ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധം ജ്വലിക്കുന്നു

Posted on: April 1, 2018 1:25 pm | Last updated: April 2, 2018 at 11:31 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയിലുണ്ടായ വര്‍ധനയില്‍ വിവിധ മേഖലകളില്‍നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചരിത്രത്തിലാദ്യമായി ഡീസല്‍ വില 70 രൂപ കടന്നു. പെട്രോള്‍ വിലയിലും വര്‍ധനയുണ്ടായി. പെട്രോള്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 77.67 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70രൂപ എട്ട് പൈസയാണ് . ഇന്നലെയിത് 69രൂപ 89 പൈസയായിരുന്നു. പെട്രോളിന് 18 പൈസ വര്‍ധിച്ച് 77 രൂപ 67 പൈസയായി.

തിരുവനന്തപുരത്തിന് പുറമെ മറ്റ് ജില്ലകളിലും വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും ഡീസല്‍ വില എഴുപതിനടുത്തെത്തിയിട്ടുള്ളു. ഡീസല്‍ വില വര്‍ധന ചരക്ക് വാഹന ഉടമകളെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന ചിലവ് വര്‍ധിച്ചതോടെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ചരക്ക് വാഹന ഉടമകള്‍ നിര്‍ബന്ധിതരാകും . ഇത് ചരക്കുകള്‍ക്ക് വിപണിയില്‍ വില വര്‍ധനവിനിടയാക്കുകയും സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവുകയും ചെയ്യും. ടാക്‌സി വാഹന മേഖലയിലും ഇത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുക.