എണ്ണക്കൊയ്ത്ത്

Posted on: April 6, 2018 6:00 am | Last updated: April 6, 2018 at 12:00 am

രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും മിതമായ നിരക്കില്‍ ഒരുക്കിക്കൊടുക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഭരണാധികാരികള്‍. എന്നാല്‍, കുത്തക കമ്പനികള്‍ക്കൊപ്പം ചേര്‍ന്ന് ഭരണാധികാരികള്‍ തന്നെ ജനങ്ങളെ വഴിയില്‍ പിടിച്ചുനിര്‍ത്തി കൊള്ളയടിക്കുന്ന ദയനീയ കാഴ്ചയാണ് നിരന്തരമായ ഇന്ധന വില വര്‍ധനയില്‍ കാണുന്നത്. ഇതര രാജ്യങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന ഇന്ധനത്തിന് ഇവിടെ അധിക വില നല്‍കേണ്ടി വരികയും ഈ പകല്‍ക്കൊള്ളയെ ബാലിശമായ കാരണങ്ങള്‍ നിരത്തി ന്യായീകരിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ സഹിക്കേണ്ടി വരികയുമാണ് ജനങ്ങള്‍. ഇന്ധന വില വര്‍ധിപ്പിക്കുന്നത് രാജ്യത്ത് കക്കൂസ് നിര്‍മിക്കാനാണെന്ന് വരെ ന്യായീകരിക്കുന്ന ഐ എ എസുകാരനായ കേന്ദ്രമന്ത്രിയുള്ള നാടാണ് നമ്മുടേത്.

പതിദിനം നിരക്ക് നിശ്ചയിക്കുന്നത് തുടര്‍ന്നാല്‍ പെട്രോള്‍ ലിറ്ററിനു വൈകാതെ 100 കടക്കുമെന്നാണ് അനുമാനം. ഡീസല്‍, പെട്രോള്‍ വിലകള്‍ തമ്മിലെ അന്തരം 10 രൂപയില്‍ താഴെയായി. കേരളത്തില്‍ ഡീസല്‍വില ലിറ്ററിനു 66 രൂപക്കു മുകളിലാണ്. ഡീസല്‍വില കുതിച്ചുയര്‍ന്നത് സകലമേഖലകളിലും വിലക്കയറ്റത്തിനിടയാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 175 ഡോളര്‍ വരെ ഉയര്‍ന്ന സമയത്ത് പോലും ഈടാക്കാത്ത വിലയാണ് നിലവില്‍ ക്രൂഡ്ഓയിലിന് 70 ഡോളറില്‍ താഴെ നില്‍ക്കുമ്പോള്‍ ഈടാക്കി വരുന്നത്. ഇന്ത്യയേക്കാള്‍ ജീവിത നിലവാരവും സാമ്പത്തിക ശേഷിയും കുറഞ്ഞ രാജ്യങ്ങളും, ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങി വിതരണം ചെയ്യുന്ന രാജ്യങ്ങളും ഇന്ത്യന്‍ വിലയുടെ പകുതിയാണ് ഇന്ധനത്തിന് ഈടാക്കുന്നതെന്ന യാഥാര്‍ഥ്യം അറിയുമ്പോഴാണ് ഭരണാധികാരികളുടെ ഒത്താശയോടെ എണ്ണ കമ്പനികള്‍ നടത്തുന്ന പിടിച്ചുപറിയുടെ ഗൗരവം മനസ്സിലാകുന്നത്. അനര്‍ഹമായി എന്നാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും മത്സരിച്ചു തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി ഉയര്‍ത്തിയതാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയിലേക്ക് നയിച്ചത്.

അയല്‍ രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിലാണ് ഡീസലിനും പെട്രോളിനും ഏറ്റവും ഉയര്‍ന്ന വില. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ആണ് പെട്രോളിനും ഡീസലിനും ആശ്രയിക്കുന്നത്. ആ രാജ്യങ്ങളില്‍ പോലും ഇന്ത്യയിലെ അത്ര വിലയില്ല എന്നതാണ് രസകരം. സര്‍ക്കാറുകള്‍ നികുതി വഴി നടത്തുന്ന കൊള്ളയാണ് ഇതിനു കാരണം. ഇന്ത്യയുമായി വിലയുടെ കാര്യത്തില്‍ അടുത്തു നില്‍ക്കുന്നത് ചൈനയാണ്. ഇതര ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വിലകളുടെ താരതമ്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

കവര്‍ന്നത് 2,53,564.69 കോടി

ഇന്ധന നികുതിയെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കവര്‍ന്നെടുത്തത് 2,53,564.69 കോടി രൂപ. ഇതില്‍ നികുതി വരുമാനമായി കേരളത്തിലെ ജനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 2.42 ലക്ഷം കോടി രൂപ പിരിച്ചെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത് 11,564.69 കോടി രൂപ. അഥവാ പരിച്ചെടുത്ത തുകയുടെ 95 ശതമാനം കേന്ദ്രവും അഞ്ചുശതമാനം സംസ്ഥാനവും പങ്കിട്ടെടുത്തു.

