ദുബൈയില്‍ കുപ്പത്തൊട്ടികളും ഇനി സ്മാര്‍ടാകും

  • കുപ്പത്തൊട്ടികളുടെ പ്രവര്‍ത്തനം സൗരോര്‍ജത്തില്‍ മാലിന്യം നിറയുമ്പോള്‍
  • നഗരസഭയിലേക്ക് സന്ദേശമെത്തും
  • 85 ലിറ്റര്‍ മാലിന്യം ഉള്‍കൊള്ളും
Posted on: April 9, 2018 10:11 pm | Last updated: April 9, 2018 at 10:11 pm

ദുബൈ: ശൈഖ് സായിദ് റോഡില്‍ വ്യാപകമായി പരിസ്ഥിതി സൗഹൃദ മാലിന്യ നിക്ഷേപ കണ്ടയ്‌നറുകള്‍ സ്ഥാപിച്ചു. സഫ, ഫൈനാന്‍ഷ്യല്‍ സെന്റര്‍ പാതകളില്‍ അടക്കം ദുബൈ വേള്‍ഡ്‌ട്രേഡ് സെന്റര്‍ മുതല്‍ ഒന്നാം ഇന്റര്‍ചേഞ്ച് വരെ നൂറ് കുപ്പത്തൊട്ടികളാണ് സ്ഥാപിച്ചതെന്ന് ദുബൈ നഗരസഭാ മാലിന്യ നിര്‍മാര്‍ജന വിഭാഗം മേധാവി എന്‍ജി. അബ്ദുല്‍ മജീദ് സൈഫി പറഞ്ഞു.

ദുബൈയില്‍ സുസ്ഥിര ഗുണമേന്മാ ജീവിതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ശുചീകരണത്തിന് രാജ്യാന്തര നിലവാരം പുലര്‍ത്താന്‍ സുസ്ഥിരകുപ്പത്തൊട്ടികള്‍ വഴിയൊരുക്കും. സൗരോര്‍ജത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. മാലിന്യം നിറയുമ്പോള്‍ കുപ്പത്തൊട്ടിയിലെ ഇലക്ട്രോണിക് സാമഗ്രിയില്‍ നിന്ന് നഗരസഭയിലേക്ക് സന്ദേശം എത്തും. അപ്പോള്‍ മാലിന്യം നീക്കം ചെയ്യാന്‍ ശുചീകരണ തൊഴിലാളികളെ അയക്കാം.
പൊതുമാലിന്യങ്ങള്‍ക്കും പുനരുപയോഗ മാലിന്യങ്ങള്‍ക്കും വെവ്വേറെ തൊട്ടിയുണ്ട്. ലോകത്തിലെ ഏറ്റവും സ്മാര്‍ട് നഗരമാകാനുള്ള പ്രയാണത്തില്‍ സുസ്ഥിര കുപ്പത്തൊട്ടി അലങ്കാരമായിരിക്കും.

മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കും. 85 ലിറ്റര്‍ മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളും. കുപ്പത്തൊട്ടിക്കു പുറത്തു ബോധവത്കരണ സന്ദേശങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുമെന്നും മജീദ് സൈഫി വ്യക്തമാക്കി.