കോളജുകളുടെ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ നിലപാടുമാറ്റം

24 എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി
Posted on: April 5, 2018 6:13 am | Last updated: April 5, 2018 at 12:03 am

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ക്ക് സ്വയംഭരണം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് മാറ്റത്തിന് സൂചന നല്‍കി എല്‍ ഡി എഫ് സര്‍ക്കാര്‍. സര്‍ക്കാര്‍- എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് സ്വയംഭരണത്തിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 21 സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകള്‍ക്കും മൂന്ന് എയ്ഡഡ് കോളജുകള്‍ക്കുമാണ് സ്വയംഭരണത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കിയത്.

ടെക്‌നിക്കല്‍ എജുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ടി ഇ ക്യു ഐ പി) ഒന്നും രണ്ടും ഘട്ടങ്ങള്‍ നടപ്പാക്കിയ സംസ്ഥാനത്തെ 24 എന്‍ജീനീയറിംഗ് കോളജുകള്‍ നിയന്ത്രണം സ്വയംഭരണാധികാരത്തിലാക്കി യു ജി സിയെ സമീപിക്കുന്നതിനു സമ്മതമാണെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാറിന്റെ നടപടി. ഇതു സംബന്ധിച്ച് കഴിഞ്ഞാഴ്ചയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് ഉത്തരവ് ഇറക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ടി ഇ ക്യു ഐ പി) മുഖേന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നാം ഘട്ടത്തില്‍ കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കില്‍ കോളജുകള്‍ക്ക് സ്വയംഭരണ പദവി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നിലപാട് മാറ്റം. കേന്ദ്രഫണ്ട് ലഭ്യമായില്ലെങ്കില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ നിര്‍ബന്ധിതമായത്.