യു പി എ സര്‍ക്കാറിന്റെ അവസാന വര്‍ഷം ഇന്ധനത്തില്‍ നിന്ന് കേന്ദ്രത്തിന് നികുതിവരുമാനമായി കിട്ടിയത് 99,000 കോടി രൂപയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ എണ്ണക്കമ്പനികള്‍ നികുതി വരുമാനം കുത്തനെ വര്‍ധിപ്പിച്ചിട്ടും ഇത് കുറച്ച് സാധാരണക്കാരന് ആശ്വാസം പകരുന്നതിന് പകരം എണ്ണ വില നിലവിലെ സാഹചര്യത്തില്‍ കുറക്കാനാവില്ലെന്ന ധാര്‍ഷ്ട്യമനോഭാവമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിക്കുകയും അധികാരത്തിനായി വാക്കുകള്‍ മാറ്റിപ്പറയുകയും പ്രശസ്തിക്ക് വേണ്ടി സ്വന്തം അമ്മയെ വരെ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയില്‍ നിന്ന് ഭരണീയര്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ധന നികുതി വര്‍ധനയുടെ പേരില്‍ യു പി എ സര്‍ക്കാറിനെ പ്രതിക്കൂട്ടിലേറ്റിയ ആള്‍ തന്നെ ഭരണത്തിലെത്തിയപ്പോള്‍ അതിേനക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ ഇന്ധന വില റെക്കോര്‍ഡിലെത്തിക്കുന്നത് വഴി തന്റെ രാഷ്ട്രീയ കാപട്യം വ്യക്തമാക്കുകയാണ്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര എക്‌സൈസ് നികുതി 11 തവണയായി 12 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിനിടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ മാത്രമാണ് ലിറ്ററിന് രണ്ടുരൂപ കുറച്ചത്. ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് 24.10 രൂപയും ഡീസലില്‍ നിന്ന് 18.33 രൂപയും എക്‌സൈസ് നികുതി ഇനത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. കേരളത്തില്‍ ഒരു ദിവസം ഏകദേശം ഒരു കോടി ലിറ്റര്‍ പെട്രോളും 80 ലക്ഷം ലിറ്റര്‍ ഡീസലും വില്‍ക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് പെട്രോളിന്റെ എക്‌സൈസ് നികുതി ഇനത്തില്‍ മാത്രം കേന്ദ്രം കേരളത്തില്‍ നിന്ന് 24.10 കോടിയും ഡീസലില്‍നിന്ന് 18.33 കോടിരൂപയും പിഴിയുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഒരു വര്‍ഷം വില്‍ക്കുന്ന ഡീസല്‍, പെട്രേള്‍ എന്നിവയില്‍ നിന്ന് കേരളത്തില്‍ നിന്നു കേന്ദ്രം കൊണ്ടുപോകുന്നത് 15,459.95 കോടി രൂപയുടെ നികുതിയാണ്. ഇതിനെല്ലാം പുറമെ വില വര്‍ധനയിലൂടെ കമ്പനികള്‍ നേടിയെടുത്ത അധിക ലാഭത്തിന്റെ ഒരു വിഹിതമായി കേന്ദ്ര ഖജനാവിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം അടച്ചത് 5500 കോടിരൂപയാണ്.

ഒരു ലിറ്റര്‍ പെട്രോളിന്റെ
അടിസ്ഥാന വില 26.65 രൂപ

ഒപെക് രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ഇന്ത്യക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില 26.65 രൂപയാണ്. ഈ എണ്ണയാണ് ഇന്ന് 77.93 രൂപക്ക് വില്‍ക്കുന്നത്. 26.65 ല്‍ നിന്ന് 77.93 രൂപയിലേക്ക് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എണ്ണ കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കുന്ന പെട്രോളിന്റെ അടിസ്ഥാന വില 33.66 (43.20 ശതമാനം) ആണ്. ഒപ്പം എക്‌സൈസ് ഡ്യൂട്ടിയായി 24.10 (30.93 ശതമാനം), വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ 3.58 (4.60 ശതമാനം), ഡീലറുടെ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ജി എസ് ടി 16.56 (21.25 ശതമാനം) ഇങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഉപഭോക്താവ് 77.93 രൂപ നല്‍കേണ്ടി വരുന്നത്. ഡീസലിന്റെ കാര്യവും ഇതിന് സമാനമാണ്.

