ദേശീയ പാത സ്ഥലമെടുപ്പ്: അനാവശ്യ സംഘര്‍ഷം ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന്‍

Posted on: April 7, 2018 6:22 am | Last updated: April 6, 2018 at 11:27 pm

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത 66ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ സംഘര്‍ഷം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഭൂവുടമകള്‍ക്കുള്ള ആശങ്കകള്‍ സംബന്ധിച്ച് നിയമസഭയില്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എയുടെ അടിയന്തര പ്രമേയത്തിന് നല്‍കിയ ഉറപ്പനുസരിച്ച് ഈമാസം 11ന് തിരുവനന്തപുരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. കെ ടി ജലീല്‍, എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഈ സാഹചര്യത്തിലും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തും ദേശീയപാതയില്‍ തീ കത്തിച്ചും എന്താണ് കലാപകാരികള്‍ അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ ചോദിക്കുകയാണെന്നും നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആക്രമണകാരികള്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ നിയമസഭയും സര്‍ക്കാറും ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്രകോപനങ്ങളിലും പെടരുതെന്നാണ് അഭ്യന്തരവകുപ്പ് പോലീസിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. ഈ സമീപനം ദൗര്‍ബല്യമായിട്ട് ആരും കാണരുതെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കലാപകാരികളെ ഒറ്റപ്പെടുത്താനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. നിയമാനുസൃത നടപടികളാണ് എടുക്കേണ്ടത്. ആക്രമണങ്ങള്‍ കൊണ്ട് സമരങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതല്ല ഇടതുപക്ഷ സര്‍ക്കാറിന്റെ നയം. ഇത് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.