താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദി സി ഐ എ: ഫിലിപ്പൈന്‍സ് പ്രസിഡന്റ്

Posted on: April 6, 2018 6:20 am | Last updated: April 5, 2018 at 11:24 pm

മനില: അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശവുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്‌റിഗോ ഡൂട്ടര്‍തെ. മനിലയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് അമേരിക്കയെ രൂക്ഷമായ ഭാഷയില്‍ റോഡ്‌റിഗോ വിമര്‍ശിച്ചത്. ഫിലിപ്പൈന്‍സിന് യു എസ് നല്‍കാമെന്ന് കരാറിലെത്തിയിരുന്ന ആയുധങ്ങള്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ വേണ്ടിയെന്ന പേരില്‍ അമേരിക്ക റദ്ദാക്കിയിരുന്നു.

അമേരിക്കക്ക് ആ രാജ്യത്തിന്റെ വാക്കുകളെ പോലും ബഹുമാനിക്കാന്‍ കഴിയില്ല. ഫിലിപ്പൈന്‍സ് സര്‍ക്കാറിന് ആയുധം ശേഖരിക്കുന്നതിന് ചൈനയുമായും റഷ്യയുമായും കരാറിലെത്തിയത് ശരിയായ തീരുമാനമായിരുന്നു. താന്‍ സഞ്ചരിക്കുന്ന വിമാനം പൊട്ടിത്തെറിക്കുകയോ റോഡരികിലെ ബോംബ് പൊട്ടിത്തെറിച്ച് താന്‍ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ സി ഐ എയെ ചോദ്യം ചെയ്താല്‍ മതി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മയക്കുമരുന്നിനെതിരെ യുദ്ധം ചെയ്തപ്പോള്‍ പിന്തുണച്ച അമേരിക്കക്കാര്‍ ട്രംപ് ഭരണകൂടത്തിന്റെ മയക്കുമരുന്ന് അനുകൂല നിലപാടുകളെയും പിന്തുണക്കുന്നു. ഏത് മൂല്യമാണ് അമേരിക്കക്കാര്‍ ഫിലിപ്പൈന്‍സിന് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്നെ വധിക്കാന്‍ അമേരിക്കയുടെ ചാരസംഘടന സി ഐ എ പദ്ധതി തയ്യാറാക്കുമെന്ന് നേരത്തെയും റോഡ്‌റിഗോ ആരോപിച്ചിരുന്നു.