Connect with us

National

നിര്‍ണായക ശക്തിയായി ലിംഗായത്തുകള്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ നിര്‍ണായകമാകും. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം വരുന്ന ഇവര്‍ ഉത്തര കന്നഡ ജില്ലകളിലെ ശക്തമായ വോട്ട് ബേങ്കാണ്. തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാന്‍ തക്ക ശക്തിയാണ് 11 ജില്ലകളിലായി ഇവര്‍ നേടിയിരിക്കുന്നത്. ബാഗല്‍കോട്ട്, ബെലഗാവി, ബീജാപൂര്‍, ധാര്‍വാഡ്, ഗഡഗ്, ഹാവേരി, കൊപ്പല്‍, യാഡ്ഗിര്‍, ബീദര്‍, ബെല്ലാരി, കല്‍ബുര്‍ഗി എന്നീ ജില്ലകളില്‍ മേധാവിത്വം ലിംഗായത്തുകള്‍ക്കാണ്. ഇവിടങ്ങളിലെ 110 മണ്ഡലങ്ങളിലെങ്കിലും ജയ പരാജയങ്ങള്‍ നിശ്ചയിക്കാന്‍ സ്വാധീനമുള്ളവരാണ് ഇവരെന്ന് കണക്കാക്കപ്പെടുന്നു. നിലവിലെ കര്‍ണാടക നിയമസഭയില്‍ ആകെയുള്ള 224 അംഗങ്ങളില്‍ 52 പേര്‍ വീരശൈവലിംഗായത്ത് സമുദായാംഗങ്ങളാണ്.

കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിലും ജാതി- മത ശക്തികളാണ് വിധി നിര്‍ണയത്തില്‍ പ്രധാനഘടകമായി വര്‍ത്തിച്ചത്. വീരശൈവ ലിംഗായത്ത്, ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ സമുദായങ്ങള്‍ക്കാണ് ഉത്തര കന്നഡയില്‍ മേല്‍ക്കൈ. എക്കാലവും ഈ വിഭാഗങ്ങളെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ലിംഗായത്തുകള്‍ക്ക് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവരുടെ വോട്ടുകള്‍ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ തീരുമാനത്തിലൂടെ ലിംഗായത്തിലെ പത്ത് ശതമാനം പേരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പത്ത് ശതമാനം വോട്ട് ലഭിച്ചാല്‍ 25 ഓളം സീറ്റുകളില്‍ ജയിച്ച് കയറാന്‍ കഴിയും. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെങ്കിലും ലിംഗായത്തുകളുടെ പിന്തുണയോടെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ പുറത്തുവന്ന സെന്‍സസ് റിപ്പോര്‍ട്ടിലും കര്‍ണാടകയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയാധികാരമുള്ളത് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്കാണത്രെ. 50 ശതമാനം എം പി, എം എല്‍ എ സീറ്റുകളും ഈ രണ്ട് സമുദായങ്ങളില്‍പ്പെട്ടവര്‍ക്കാണുള്ളത്. ദളിത്, മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചതായും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക സര്‍ക്കാറിന്റെ “സോഷ്യോ ഇക്കണോമിക് സര്‍വേ”യിലാണ് ഈ വിവരങ്ങളുള്ളത്. സര്‍വേ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായി ദളിത് ജനസംഖ്യ 19.5 ശതമാനം ആയിട്ടുണ്ട്. 16 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ലിംഗായത്ത് 14 ശതമാനവും വൊക്കലിഗ 11 ശതമാനവുമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ ബി സി വിഭാഗത്തില്‍ കുറുബ സമുദായം മാത്രമായി ഏഴ് ശതമാനമുണ്ട്. ബാക്കിയുള്ള ഒ ബി സി 16 ശതമാനവും ബ്രാഹ്മണരും ക്രിസ്ത്യാനികളും മൂന്ന് ശതമാനവും ബുദ്ധ, ജൈന വിഭാഗങ്ങള്‍ രണ്ട് ശതമാനവും ബാക്കിയുള്ളവ നാല് ശതമാനവുമാണ്. പുതിയ സര്‍വേ പ്രകാരം എസ് സി, എസ് ടി, മുസ്‌ലിം, കുറുബ സമുദായങ്ങള്‍ ഒരുമിച്ച് 47.5 ശതമാനമാകും.

ജാതി രാഷ്ട്രീയത്തിന് നിര്‍ണായക സ്വാധീനമുള്ള കര്‍ണാടകയില്‍ ലിംഗായത്ത് വിഭാഗത്തിന്റെ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ ലിംഗായത്ത് വിഭാഗക്കാരനാണ്. എന്നാല്‍, ഇപ്പോള്‍ സ്വന്തം സമുദായത്തിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളും പ്രക്ഷോഭവും യെദ്യൂരപ്പക്കുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. കഴിഞ്ഞ കുറേ കാലമായി ബി ജെ പിയുടെ വോട്ട്‌ബേങ്കായിരുന്നു ലിംഗായത്തുകള്‍. സാമുദായികമായും രാഷ്ട്രീയമായും കര്‍ണാടകയില്‍ ഏറെ സ്വാധീനമുള്ളവരാണ് ലിംഗായത്ത് വിഭാഗം. ഇവരെ പ്രത്യേക മതവിഭാഗമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ദാസ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശാമന്നൂര്‍ ശിവശങ്കരപ്പയുടെ നേതൃത്വത്തിലുള്ള വീരശൈവ മഹാസഭ ഇതിനെതിരെ തുടക്കത്തില്‍ രംഗത്ത് വന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥക്കും അസമത്വത്തിനുമെതിരെ 12-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രസ്ഥാനമാണ് ലിംഗായത്ത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണ എന്ന ബസവേശ്വരയാണ് ഈ സമുദായത്തിന്റെ രൂപവത്കരണത്തിന് നേതൃത്വം വഹിച്ചത്. ബിജാപ്പൂര്‍ ജില്ലയിലെ ബാഗേവാടിക്കടുത്ത് ഇംഗലേശ്വര ഗ്രാമത്തില്‍ അഞ്ഞൂറിലധികം ബ്രാഹ്മണ കുടുംബങ്ങള്‍ അധിവസിച്ചിരുന്ന അഗ്രഹാരത്തിന്റെ അധിപന്റെ മകനായി 1131ലാണ് ബസവണ്ണ ജനിച്ചത്.

ബ്രാഹ്മണ്യത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് സമൂഹത്തിലേക്കിറങ്ങാന്‍ തയ്യാറായ അദ്ദേഹം തുല്യനീതിയെന്ന ആശയവുമായി ലിംഗായത്ത് മതം സ്ഥാപിക്കുകയായിരുന്നു. വീരശൈവര്‍ ഉള്‍പ്പെടെയുള്ള ലിംഗായത് വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗമായാണ് കര്‍ണാടകയില്‍ കണക്കാക്കുന്നത്.