ചങ്കിടിപ്പേറുന്നു; രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നേതാക്കള്‍

മക്കളെ ഗോദയിലിറക്കാനും നീക്കം
Posted on: April 6, 2018 6:06 am | Last updated: April 5, 2018 at 11:50 pm

ബെംഗളൂരു: കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ അനായാസം നിയമസഭയിലെത്തിയ നേതാക്കളില്‍ പലരും ഇത്തവണ കടുത്ത ആശങ്കയില്‍. പലയിടങ്ങളിലും കനത്ത മത്സരത്തെയായിരിക്കും ഇക്കുറി നേരിടേണ്ടി വരികയെന്ന് മുന്‍കൂട്ടി സൂചന ലഭിച്ചതോടെ വിജയം ഉറപ്പിക്കാന്‍ രണ്ട് മണ്ഡലങ്ങളില്‍ അങ്കംകുറിക്കാനാണ് നേതാക്കളില്‍ പലരുടെയും നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിലാണ് മത്സരിക്കുന്നത്. ഇവിടെ സിറ്റിംഗ് എം എല്‍ എയായ ജനതാദള്‍- എസിലെ ജി ടി ദേവഗൗഡയാണ് സിദ്ധരാമയ്യയുടെ എതിരാളി. പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിയ സിദ്ധരാമയ്യ മണ്ഡലത്തില്‍ വിജയപ്രതീക്ഷ വെച്ച് പുലര്‍ത്തുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാവുകയാണെങ്കില്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കൊപ്പല്‍ മണ്ഡലത്തില്‍ക്കൂടി മത്സരിച്ചേക്കും.

ജനതാദള്‍- എസ് സംസ്ഥാന പ്രസിഡന്റും എച്ച് ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാര സ്വാമി സിറ്റിംഗ് സീറ്റായ രാമനഗരക്ക് പുറമെ ചന്നപട്ടണത്തും ജനവിധി തേടുന്നുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയാണ് കുമാരസ്വാമിക്ക് ശേഷം കര്‍ണാടക ഭരിച്ചത്. 2006 ഫെബ്രുവരി മുതല്‍ 2007 ഒക്‌ടോബര്‍ വരെയാണ് അദ്ദേഹം മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 1996ല്‍ കുമാരസ്വാമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. ജെ ഡി എസിന് പൊതുവെ മേധാവിത്വമുള്ള മണ്ഡലമാണ് രാമനഗര. പാര്‍ട്ടിയിലെ അടിയൊഴുക്കുകള്‍ ഭയന്നാണ് മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ കുമാരസ്വാമിയെ നിര്‍ബന്ധിതമാകുന്നത്. കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയും അനുജന്‍ എച്ച് ഡി രേവണ്ണയും ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ബി എസ് യെദ്യൂരപ്പ ശിവമൊഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇവിടെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ മണ്ഡലം വാശിയേറിയ പോരാട്ടത്തിനായിരിക്കും സാക്ഷ്യം വഹിക്കുക. വിജയ സാധ്യതക്ക് മങ്ങലേല്‍ക്കുകയാണെങ്കില്‍ യെദ്യൂരപ്പ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ബി ജെ പിയില്‍ നിന്ന് യെദ്യൂരപ്പ ഉള്‍പ്പെടെ രണ്ട് എം പിമാരാണ് ഇത്തവണ നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ബെല്ലാരി മണ്ഡലത്തില്‍ വി ശ്രീരാമലുവും മത്സരിക്കും. നിലവില്‍ ലോക്‌സഭാ അംഗമാണ് ശ്രീരാമലു. യശ്വന്ത്പുര മണ്ഡലത്തില്‍ ശോഭാ കലന്തറജെ എം പിയും മത്സരിക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്. ബെല്ലാരിയില്‍ നിലവില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ലാഡയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

അതിനിടെ, തിരഞ്ഞെടുപ്പില്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടവും നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലാണ് കൂടുതല്‍ നേതാക്കള്‍ രംഗത്തുള്ളത്. മകന്‍ യതീന്ദ്രയെ സ്ഥാനാര്‍ഥിയാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയതാണ് മറ്റു നേതാക്കള്‍ക്കും പ്രേരണയായത്. തിരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് എന്ന നിര്‍ദേശം കെ പി സി സി അധ്യക്ഷന്‍ ജി പരമേശ്വര മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയതോടെയാണ് മറ്റു നേതാക്കളും രംഗത്തെത്തിയത്. നിലവില്‍ കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളുടെ കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ പേര്‍ ജനപ്രതിനിധികളാണ്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എം പിയും മകന്‍ പ്രിയങ്ക ഖാര്‍ഗെ സംസ്ഥാന മന്ത്രിയുമാണ്. മന്ത്രി എം കൃഷ്ണപ്പയുടെ മകന്‍ പ്രിയ കൃഷ്ണ എം എല്‍ എയാണ്.
മുതിര്‍ന്ന നേതാക്കളായ എച്ച് സി മഹാദേവപ്പയുടെ മകന്‍ സുനില്‍ബോസ്, ടി ബി ജയചന്ദ്രയുടെ മകന്‍ സന്തോഷ് ജയചന്ദ്ര, രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി, കെ എച്ച് മുനിയപ്പയുടെ മകള്‍ രൂപ, മുന്‍ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുടെ മകന്‍ ഹര്‍ഷ മൊയ്‌ലി എന്നിവരെല്ലാം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കുന്നതും കാത്തിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് സീറ്റെന്ന തത്വം പാലിക്കാന്‍ കോണ്‍ഗ്രസിന് ഏറെ പ്രയാസപ്പെടേണ്ടിവരും.