Connect with us

National

മകന്റെ മരണത്തെ തുടര്‍ന്നുള്ള സംഘര്‍ഷം ഒഴിവാക്കിയ ഇമാമിന്റെ ഇടപെടല്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

Published

|

Last Updated

നൂറാനി മസ്ജിദ് ഇമാം മുഹമ്മദ് ഇമാദുല്ല

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ മകന്‍ നഷ്ടപ്പെട്ട മസ്ജിദ് ഇമാമിന്റെ സമാധാനത്തിനുള്ള ആഹ്വാനം രാജ്യശ്രദ്ധ നേടുന്നു. ഒരാഴ്ച മുമ്പാണ് നൂറാനി മസ്ജിദ് ഇമാം മുഹമ്മദ് ഇമാദുല്ലയുടെ മകനെ ഒരു സംഘം തല്ലിക്കൊന്നത്. ഇമാമിന്റെ മൂന്ന് വരി മാത്രമുള്ള സമാധാന സന്ദേശം പ്രശംസനീയമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ജനക്കൂട്ടത്തെ സമാധാനിപ്പിക്കാനും വികാരം നിയന്ത്രിക്കാനുമുള്ള ഉത്തമ ഉദാഹരണമാണ് ഇമാമെന്നും മകന്റെ മരണത്തിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചുവെന്നും ഘോഷ് ദി ഹിന്ദുവിനോട് പറഞ്ഞു. സംഭവം അറിഞ്ഞയുടനെ ഇമാം വേഗത്തില്‍ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ മോശമാകുമായിരുന്നുവെന്ന് പ്രശസ്ത ബംഗാളി എഴുത്തുകാരനും അസന്‍സോള്‍ സ്വദേശിയുമായ ജോയ മിത്ര പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് വരുന്നതിനിടെ ഇമാമിന്റെ മകന്‍ 16കാരനായ മുഹമ്മദ് സിബ്ഗത്തുല്ലയെ ഒരു സംഘം തല്ലിക്കൊല്ലുകയായിരുന്നു. നൂറാനി മസ്ജിദിന് 500 മീറ്റര്‍ അകലെ ഒ കെ റോഡ് മസ്ജിദിലേക്ക് മൂത്ത സഹോദരനൊപ്പം പോകുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ചത്തെ കൊലപാതകം. വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ പതിനായിരം പേരാണ് പങ്കെടുത്തത്. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന് തോന്നിയയുടനെ ഇമാം ഇമാദുല്ല മൈക്കിലൂടെ ഇപ്രകാരം പറഞ്ഞു. “നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ ഒരു സംഘര്‍ഷത്തിലും ഏര്‍പ്പെടരുത്. സമാധാനം നിലനിര്‍ത്തണം. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളെന്തെങ്കിലും സംഘര്‍ഷമുണ്ടാക്കിയാല്‍ നിശ്ചയം, ഈ മസ്ജിദും നഗരവും വിട്ട് ഞാന്‍ പോകും.” ഇക്കാര്യം അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയത് ഇമാമിന്റെ ഇടപെടലാണെന്ന് തദ്ദേശവാസികളും പോലീസും അടിവരയിടുന്നു.

രാമനവമി റാലിക്കിടെ പ്രകോപനപരമായ പാട്ട് വെച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്.

Latest