ്ഥാനത്തു നിന്നു ലഭിച്ച തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ മറ്റു ചില കുതന്ത്ര രൂപവത്കരണത്തിലേക്കാണ് ബി ജെ പി യെ നയിച്ചിരിക്കുന്നത്.

അംബേദ്കര്‍ തന്റെ ഓര്‍മ വെച്ച നാള്‍ മുതല്‍ പ്രതിസ്ഥാനത്തുനിറുത്തുകയും അന്ത്യ നാളുകള്‍ വരെ കടുത്ത വിരോധത്തോടെ സമീപിക്കുകയും ചെയ്തത് സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണ രാഷ്ട്രീയത്തെയായിരുന്നു. വൈയക്തികമായ ലാഭനഷ്ട്ടകണക്കുകളില്‍ നിന്നുണ്ടായ വിരോധമായിരുന്നില്ല അത്. ചരിത്ര കാലം മുതലേ ബ്രാഹ്മണിക്കന്‍ സമൂഹം അധഃസ്ഥിതരോട് പുലര്‍ത്തിപ്പോരുന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള കടുത്ത പ്രതിഷേധവും തന്റെ ജനതയെ പുനരുജ്ജീവിപ്പിക്കാന്‍ അനിവാര്യം വേണ്ട ഊര്‍ജസമ്പാദനത്തിനുള്ള കഠിന പരിശീലന മാര്‍ഗവുമായിരുന്നു ഈ വെറുപ്പ്. അദ്ദേഹത്തിന്റെ ആയുഷ്‌കാലം മുഴുവന്‍ പോരാടിയതും ഈ സവര്‍ണ കുടില മനസ്സുകള്‍ക്കെതിരെയായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും അപേക്ഷിച്ചു ഏറ്റവും വലിയ സവര്‍ണ വിരോധത്തിന് ഇതിന്റെ പേരില്‍ അംബേദ്കര്‍ വിധേയനാവുകയും അവസാനം ഹിന്ദു മതം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. അംബേദ്കറെ കുല ശത്രുവായി പ്രഖ്യാപിച്ചു ആക്രമണം അഴിച്ചുവിട്ട സംഘ്പരിവാര്‍ ദളിതു വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചു ചെയ്തുകൂട്ടുന്ന നാടകങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ദളിത് സമൂഹമാണ് ഏറ്റവും വലിയ നിരാശ സമ്മാനിക്കുന്നത്.

ദളിതുകള്‍ക്കു പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ എന്ന ചരിത്രപരമായ അംബേദ്കര്‍ ആശയത്തെ അട്ടിമറിക്കുന്നതിന് വേണ്ടി സംഘ്പരിവാര്‍ ഗാന്ധിജിക്കൊപ്പം ചേര്‍ന്ന് ഹിന്ദു ഐക്യം പ്രഖ്യാപിക്കുകയും പൂനെ പാക്ടിലൂടെ ദളിത് വിഭാഗത്തെ ഹൈന്ദവ ചുറ്റുമതിലിനുള്ളില്‍ തളച്ചിടുകയും ചെയ്തു. ഹിന്ദു മഹാസഭയുടെ പ്രഖ്യാപന വേദിയായി കോണ്‍ഗ്രസിനെ ഉപയോഗപ്പെടുത്തിയവര്‍ ഹിന്ദുത്വ വാദികള്‍ക്ക് മുന്നില്‍ നെഹ്‌റു, കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടച്ചപ്പോള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വലിയ വിരോധികളായി മാറി. അംബേദ്കര്‍ക്കെതിരെ ഗാന്ധിജിയെ പിന്തുണച്ചവര്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പാക്കിസ്ഥാന് നല്‍കേണ്ട 150 കോടി രൂപ നല്‍കാന്‍ മടി കാണിച്ച ഇന്ത്യന്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത മഹാത്മാവിനെ നിഷ്‌കരുണം നിറയൊഴിച്ചു കൊന്നു കളഞ്ഞു. ഭരണഘടനാ നിര്‍മാണ അസംബ്ലിയിലേക്കു അംബേദ്കര്‍ എത്തിപ്പെടാതിരിക്കാന്‍ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തിയ സവര്‍ണ പക്ഷം അദ്ദേഹത്തിന്റെ മരണ ശേഷം പ്രതിമാ നിര്‍മാണത്തിലൂടെയും അനുസ്മരണ സമ്മേളനങ്ങളിലൂടെയും ബാബാ സാഹിബിനെ വാഴ്ത്തി ദളിത് വോട്ടുകളെ കിട്ടാവുന്നിടത്തോളം തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംഘ്പരിവാര്‍ അവസരവാദ രാഷ്ട്രീയത്തെ ഇങ്ങനെ പല രൂപഭാവങ്ങളില്‍ ചരിത്രത്തില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയും.

