കണ്ണൂര്‍ മെഡി. കോളജ് വിദ്യാര്‍ഥികള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

  • സിംഗിള്‍ ബഞ്ച് നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷന്‍ബഞ്ചിനെ സമീപിക്കുന്നത്
  • തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വിധിയെന്ന് വിദ്യാര്‍ഥികള്‍
Posted on: April 7, 2018 6:13 am | Last updated: April 7, 2018 at 12:18 am

ചക്കരക്കല്‍ (കണ്ണൂര്‍): കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്. 2016-17 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് റദ്ദ് ചെയ്ത സിംഗിള്‍ ബഞ്ച് നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുന്നത്.

വ്യാഴാഴ്ചയായിരുന്നു 150 വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്നത്. ഓര്‍ഡിനന്‍സിലൂടെ മെഡിക്കല്‍ പ്രവേശനം സാധൂകരിച്ച സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി പ്രസ്താവം. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധിയെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാറിനെയും മാനേജ്മന്റിനെയും പ്രതി ചേര്‍ത്താണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേസ് ഫയല്‍ ചെയ്തതെങ്കിലും വിദ്യാര്‍ഥികളുടെ വാദം പൂണമായും കേട്ടില്ല. ഇതിനുള്ള അവസരം തേടി തിങ്കളാഴ്ച സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ ഹരജി സമര്‍പ്പിക്കുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികളുടെ പ്രവേശന കാര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. നേരത്തെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് പറഞ്ഞ് ജെയിംസ് കമ്മിറ്റി കണ്ടെത്തിയ അതേ ന്യൂനത ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 118 വിദ്യാര്‍ഥികള്‍ക്കായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ പ്രവേശനം നല്‍കിയിരുന്നത്. എന്‍ ആര്‍ ഐ സീറ്റില്‍ പ്രവേശനം നേടിയ 19 പേരുടെ പ്രവേശന കാര്യത്തില്‍ അപ്പോഴും തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി മുഴുവന്‍ പേരെയും കോളജില്‍ നിന്നും പുറത്താക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ഥികള്‍ ഇവിടെ പ്രവേശനം നേടിയത്.

തുടക്കത്തിലുണ്ടായ അനിശ്ചിതത്വം ഇവരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ മാനേജ്മന്റ് പരിപൂര്‍ണ ഉറപ്പ് നല്‍കുകയായിരുന്നുവെന്നും ഈ പ്രതീക്ഷയിലായിരുന്നു പഠനം തുടരാന്‍ പ്രേരിപ്പിച്ചതെന്നും മാനേജ്മന്റ് അസോസിയേഷന്‍ സെക്രട്ടറി മോഹനന്‍ കോട്ടൂര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഏതു രീതിയില്‍ പഠനം നടത്തുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

അടുത്ത വര്‍ഷം നീറ്റ് പരീക്ഷ എഴുതണമോയെന്ന കാര്യം ഉള്‍പ്പെടെ ആരായുന്നത്തിനും വിദ്യാര്‍ഥികളുടെ ആശങ്ക പങ്കുവെക്കുന്നതിനും ഇന്ന് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അതെ സമയം, കോടതി വിധിയെ കുറിച്ച് പ്രതികരിക്കാന്‍ മാനേജ്മന്റ് അധികൃതര്‍ തയ്യാറായില്ല. നിരവധി രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇന്നലെ കോളജില്‍ എത്തിയെങ്കിലും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരും സ്ഥലത്തില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.