Connect with us

Kerala

ദളിത് ഹര്‍ത്താലിനോട് 'അയിത്തം' പ്രഖ്യാപിച്ച് കെ എസ് ആര്‍ ടി സിയും വ്യാപാരികളും

Published

|

Last Updated

കോഴിക്കോട്: ദളിത് സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് കെ എസ് ആര്‍ ടി സിക്കും സ്വകാര്യ ബസ് ഉടമകള്‍ക്കും വ്യാപാരികള്‍ക്കും അയിത്തമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശം. കേരളത്തിലെ മറ്റ് ചെറുകിട സംഘടനകള്‍ പോലും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലിനോട് സഹകരിക്കുന്ന ഈ മൂന്ന് വിഭാഗങ്ങളും ഇന്നത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടാണ് വിമര്‍ശിക്കപ്പെടുന്നത്.

അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ പേരില്‍ വ്യാപകമായി വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഹര്‍ത്താലില്‍ വ്യാപകമായ അക്രമത്തിന് ചില നേതാക്കളും സംഘടനകളും ആഹ്വാനം ചെയ്‌തെന്നും ഹര്‍ത്താലിന് പിന്നില്‍ മാവോയിസ്റ്റ് സ്വാധീനമുണ്ടെന്നുമുള്ള തരത്തിലാണ് പ്രചാരണങ്ങള്‍. എന്നാല്‍ ഇത് സമാധാനപരമായ ഹര്‍ത്താലിനെ പരാജയപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണെന്ന് ദളിത് സംഘടനാ നേതാക്കള്‍ പ്രതികരിച്ചു. ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കിയത് ദളിത് വിഷയങ്ങളോട് ഭരണതലത്തിലുള്ള സമീപനത്തിന്റെ തെളിവാണെന്ന് ദളിത് സംഘടനകളുടെ നിലപാട്. ഇന്ന് സര്‍വീസുകള്‍ നടത്തുമെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കിയിട്ടുണ്ട്. പതിവുപോലെ ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി. എം ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്.

ഇന്ന് സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ദളിത് ഹര്‍ത്താല്‍ തള്ളിക്കളയാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും നിലപാടുകള്‍ അപലപനീയമാണെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍ പ്രതികരിച്ചു.

അതേസമയം എന്‍ ഡി എ ഘടകകക്ഷിയായ സി കെ ജാനുവും പാര്‍ട്ടിയും വിഷയത്തില്‍ വ്യക്തമായ നിലപാട് എടുക്കാത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്.