അംബേദ്കര്‍ എന്ന വിളിപ്പേര് കൊണ്ട് ലോകം തിരിച്ചറിയുന്ന ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയെ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് കൊണ്ട് മാത്രം വായിക്കപ്പെടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യു പി മുഖ്യന്‍ യോഗി ആദിത്യനാഥ്. 1990ല്‍ വി പി സിംഗ് ഭരണ കാലഘട്ടത്തില്‍ നല്‍കിയ ഭാരതരത്‌നയിലും 1991ല്‍ ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കിയ തപാല്‍ മുദ്രയിലും വളരെ വ്യക്തമായി ഡോ. ഭീംറാവു റാംജി അംബേദ്കര്‍ എന്ന് കുറിച്ച് വെച്ചത് കാണാം. ഗാന്ധിജി ഉള്‍പ്പെടെ നിരവധി രാഷ്ട്ര നേതാക്കളെ ചുരുക്കപ്പേരുകൊണ്ടോ ഓമനപ്പേര് കൊണ്ടോ വിളിക്കുന്ന ശീലം ഇന്ത്യക്കാരുടെ ഇടയില്‍ വ്യാപകമാണല്ലോ. അതൊരു സര്‍വലോക ശീലമാണെന്നതാണ് ശരി. ഇവിടെ എന്തുകൊണ്ട് അംബേദ്കറുടെ കാര്യത്തില്‍ മാത്രം ഇപ്പോള്‍ എടുത്തു ചാടി ചില തീരുമാനങ്ങള്‍?

രാഷ്ട്രീയ കേന്ദ്രങ്ങള്‍ പലവിധ വ്യാഖ്യാനങ്ങളാണ് നല്‍കുന്നത്. ബാബാ സാഹബ് എന്ന വിളിപ്പേരില്‍ അംബേദ്കര്‍ അറിയപ്പെടുന്നതില്‍ ആര്‍ക്കാണ് ചേതം എന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി ചോദിക്കുന്നു. ബെഹന്‍ജി എന്ന വിളിപ്പേരില്‍ എന്നെ രാജ്യം തിരിച്ചറിയുന്നതിലും ബാപ്പുജി എന്ന ഓമനപ്പേരില്‍ ഗാന്ധിയെ വിളിക്കുന്നതിലും വൈമനസ്യം പ്രകടിപ്പിക്കുന്നവര്‍ തന്നെയാണ് ബാബാ സാഹബ് എന്ന പേരിനെ അരോചകമായി വായിക്കുന്നതും.

