ഇരുചക്ര വാഹനങ്ങളില്‍ മുഴുസമയ ഹെഡ്‌ലൈറ്റ്: അപകടങ്ങള്‍ കുറഞ്ഞെന്ന് ദേശീയ റിപ്പോര്‍ട്ട്

Posted on: April 7, 2018 6:26 am | Last updated: April 6, 2018 at 11:32 pm

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ മുഴുവന്‍ സമയ ഹെഡ്‌ലൈറ്റ് സംവിധാനം പുതുതായി ഏര്‍പ്പെടുത്തിയ ശേഷം രാജ്യത്ത് റോഡപകടങ്ങള്‍ കുറഞ്ഞെന്ന് ദേശീയ റിപ്പോര്‍ട്ട്. ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

ഒരുവര്‍ഷം മുമ്പാണ് ഈ സംവിധാനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ഇരുചക്ര വാഹനങ്ങളില്‍ ഹെഡ്‌ലൈറ്റിന് സ്വിച്ച് ഇല്ലാതെ വേണം നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കാന്‍ എന്നും ഡിം ബ്രൈറ്റ് സ്വിച്ച് ആകാമെന്നുമാണ് വാഹന നിര്‍മാതാക്കളോട് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പാള്‍ മുതല്‍ ഓഫ് ചെയ്യുന്നത് വരെ കത്തിക്കിടക്കുന്ന ലൈറ്റുകള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യാപകമായി മൂടല്‍മഞ്ഞുള്ള വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളിലെ റോഡപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് ആദ്യം നടപ്പാക്കിയതെങ്കിലും പിന്നീട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നിര്‍ദേശം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും കേന്ദ്ര റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ വാഹന നിര്‍മാതാക്കള്‍ ഇത്തരത്തില്‍ വാഹനം നിര്‍മിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.