Connect with us

National

ചോദ്യ പേപ്പര്‍ ചോര്‍ച്ച: എല്ലാ ഹരജികളും തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എല്ലാ പൊതുതാത്പര്യ ഹരജികളും സുപ്രീം കോടതി തള്ളി. സി ബി എസ് ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ച് ഹരജികള്‍ തള്ളിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സി ബി എസ് ഇ പ്രഖ്യാപിച്ച പുനഃപരീക്ഷ റദ്ദാക്കണമെന്നും സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുണ്ടായിരുന്നത്.

എന്നാല്‍, ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നും ഇക്കാര്യത്തില്‍ സി ബി എസ് ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലും ഹരിയാനയിലും മാത്രം പുനഃ പരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്ത് ഏഴ് ഹരജികളാണ് സമര്‍പ്പിച്ചത്. എന്നാല്‍, പുനഃപരീക്ഷ നടത്താനുള്ള സി ബി എസ് ഇയുടെ വിവേചനാധികാരം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. പത്താം തരത്തിലെ ഗണിത ചോദ്യ പേപ്പര്‍ ചോര്‍ന്നതിന്റെ പ്രതിഫലനം ഉത്തര കടലാസില്‍ വ്യക്തമായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അതിനാല്‍ വീണ്ടും നടത്തില്ലെന്നും സി ബി എസ് ഇ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എല്ലാ ഹരജികളും തള്ളിയത്. പുനഃപരീക്ഷ നടത്താനുള്ള സി ബി എസ് ഇ തീരുമാനം ഇന്ത്യയിലും വിദേശത്തുമായി പരീക്ഷ എഴുതിയ 16 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുന്നതാണെന്നും നിലവിലെ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തന്നെ ഫലം പ്രസിദ്ധീരിക്കണമെന്നുമായിരുന്നു ഇക്കാര്യത്തില്‍ ആദ്യം ഹരജി നല്‍കിയ കേരളത്തില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥി റോഹന്‍ മാത്യുവിന്റെ ആവശ്യം. ഡല്‍ഹിയിലും ഹരിയാനയിലും മാത്രം പുനഃപരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്ത് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥിനികളായ അനസൂയ മാത്യു, ഗായത്രി മാത്യു എന്നിവരും ഹരജി നല്‍കിയിരുന്നു. വാട്ട്‌സ്ആപ്പിലൂടെ ചോര്‍ന്ന ചോദ്യ പേപ്പറിന്റെ ആനുകൂല്യം നേടിയത് ഡല്‍ഹിയിലും ഹരിയാനയിലുമുള്ളവര്‍ മാത്രമാണെന്നു വരുത്തി, അപകീര്‍ത്തി ഉണ്ടാക്കുന്നത് ഭരണഘടനയിലെ 21ാം വകുപ്പിന്റെ ലംഘനമായാണ് ഇവര്‍ ഹരജിയില്‍ വ്യക്തമാക്കിയത്. ഡല്‍ഹിയിലെ കുട്ടികള്‍ തട്ടിപ്പിലൂടെ ജയിക്കുന്നവരാണെന്ന അധിക്ഷേപം എക്കാലവും നിലനില്‍ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഘടന ഡല്‍ഹി ഹൈക്കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്.

അതിനിടെ, സി ബി എസ് ഇ പരീക്ഷാ പ്രക്രിയകള്‍ പരിശോധിക്കുന്നതിന് മാനവവിഭവശേഷി മന്ത്രാലയം ഉന്നതാധികാര കമ്മിറ്റി രൂപവത്കരിച്ചു. മാനവവിഭവശേഷി മുന്‍ സെക്രട്ടറി വി എസ് ഒബ്രോയിയുടെ നേതൃത്വത്തിലാണ് സമിതി. സി ബി എസ് ഇ പരീക്ഷകള്‍ ആധുനികസാങ്കേതികവിദ്യ അടക്കം ഉപയോഗിച്ച് പഴുതില്ലാതെയും സുരക്ഷിതമായും എങ്ങനെ നടത്താമെന്ന് സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും.
മെയ് 31ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമെന്ന് മാനവിഭശേഷി മന്ത്രാലയ സെക്രട്ടറി അനില്‍ സ്വരൂപ് വ്യക്തമാക്കി.