ഹൈന്ദവതയുടെ അതിര്‍ത്തിക്കപ്പുറം കുടിയിരിക്കാന്‍ മോഹിച്ച ദളിത് സമൂഹത്തെ നിരന്തര മസ്തിഷ്‌ക തലോടലുകളിലൂടെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും ഹിന്ദു സംസ്‌കാരത്തില്‍ തന്നെ തളച്ചിടാന്‍ കഴിഞ്ഞതാണ് സംഘ്പരിവാറിന്റെ ഏറ്റവും വലിയ വിജയം. തീര്‍ത്തും വിരുദ്ധ ചേരിയിലൂടെ സഞ്ചരിക്കുന്ന അംബേദ്കര്‍ സിദ്ധാന്തങ്ങളെയും ഹിന്ദുത്വ ദര്‍ശനങ്ങളെയും ഒരുമിച്ചു പുല്‍കുന്ന വിരോധാഭാസം ഉത്തരേന്ത്യയില്‍ സാധാരണമാണ്. ദളിത് ബൗദ്ധിക മേഖലയില്‍ നിന്നും അടുത്ത കാലത്തായി നടക്കുന്ന സൈദ്ധാന്തിക പ്രസരണങ്ങള്‍ അപകടം വിതക്കുമോ എന്ന് ബി ജെ പി ഇപ്പോള്‍ ഭയക്കുന്നു. ദളിത് വിമോചകനായ അംബേദ്കര്‍ കുടിയിരിക്കുന്ന മനസ്സുകളില്‍ ഫാസിസ്റ്റ് ബുദ്ധി കേന്ദ്രങ്ങള്‍ രൂപപ്പെടുത്തിയ രാമനും ഇടം കണ്ടെത്തല്‍ അനിവാര്യമാണെന്ന് സംഘ്പരിവാര്‍ ചിന്തകള്‍ക്ക് തോന്നിയതിന്റെ ഫലമാണ് ബാബാ സാഹിബിന്റെ പേരിലെ റാംജിയെ ഒന്ന് കൂടെ ബലപ്പെടുത്തികൊണ്ടുള്ള പുതിയ ഉത്തരവ്. ജയ് ഭീം റാംജിയും ഹരേ രാമയും ഒരുമിച്ചു മുഴക്കി പാവം ദളിതരെ വോട്ട് ബേങ്കാക്കി നില നിറുത്താനുള്ള ഗൂഢതന്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പ്.

ജാതി കൊടും ക്രൂരതകള്‍ സമ്മാനിച്ചിരുന്ന 19-ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ മഹാരാഷ്ട്രയിലെ ഏറ്റവും താഴ്ന്ന ജനവിഭാഗമായ മഹര്‍ സമുദായത്തിലാണ് അംബേദ്കര്‍ ജനിച്ചത്. പഠന കാലം മുതലേ ജാതീയതയുടെ അതി രൂക്ഷമായ ആക്രമണങ്ങള്‍ക്ക് അദ്ദേഹം വിധേയനായി. സ്‌കൂളിലും കോളജിലും ജോലി സ്ഥലത്തുമെല്ലാം അപമാനങ്ങള്‍ ഏറെ സഹിച്ചു കൊണ്ടാണ് ഉന്നത പടവുകളിലേക്കു അദ്ദേഹം കയറിയെത്തിയത്. സവര്‍ണ വ്യവസ്ഥിതിയെ രൂക്ഷമായി എതിര്‍ക്കുമ്പോഴും സവര്‍ണരായ മനുഷ്യരോട് മാനവികമായ എല്ലാ ആദരവുകളും പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. അംബേദ്കര്‍ എന്ന ബ്രാഹ്മണനായ തന്റെ ഗുരുവിന്റെ പേര് യാതൊരു വൈമനസ്യവും ഇല്ലാതെ അഭിമാനത്തോടെ തന്റെ പേരായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രതികൂല സാഹചര്യങ്ങളോട് പോരാടി അത്യുന്നതമായ വൈജ്ഞാനിക ലോകങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൊളമ്പിയ യൂനിവേഴ്‌സിറ്റിയിലും ലണ്ടന്‍ എക്കണോമിക് സ്‌കൂളിലും ഉന്നത പഠനം നിര്‍വഹിച്ച അദ്ദേഹം രണ്ടു ഹോണററി ഉള്‍പ്പെടെ നാല് ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കി.

