Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ലിമെന്റില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്‌മെന്റിന്റെ കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചതിനാലാണ് കോണ്‍ഗ്രസ് നീക്കം പിന്‍വലിച്ചതെന്നാണ് സൂചന.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിവരികയായിരുന്നു. ഇതിനായി ഇടത് പാര്‍ട്ടികളുടേതടക്കം അമ്പതോളം പ്രതിപക്ഷ എംപിമാരുടെ ഒപ്പുശേഖരിക്കുകയും ചെയ്തിരുന്നു. എസ് പി, ബി എസ് പി, എന്‍ സി പി, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികള്‍ നേരത്തെ കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ അനുകൂലിച്ചിരുന്നുവെങ്കിലും പിന്നീട് എസ് പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇംപീച്ച്‌മെന്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ഇംപീച്ച്‌മെന്റ് വേണ്ടെന്ന നിലപാടാണുള്ളത്. ഡി എം കെയും പിന്മാറുന്നതായി എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.

Latest