സിറിയന്‍ സൈനിക വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം;നിരവധി പേര്‍ കൊല്ലപ്പെട്ടു

  • ആക്രമണത്തിന് പിന്നില്‍ ആരാണെന്ന ആശയക്കുഴപ്പം തുടരുന്നു
  • അമേരിക്കയെ സംശയിക്കുന്നുവെന്ന സനയുടെ റിപ്പോര്‍ട്ട് പിന്നീട് തിരുത്തി
Posted on: April 9, 2018 10:40 am | Last updated: April 9, 2018 at 11:38 pm

ദമസ്‌കസ്: സിറിയയിലെ സൈനിക വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനിടയുണ്ട്. രാജ്യത്തെ ഔദ്യോഗിക മാധ്യമമായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോംസ് നഗരത്തിന് സമീപം തായ്ഫുര്‍ വിമാനത്താവളത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി സന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.

സിറിയയില വിമത ശക്തി കേന്ദ്രമായ ദൗമയില്‍ കഴിഞ്ഞ ദിവസം 70 പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിന് പിന്നാലെയാണ് സിറിയന്‍ സൈനിക വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

ദൗമയിലെ രാസായുധ പ്രയോഗം ആഗോളതലത്തില്‍ അപലപിക്കപ്പെട്ടിരുന്നു. സിറിയന്‍ സര്‍ക്കാര്‍ സേനയാണ് രാസായുധ പ്രയോഗം നടത്തിയതെന്ന ആരോപണമുയര്‍ന്നിരുന്നുവെങ്കിലും സിറിയ ഇക്കാര്യം നിഷേധിച്ചിരുന്നു.

രാസായുധ പ്രയോഗത്തിന് പിന്നാലെ സിറിയന്‍ പ്രസിഡന്റ് അസദിനെ മ്യഗമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. രാസായുധ പ്രയോഗത്തിന് സിറിയന്‍ സഖ്യ കക്ഷികളായ റഷ്യയും ഇറാനും വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടന്ന മിസൈല്‍ ആക്രമണത്തിന് പിറകില്‍ തങ്ങളല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിറകില്‍ അമേരിക്കയാണെന്ന് സംശയിക്കുന്നതായി സന റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പിന്നീട് അമേരിക്കയുടെ പേര് പിന്‍വലിച്ചു.

വിമത നിയന്ത്രണത്തിലുള്ള ഖാന്‍ ഷേക്ക്‌ഹോന്‍ പട്ടണത്തിലെ നിരവധി കേന്ദ്രങ്ങളില്‍ രാസായുധം പ്രയോഗിച്ചതിന് 2017 ഏപ്രിലില്‍ അമേരിക്ക സിറിയയുടെ ഷേരാത് വ്യോമ കേന്ദ്രത്തില്‍ 59 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചിരുന്നു.

ആക്രമിച്ചത് ഇസ്‌റാഈലെന്ന്
റഷ്യയും സിറിയയും

ദമസ്‌കസ്: സിറിയയിലെ സൈനിക വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദി ഇസ്‌റാഈലാണെന്ന് സിറിയയും റഷ്യയും. ലബനീസ് വ്യോമ മേഖല ഉപയോഗിച്ച് രണ്ട് ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ തയ്യാറായില്ല. എഫ് 15 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയും വ്യക്തമാക്കി. പാല്‍മിറയില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറാണ് ആക്രമിക്കപ്പെട്ട ടി -4 വ്യോമത്താവളം സ്ഥിതി ചെയ്യുന്നത്.

സിറിയയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ ജെറ്റ് വിമാനങ്ങളുടെ ശബ്ദം കേട്ടുവെന്നും ഇസ്‌റാഈലാണ് ആക്രമണത്തിന് പിന്നിലെന്നും ചില ലബനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല. സിറിയക്കകത്തെ ഇറാനിയന്‍ സങ്കേതങ്ങള്‍ തകര്‍ക്കാനെന്ന് പറഞ്ഞ് ഇസ്‌റാഈല്‍ നേരത്തെ വ്യോമാക്രമണം നടത്തിയിരുന്നു. ഫെബ്രുവരി 10ന് ടി -4 വ്യോമാത്തവളത്തിനോട് ചേര്‍ന്ന ആയുധപ്പുരക്ക് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ഈ വ്യോമത്താവളം ഇറാന്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു.

ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്കയും ഫ്രാന്‍സും മറ്റ് യു എസ് സഖ്യകക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ദൗമയില്‍ വിമതര്‍ക്ക് നേരെയുള്ള നടപടി സൈന്യം ശക്തമാക്കിയിരിക്കുകയാണ്. നേരത്തേ വിമതര്‍ ബന്ദിയാക്കിയ ഒരു സംഘത്തെ ഇന്നലെ മോചിപ്പിച്ചു. 2013 മുതല്‍ ഇവര്‍ വിമതരുടെ കേന്ദ്രത്തില്‍ തടവിലായിരുന്നു. വിമതരുടെ സമ്മതത്തോടെയായിരുന്നു മോചനം. പകരം ദൗമ വിടാന്‍ വിമതര്‍ക്കും അവരോട് അനുഭാവമുള്ള സിവിലിയന്‍മാര്‍ക്കും അനുമതി നല്‍കും.