താമ്പരം എക്‌സ്പ്രസ് ഓടിക്കയറിയത് ചരിത്രത്തിലേക്ക്

Posted on: April 1, 2018 6:03 am | Last updated: March 31, 2018 at 10:56 pm

കൊല്ലം: ചരിത്രമുറങ്ങുന്ന കൊല്ലത്തിന്റെ മണ്ണിലേക്ക് ഇന്നലെ തമിഴ്‌നാട്ടിലെ താമ്പരത്ത് നിന്നും ഓടിത്തുടങ്ങിയ താമ്പരം എക്‌സ്പ്രസ് വന്നെത്തിയത് ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്കാരവുമായായിരുന്നു. നീണ്ട ഏഴര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെ രാവിലെ ചെങ്കോട്ടയില്‍ നിന്നും താമ്പരം എക്‌സ്പ്രസ് ആര്യങ്കാവ്-ഇടമണ്‍-പുനലൂര്‍ വഴി കൊല്ലത്ത് എത്തി പാതയിലെ പരീക്ഷണ ഓട്ടം വിജകരമായി പൂര്‍ത്തീകരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് തമിഴ്‌നാട്ടിലെ താമ്പരത്ത് നിന്നും യാത്രയാരംഭിച്ച ട്രെയിന്‍ ഇന്നലെ രാവിലെ ആറോടെ ചെങ്കോട്ടയിലെത്തി. 2010 സെപ്തംബര്‍ 10 നാണ് മീറ്റര്‍ഗോജ് പാതയിലൂടെ അവസാന തീവണ്ടി ഓടിയത്. ബ്രോഡ്‌ഗേജ് ആക്കിയതിന് ശേഷം ആദ്യമായി ഓടിയ തീവണ്ടിയെ ഹര്‍ഷാരവങ്ങളോടെയും, വാഴക്കുലകളും, പൂച്ചെണ്ടെകളുമായാണ് കൊല്ലം നിവാസികള്‍ എതിരേറ്റത്. ആദ്യ യാത്രയില്‍ പങ്കെടുത്ത എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍ ,കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കും പാതയുടെ ഇരുവശവും അണിനിരന്നവര്‍ സ്വീകരണം നല്‍കി.

2010 സെപ്റ്റംബര്‍ 21 ന് പാതയുടെ പണി ആരംഭിച്ചപ്പോള്‍ മൂന്നരവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പല കാരണങ്ങളാല്‍ ഏഴര വര്‍ഷത്തോളമെടുത്തു പണിപൂര്‍ത്തിയാകാന്‍. 600 കോടി രൂപ ചെലവഴിച്ച പാതയുടെ നിര്‍മ്മാണ ജോലിയ്ക്ക് പ്രധാന തടസം കുടിയൊഴിപ്പിക്കലായിരുന്നു. ഇന്നലെ തുറന്ന പാതയില്‍ 13 കണ്ണറ പാലമടക്കം 15 പാലങ്ങളും അഞ്ച്് തുരങ്കങ്ങളുമുണ്ട്. കൊല്ലം ജില്ലയ്ക്ക് വാണിജ്യപരമായി വന്‍ മുന്നേറ്റം ഉണ്ടാകുന്ന സംരംഭമാണ് ചെങ്കോട്ട വഴിയുള്ള റെയില്‍ ഗതാഗതം. തമിഴ്‌നാടുമായി വളരെ വേഗത്തില്‍ ബന്ധപ്പെടാന്‍ പറ്റുന്ന മാര്‍ഗ്ഗമായി കൊല്ലം – ചെങ്കോട്ട റെയില്‍വേ പാത മാറും. ഈ മാസം പത്തിന് താമ്പരം- കൊല്ലം എക്‌സ്പ്രസ് ട്രെയിന്റെ ഔദ്യോഗിക ഉദ്ഘാടനം പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഗയ് നിര്‍വഹിക്കും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും.