ഫലസ്തീനികള്‍ക്കും ഇസ്‌റാഈലികള്‍ക്കും അവരുടെ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്: ബിന്‍ സല്‍മാന്‍

മസ്ജിദുല്‍ അഖ്‌സ വിഷയത്തില്‍ ആശങ്ക
Posted on: April 4, 2018 6:23 am | Last updated: April 4, 2018 at 10:43 am

ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്കും ഇസ്‌റാഈലികള്‍ക്കും അവരുടെ ഭൂമിയില്‍ സമാധാനപരമായി ജീവിക്കാന്‍ അവകാശമുണ്ടെന്ന് സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കയിലെ അറ്റ്‌ലാന്റിക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ജനങ്ങള്‍ക്കും അവരുടെ രാജ്യത്ത് സമാധാനപരമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. ഇസ്‌റാഈലിന്റെ ഭൂവിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ സാമ്പത്തിക ഭദ്രത ശക്തമാണ്.

അതേസമയം, ജറൂസലമിലെ മസ്ജിദുല്‍അഖ്‌സയെ സംബന്ധിച്ച് സഊദിക്ക് ആശങ്കയുണ്ട്. അതുപോലെ ഫലസ്തീനികളുടെ അവകാശത്തെ സംബന്ധിച്ചും ആശങ്കകളുണ്ട്. എന്നാല്‍ ഇത് മറ്റേതെങ്കിലും രാജ്യങ്ങള്‍ക്ക് മേലുള്ള എതിര്‍പ്പല്ല. ഇസ്‌റാഈലുകാര്‍ക്കും ഫലസ്തീനികള്‍ക്കും അവരുടേതായ ഭൂമികളില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. സമാധാന പൂര്‍ണമായ ജീവിതത്തിന് കരാറിലെത്തുന്നത് അനിവാര്യമായിരിക്കുന്നുവെന്നും രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.