Connect with us

Editorial

മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടരുത്

Published

|

Last Updated

1989ല്‍ രാജീവ് ഗാന്ധി ഭരണകാലത്ത് മാനഹാനി നിയമമെന്ന പേരില്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് അന്ന് ലോക്‌സഭയില്‍ നാനൂറിലേറെ അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് പാസ്സാക്കാനായില്ല. പ്രതിഷേധവും ജനരോഷവും കാരണം ബില്‍ പിന്‍വലിക്കേണ്ടിവന്നു. ഇതേ അനുഭവമാണ് വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച മാധ്യമ നിയന്ത്രണ നിയമത്തിനുമുണ്ടായത്. മാധ്യമ ലോകത്തിന്റെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്നു നിയമം മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടി വന്നു മോദി സര്‍ക്കാറിന്.

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുതാണ് പുതിയ നിയമം. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതായി പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവക്ക് അത് കൈമാറി സര്‍ക്കാര്‍ ഉപദേശം തേടും. സമിതികള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ തിരികെ നല്‍കണം. റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുകയും സമിതി റിപ്പോര്‍ട്ട് ആരോപണം ശരിവെച്ചാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദാക്കുകയും ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകനെതിരെ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കാ യിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും നിയമത്തില്‍ പറയുന്നു.

സമിതികളുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ റിപ്പോര്‍ട്ടര്‍മാരുടെ അക്രഡിറ്റേഷന്‍ മരവിപ്പിക്കാനുള്ള തീരുമാനമാണ് കൂടുതല്‍ വിമര്‍ശ വിധേയമായത്. ദുരുപയോഗത്തിന് ഏറെ സാധ്യതയുള്ളതാണ് ഈ വ്യവസ്ഥ. രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളും ഭരണ രംഗത്തെ അഴിമതികളും പുറത്തുകൊണ്ടു വരുന്ന റിപ്പോര്‍ട്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുടെയും നോട്ടപ്പുള്ളികളായിരിക്കും. ഒരു വാര്‍ത്ത സംബന്ധിച്ചു അത് വ്യാജമാണെന്ന് പരാതി നല്‍കിയാല്‍ മതി അവരെ നിശ്ശബ്ദരാക്കാന്‍. മാധ്യമങ്ങള്‍ നീതിയും ധര്‍മവും പാലിക്കാന്‍ ബാധ്യസ്ഥമാണെന്നതും സത്യസന്ധമെന്ന് ബോധ്യമുള്ള വിവരങ്ങളേ പുറത്തു വിടാവൂ എന്നതും ശരി തന്നെ. എന്നാല്‍ ഇതിനെ നിയന്ത്രിക്കാനായി കൊണ്ടു വരുന്ന നിയമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാകരുത്. വാര്‍ത്തകളില്‍ വിശിഷ്യാ അഴിമതി വാര്‍ത്തകളില്‍ ചെറിയ ചില തെറ്റുകളും ആവേശവുമുണ്ടായേക്കാം. ഇതൊന്നും മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങാവാന്‍ പാടില്ലെന്നാണ് 2010ല്‍ ബിഹാറില്‍ നടന്ന വിവാദ ഭൂമി കൈമാറ്റം സംബന്ധിച്ച് ഹിന്ദി ചാനല്‍ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച മാനഹാനി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണമെന്നും പരാതിക്കാരോട് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബഞ്ച് അന്ന് ഉപദേശിക്കുകയുണ്ടായി.

പ്രധാനമന്ത്രി അറിയാതെയാണ് ഈ ഉത്തരവ് വന്നതെന്നും അദ്ദേഹം ഇടപെട്ടാണ് നിയമം പിന്‍വലിപ്പിച്ചതെന്നുമുള്ള മട്ടിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങാതെ ഇത്തരമൊരു നിയമം ആവിഷ്‌കരിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സന്നദ്ധമാകുമോ? മാധ്യമങ്ങളെ ഭയപ്പെടുന്ന ഭരണാധികാരിയായാണ് നരേന്ദ്ര മോദി അറിയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകരെ കാണുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അറിയിക്കാനുള്ള കാര്യങ്ങളെല്ലാം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കിടുന്നത്. മാധ്യമങ്ങള്‍ വിവരം അന്വേഷിക്കുകയോ സംശയങ്ങള്‍ ഉന്നയിക്കുകയോ ചെയ്താല്‍ ഒഴിഞ്ഞു മാറും. ഏത് വേദിയിലും ചോദ്യങ്ങളെ ഭയപ്പെടുന്നയാളാണ് മോദിയെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി എംപി നാനാ പട്ടോളെ തന്നെ പരസ്യമായി ആരോപിച്ചതാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ കൂടി താത്പര്യമാണ് ഇത്തരമൊരു നിയമ നിര്‍മാണം. അദ്ദേഹം പിന്‍വലിപ്പിച്ചുവെന്ന പ്രചാരണം സ്മൃതി ഇറാനിയെ ബലിയാടാക്കി സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള അടവായാണ് വിലയിരുത്തപ്പെടുന്നത്.

ഭരണ തലത്തില്‍ മാര്‍ഗച്യുതിയുടെയോ കെടുകാര്യസ്ഥതയുടെയോ അഴിമതിയുടെയോ സ്പന്ദനം അനുഭവപ്പെടുമ്പോള്‍ തന്നെ അത് ജനങ്ങളെ ഉണര്‍ത്തി ഒരു തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കേണ്ടവരാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന നേതാക്കളും ഭരണാധികാരികളും അവരുടെ കടമകളില്‍ നിന്ന് ഒളിച്ചോടുകയാണ്. ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയല്ല, തന്റേടത്തോടെ നേരിടുകയും ക്രിയാത്മകമായി അതിനോട് പ്രതികരിക്കുകയുമാണ് സര്‍ക്കാറിനെ നയിക്കുന്നവര്‍ ചെയ്യേണ്ടത്. അല്ലാതെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ കരിനിയമങ്ങള്‍ കൊണ്ടുവരികയല്ല. അതേസമയം ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യം നിരുപാധികമല്ല, ഉത്തരവാദിത്വ ബദ്ധമാണെന്ന കാര്യം മാധ്യമങ്ങളും വിസ്മരിക്കരുത്. തെറ്റായ വാര്‍ത്തകള്‍ വ്യക്തികളുടെ മാനവും ചിലപ്പോള്‍ ജീവിതം തന്നെയും തകര്‍ത്തെന്ന് വരും. സാമൂഹിക തലത്തില്‍ തന്നെ ഗുരുതര പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. തങ്ങളുടെ സ്വാതന്ത്ര്യം കവരാനുള്ള നീക്കങ്ങളെ ചെറുക്കുന്നതോടൊപ്പം ബാഹ്യ ശക്തികള്‍ക്ക് നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ അവസരം നല്‍കാത്ത വിധം സ്വയം നിയന്ത്രിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.