കമ്പനികള്‍ കൂട്ടിയത്
പെട്രോളിന് 9.40, ഡീസലിന് 11.38

ഇന്ധന വില പുതുക്കി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്ണ കമ്പനികള്‍ പെട്രോളിന് 9.40 രൂപയും ഡീസലിന് 11.38 രൂപയുമാണ് വര്‍ധിപ്പിച്ചത്. വില നിര്‍ണയ അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമ്പോള്‍ പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ സംവിധാനത്തില്‍ വിലക്കുറവിന്റെ നേട്ടം പ്രതിദിനം ഉപയോക്താക്കള്‍ക്ക് കിട്ടുമെന്ന ന്യായീകരണത്തോടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വ്യാപകമായ എതിര്‍പ്പിനെ മറികടന്ന് അധികാരം കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍, ഒരു വര്‍ഷത്തിനിപ്പുറം ഇതിന്റെ വിപരീത ഫലവും വില വര്‍ധനയുമാണ് ജനങ്ങള്‍ അനുഭവിച്ചത്.

2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ധന കമ്പനികള്‍ 50,000 കോടി രൂപ ലാഭം നേടിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അസംസ്‌കൃത എണ്ണവില താഴ്ന്ന ഘട്ടങ്ങളിലും അമിതവില ഈടാക്കി കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയായിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 30 രൂപയും ഡീസലിന് 34.37 രൂപയും മാത്രമാണ് നിലവിലെ ഉത്പാദന വില. ഇതാണ് ഒരു ലിറ്റര്‍ ഡീസലിന് 70.20 രൂപയും പെട്രോളിന് 77.93 രൂപയുമായി വിപണിയില്‍ വില്‍ക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില അനുഭവപ്പെടുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ 79.58 രൂപയാണ് ഇന്നലത്തെ പെട്രോള്‍ വില. 47.64 ശതമാനമാണ് മഹാരാഷ്ട്രയിലെ പെട്രോള്‍ നികുതി നിരക്ക്. 76.56 രൂപ പെട്രോളിന് വിലയുള്ള ബി ജെ പി തന്നെ ഭരിക്കുന്ന മധ്യപ്രദേശില്‍ ഇന്ധന നികുതി 38.79 ശതമാനമാണ്. ഇതിന് പുറമെ രാജസ്ഥാനില്‍ 74.05 രൂപയും ഉത്തര്‍പ്രദേശില്‍ 73.42 രൂപയും ബിഹാറില്‍ 75.88 രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നലെ ഈടാക്കിയത്.

അടിക്കടിയുള്ള ഇന്ധന വില വര്‍ധന രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ പരമാവധി കൊള്ളലാഭം കൊയ്യാക എന്ന ലക്ഷ്യത്തോടെ ഉയര്‍ന്നുവരുന്ന ജനരോഷത്തിന് നേരെ കണ്ണടക്കുയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ഖജനാവ് നിറക്കാനുള്ള കറവപ്പശുവായാണ് ഇന്ധന വിലയില്‍ നിന്നുള്ള നികുതി വരുമാനത്തെ കേന്ദ്രം കാണുന്നത്. എണ്ണ വില നിയന്ത്രണാവകാശം എണ്ണ കമ്പനികള്‍ക്കായതിനാല്‍ കേന്ദ്രത്തിന് ഇതില്‍ ഇടപെടാനാകില്ലെന്ന് വാദിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് പൊതുമേഖലയിലെ എണ്ണ കമ്പനികളെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചാണ് രാജ്യത്തെ ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുന്നത്.

ഇനി ഇന്ധനവില കുറയണമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന അവസ്ഥയാണുള്ളത്. പ്രതിദിനം പുതുക്കുന്ന ഇന്ധനവില നിര്‍ണയം തുടര്‍ന്നാല്‍ പെട്രോള്‍ വില ലിറ്ററിനു വൈകാതെ നൂറ് രൂപ കടക്കുമെന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി മുന്നില്‍ക്കണ്ട് പേരിനെങ്കിലും ഒരു വിലക്കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.