ഈ ലൈഫ് കരിയറുകള്‍ക്കപ്പുറം ഇന്ത്യന്‍ രാഷ്ട്രീയസാമൂഹിക മേഖലകളില്‍ അംബേദ്കറുടെ സ്ഥാനവും ഇടപെടലുകളും എന്തായിരുന്നു? ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ പേരില്‍ ഒരിക്കല്‍ പോലും ജയിലില്‍ പോകാത്ത, വൈസ്രോയി കൗണ്‍സിലില്‍ ലേബര്‍ അംഗമായി “ബ്രിട്ടീഷ് സേവ നടത്തിയ” കോണ്‍ഗ്രസ് നിസ്സഹകരിച്ച വട്ടമേശാ സമ്മേളനത്തില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുത്ത അബേദ്കര്‍ എന്ത് കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നു?

അത്ഭുതപ്പെടുത്തുന്ന ദീര്‍ഘവീക്ഷണമായിരുന്നു അംബേദ്കര്‍ പുലര്‍ത്തിയിരുന്നത്. സ്വാതന്ത്ര്യ സമര വേളകളില്‍ അദ്ദേഹം തിരിച്ചറിഞ്ഞ ചില സത്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ പതിറ്റാണ്ടുകള്‍ ചിലതു കാത്തിരിക്കേണ്ടിവന്നു നമുക്ക്. ബ്രിട്ടീഷ് സാമ്രാജ്യത്ത്വ ശക്തികളേക്കാള്‍ ഭീകരമായി രാജ്യ സംസ്‌കൃതിയെ നശിപ്പിക്കാന്‍ പാകത്തില്‍ മൂപ്പെത്തിയ സവര്‍ണ ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിയാന്‍ ദേശീയ നേതാക്കള്‍ ഒന്നടങ്കം പരാജയപ്പെട്ടു. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും വരെ അനുവദിച്ചു കിട്ടിയ പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ ദളിത് വിഭാഗങ്ങള്‍ക്ക് കൂടെ അനുവദിച്ചു കിട്ടുന്നതിന് എല്ലാ സാഹചര്യങ്ങളും അനുകൂലമായി സ്വരുക്കൂട്ടിയ, അംബേദ്കര്‍ സ്വപ്‌നങ്ങളെ തല്ലിയൊതുക്കാന്‍ മുഴുവന്‍ ദേശീയ നേതാക്കളും അന്ന് ഒന്നിച്ചണിനിരന്നു. ദളിതുകള്‍ അന്ന് അസ്തിത്വം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇന്ന് കാണും വിധമുള്ള ഏതെകിലും ദളിത് പീഡന വാര്‍ത്തകള്‍ കേട്ട് നമുക്ക് ഞെട്ടല്‍ രേഖപ്പെടുത്തേണ്ടതുണ്ടാകുമായിരുന്നില്ല. ജാതീയത വലിയൊരളവില്‍ അസ്തമിക്കുമായിരുന്നു. ഹൈന്ദവ അതിര്‍ത്തിക്കപ്പുറത്തേക്കു ദളിതുകള്‍ യാത്ര ചെയ്യുന്നതോടെ വര്‍ഗീയ പ്രശ്‌നങ്ങളിലും വലിയൊരു പരിഹാരം സംഭവിക്കുമായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വൈകാരിക പ്രതികരണങ്ങള്‍ ഹിന്ദു മനസ്സുകളില്‍ ഉണര്‍ത്തിയ മതവികാരം തുടര്‍ന്നുള്ള നാളുകളിലും മതാത്മക ചിന്തകള്‍ തീവ്രരൂപേണ നിലകൊള്ളാന്‍ കാരണമായി എന്നത് അനിഷേധ്യ വസ്തുത തന്നെയാണ്.
കുതിരപ്പുറത്തു യാത്ര ചെയ്തതിനാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഭാവ്‌ന നഗറില്‍ 21 വയസ്സുള്ള ദളിത് യുവാവിനെ സവര്‍ണര്‍ അരിഞ്ഞു വീഴ്ത്തിയത്. സവര്‍ണ വിഭാഗത്തില്‍ പെട്ട അധ്യാപകന്‍ കുടിക്കാന്‍ വെച്ച പാന പാത്രത്തില്‍ നിന്നും വെള്ളം കുടിച്ച കാരണത്താല്‍ 11 ദളിത് വിദ്യാര്‍ഥികളെ രാജസ്ഥാനിലെ സ്‌കൂളില്‍ നിന്നു പുറത്താക്കിയത് കഴിഞ്ഞ വര്‍ഷങ്ങളിലായിരുന്നു. ഇടക്കാലത്തു ബിഹാര്‍ മുഖ്യമന്ത്രിയായി വന്ന ജിതിന്‍ റാം മഞ്ജി പാറ്റ്‌നയിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചത് മൂലം അവിടെ ശുദ്ധി കലശം നടത്തിയ സംഭവം ആധുനിക ഭാരതത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ ആഴം ദ്യോതിപ്പിക്കുന്നു.

1968ല്‍ കീല്‍വാന്‍ മണി എന്ന സ്ഥലത്ത് 44 ദളിത് സ്ത്രീകളെയും കുട്ടികളെയുമാണ് ചുട്ടു കൊന്നത്. 1996 ല്‍ ബതാനിത്തോലയില്‍ 21 ദളിതുകളെയാണു കൊല കത്തിക്ക് ഇരയാക്കിയത്. 1985 ല്‍ ആന്ധ്രാപ്രദേശിലെ കരാം ചെദുവിലും 1997 ല്‍ ലക്ഷ്മണ്‍ പൂരിലും നൂറുകണക്കിന് ദളിതുകളാണ് സവര്‍ണ വെറിക്ക് ഇരയായത്. എണ്ണിയാലൊടുങ്ങാത്ത ആ പട്ടിക മിയാന്‍പൂരിന്റെയും നഗരി ബസാറിന്റെയും ശങ്കര്‍ ബിഗായുടെയും രൂപത്തില്‍ നീണ്ടു പോകുന്നു.

ഇതെല്ലാം ദീര്‍ഘദര്‍ശനം കണ്ടു കൊണ്ടായിരുന്നു അംബേദ്കര്‍ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പോ ദളിതുകളുടെ അസ്തിത്വ ബോധത്തെ കുറിച്ചു സംസാരിച്ചത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനമല്ല അവരുടെ രാഷ്ട്രീയ പിന്തുണ മാത്രമാണ് തങ്ങളുടെ ആവശ്യം എന്ന് ബോധ്യപ്പെട്ട ഇന്ത്യന്‍ ദേശീയ നേതൃത്വം ഒരുമിച്ചു നിന്ന് കൊണ്ട് അംബേദ്കര്‍ ആശയങ്ങളെ ദേശീയ ബോധത്തെ മറയാക്കി പ്രതിരോധിച്ചു.

പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഇപ്പോള്‍ ഓടിനടന്നു അംബേദ്കര്‍ മാഹാത്മ്യം വിളമ്പുന്നത് കാണുമ്പോള്‍ ചരിത്രബോധമുള്ളവര്‍ ഉള്ളില്‍ ഊറിയൂറി ചിരിക്കുകയാണ്. കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും സംഘ്പരിവാര്‍ കുടുംബത്തിനു ഏറെ വേണ്ടപ്പെട്ടവനായിരുന്നല്ലോ വല്ലഭായിപട്ടേല്‍. ഭരണഘടനാ നിര്‍മാണ അസ്സംബ്ലിയിലേക്കു അംബേദ്കര്‍ എത്തിപ്പെടാതിരിക്കാന്‍ സവര്‍ണ പക്ഷത്തു നിന്നും എന്തെല്ലാം നീക്കങ്ങള്‍ നടന്നു? പട്ടേല്‍ തന്നെ അതിനു ചുക്കാന്‍ പിടിച്ചു. മുംബെയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ച അംബേദ്കറെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സവര്‍ണ പക്ഷത്തു നിന്നു എല്ലാവരും ഒന്നിച്ചണിനിരന്നു. അവസാനം ബംഗാളിലെ ജൈസൂറില്‍ നിന്നും വിജയിച്ചപ്പോള്‍ ഇന്ത്യാ പാക് വിഭജന പ്രക്രിയയില്‍ ജൈസൂറിന്റെ അവകാശം പാക്കിസ്ഥാന് നല്‍കി ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്കുള്ള അംബേദ്കറുടെ തിരഞ്ഞെടുപ്പിനെ അസാധുവാക്കി. അംബേദ്കറില്ലാതെ ഭരണഘടന നിര്‍മിക്കല്‍ അസാധ്യമെന്നു തിരിച്ചറിവ് ലഭിച്ചപ്പോഴാണ് ബോംബെ മണ്ഡലത്തില്‍ നിന്നു അദ്ദേഹം റീ ഇലക്റ്റ് ചെയ്തു സമിതിയിലെത്തുന്നത്.

പരിമിതമെങ്കിലും സംവരണത്തിലൂടെയും മറ്റും ഇന്ന് പിന്നാക്ക ന്യൂന പക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അംബേദ്കറുടെ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്. അദ്ദേഹം അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ല് ആയിരുന്നു ഹൈന്ദവ സമൂഹത്തിനിടയില്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വിപ്ലവാത്മകമായ സാമൂഹിക നവക്രമങ്ങള്‍ക്കു തുടക്കമിട്ടത്.

അംബേദ്കര്‍ എന്ന വ്യക്തി ആദരിക്കപ്പെടുകയും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും ആശയങ്ങളും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന വിരോധാഭാസം രാജ്യവ്യാപകമാകുന്ന ദുരന്ത കാഴ്ചകള്‍ ഇന്ന് വാര്‍ത്തയേ അല്ല. ദളിത്പിന്നാക്ക വിഭാഗങ്ങളെ അടിച്ചൊതുക്കുന്നതിനു വേണ്ടി മാത്രം ബിഹാറില്‍ രൂപം കൊടുത്ത രണ്‍ബീര്‍ സേന നാല് വര്‍ഷം കൊണ്ട് 164 ദളിതരെയാണ് കൊന്നുതള്ളിയത്. ബി ജെ പി അധികാരത്തിലിരുന്ന നാല് വര്‍ഷം ഉത്തരേന്ത്യയില്‍ നടന്ന ദളിത് പീഡങ്ങള്‍ക്കു യാതൊരു വിധ കണക്കുകളുമില്ല.

ഓരോ 16 മിനുട്ടിലും ഒരു ദളിതന്‍ വീതം ഇന്ത്യാ രാജ്യത്തു അക്രമത്തിനിരയാകുന്നു എന്നതാണ് ഏറ്റവും പുതിയ കണക്ക്. ഒരാഴ്ചയില്‍ 12 ദളിതര്‍ ജാതിയുടെ പേരില്‍ കൊലചെയ്യപ്പെടുന്നു. ആയിരത്തിനടുത്തു ദളിതുകള്‍ ഓരോ വര്‍ഷവും ജാതീയതയുടെ പേരില്‍ നിസ്സഹായരായി മരണത്തിനു കീഴടങ്ങുന്നു. അധികാര കേന്ദ്രങ്ങളാല്‍ അംബേദ്കര്‍ ആദരിക്കപ്പെടുന്ന ദളിത് സംരക്ഷിത ഭാരതത്തിന്റെ വര്‍ത്തമാന കാല വിശേഷങ്ങളാണിത്. കെട്ടിപ്പൊക്കുന്ന വര്‍ണാഭമായ കൊട്ടാരങ്ങളില്‍ അംബേദ്കറെ തളച്ചിടാനുള്ള ശ്രമങ്ങള്‍ വലിയൊരളവില്‍ വിജയം കാണുന്നു എന്നതാണ് നേര്. അംബേദ്കര്‍ എന്ന പേരിനെ ആഘോഷമാക്കുകയും വ്യക്തിത്വത്തെ കുഴിച്ചു മൂടുകയും ചെയ്യുന്ന ഫാസിസ്റ്റ് കുബുദ്ധി പക്ഷേ, തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കു കഴിയുന്നില്ല എന്നതാണ് വലിയ സങ്കടം.

---- facebook comment plugin here -----

Latest