Connect with us

Articles

കിറുക്കനായ ചെറുക്കന്റെ വേഷപ്പകര്‍ച്ചകള്‍

Published

|

Last Updated

യു എന്നിനോ അന്താരാഷ്ട്ര സമൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാശ്ചാത്യ, വന്‍ രാഷ്ട്ര കൂട്ടായ്മകള്‍ക്കോ ഒരു പങ്കുമില്ലാത്തതും അക്ഷരാര്‍ഥത്തില്‍ ചരിത്രപരമെന്ന് അടയാളപ്പെടുത്താവുന്നതുമായ നയതന്ത്ര നീക്കത്തിന് കൊറിയന്‍ ഉപദ്വീപ് സാക്ഷ്യം വഹിക്കുകയാണ്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള ലോകത്തിന്റെ ഭീതി ഒഴിഞ്ഞു പോകുന്നതിന് ഈ നയതന്ത്ര നീക്കങ്ങള്‍ കാരണമാകുന്നുവെന്നത് മാത്രമല്ല അവയെ ലോകത്തിന് പ്രിയങ്കരമാക്കുന്നത്. അമേരിക്കന്‍ ചേരിയുടെ അഭീഷ്ടത്തിന് പുറത്ത് ഇലയനങ്ങില്ലെന്ന ഏകധ്രുവ ലോക സങ്കല്‍പ്പത്തെ വെല്ലുവിളിക്കുക കൂടി ചെയ്യുന്നുണ്ട് അവ. ദക്ഷിണ- ഉത്തര കൊറിയകള്‍ ഉള്‍പ്പെട്ട രണ്ട് വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഒന്ന്, ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും ചര്‍ച്ച നടത്തിയെന്നതാണ്. രണ്ട്, ഇരു കൊറിയകളും തമ്മിലുള്ള ഔപചാരിക ചര്‍ച്ചക്ക് തീയതി കുറിച്ചുവെന്നതും.

സി ജിന്‍ പിംഗിനെ ഉന്‍ കണ്ടത് ബീജിംഗില്‍ വെച്ചാണ്. സാധാരണഗതിയില്‍ വിദേശ യാത്രക്ക് മുതിരാത്തവരാണ് ഉത്തര കൊറിയന്‍ നേതാക്കള്‍. അമേരിക്കയുമായി ശത്രുത രൂപപ്പെട്ടതിന് ശേഷം തങ്ങളുടെ സുരക്ഷയെക്കുറിച്ച് അല്‍പ്പം പര്‍വതീകരിച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഉത്കണ്ഠ ഉ. കൊറിയന്‍ ഭരണാധികാരികള്‍ എടുത്തണിയാറുണ്ട്. വളയപ്പെട്ട രാജ്യമായി സ്വയമേവ കരുതുകയും അത് തങ്ങളുടെ ജനതയെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഈ വിദേശയാത്രാ നിഷേധങ്ങള്‍ അവരെ സഹായിക്കുന്നു. നിഗൂഢമായ രഹസ്യങ്ങളുടെ കലവറയാണല്ലോ ലോകത്തിന് ഉ. കൊറിയ. ആ പ്രതിച്ഛായ ആ രാജ്യം ആസ്വദിക്കുന്നുവെന്ന് വേണം കരുതാന്‍. അവരെ കുറിച്ചുള്ള ഒരു വാര്‍ത്തക്കും സ്ഥിരീകരണമുണ്ടാകാറില്ല. നവ യൗവനം വിട്ടിട്ടില്ലാത്ത ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നും ഈ പതിവുകള്‍ തെറ്റിക്കുന്നില്ല. ഉന്നിന്റെ ചിത്രം വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്നുണ്ടെങ്കില്‍ അത് ഉ. കൊറിയ ഔദ്യോഗികമായി പുറത്ത് വിടുന്നവ മാത്രമാണ്. ഈ രഹസ്യാത്മകത ഉന്നിന്റെ ബീജിംഗ് യാത്രയിലും സംഭവിച്ചു. റെയില്‍ മാര്‍ഗം ബീജിംഗിലെത്തിയ വടക്കന്‍ കൊറിയന്‍ സംഘം പ്യോംഗ്യാംഗിലേക്ക് തിരിച്ചു പോയതിന് ശേഷമാണ് സന്ദര്‍ശനത്തെ കുറിച്ച് വാര്‍ത്ത വന്നത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയും ഉ. കൊറിയന്‍ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയും സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിച്ചപ്പോള്‍ അത് വാര്‍ത്തയാക്കുകയാണ് വലിയ ശൃംഖലകളും സംവിധാനങ്ങളും ഉണ്ടെന്ന് മേനി നടിക്കുന്ന മാധ്യമങ്ങള്‍ ചെയ്തത്. മിഴി ചിമ്മാതെ ലോകത്തെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ ഉപഗ്രഹ, ചാരക്കണ്ണുകള്‍ക്കും ഒരു തുമ്പും കിട്ടിയില്ല.

മാവോ കാലം മുതല്‍ തന്നെ കൊറിയയുമായി ഊഷ്മളമായ ബന്ധമാണ് ചൈനക്കുണ്ടായിരുന്നത്. പ്രത്യയ ശാസ്ത്രപരമായ ബന്ധമായി അതിനെ വിശേഷിപ്പിക്കാവുന്നതാണ്. 1945ല്‍ ഇരു കൊറിയകളും വേര്‍പിരിഞ്ഞപ്പോള്‍ ഉ. കൊറിയ സോവിയറ്റ് പക്ഷത്തും ദ. കൊറിയ അമേരിക്കന്‍ പക്ഷത്തും നിലയുറപ്പിച്ചു. ചൈന പക്ഷേ, ഇരു കൊറിയകളോടും ബന്ധം പുലര്‍ത്തി. അയല്‍ക്കാരെന്ന നിലയില്‍ ഇരു പക്ഷത്തെയും തള്ളിക്കളയാന്‍ ബിജിംഗിനാകുമായിരുന്നില്ല. 1950കളിലെ കൊറിയന്‍ യുദ്ധവേളയില്‍ ചൈന പരസ്യമായി ഉത്തര കൊറിയയെ പിന്തുണച്ചു. ഉത്തര കൊറിയന്‍ നേതാക്കള്‍ പല തവണ ചൈനയിലെത്തി. എന്നാല്‍ ഉത്തര കൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് പിന്നെ കണ്ടത്. അയല്‍പക്കത്ത് അതിവൈകാരിക നിലപാടുകളുള്ള ആണവ ശക്തിയുണ്ടാകുന്നതില്‍ ചൈനക്ക് ആധിയുണ്ടായിരുന്നു.

2006ലെ ആണവ പരീക്ഷണത്തെ തുടര്‍ന്ന് യു എന്‍ കൊണ്ടുവന്ന ഉപരോധ പ്രമേയത്തെ ചൈന പിന്തുണക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും പരസ്പരം പോര്‍വിളിച്ച് രംഗത്തെത്തുകയും ഇരുപക്ഷവും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സന്നാഹം നടത്തുകയും ചെയ്തപ്പോഴും യു എന്നില്‍ ഉത്തര കൊറിയയെ കൈവിടുന്ന സമീപനമാണ് ചൈന കൈകൊണ്ടത്. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു എന്‍ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ വീറ്റോ ഉപയോഗിച്ചത് കൊണ്ട് മാത്രമാണ് പരാജയപ്പെട്ടത്. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തുകയായിരുന്നു. അതിന് പിറകേയും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടന്നു.

കിം ജോംഗ് ഉന്നിന്റെ ബീജിംഗ് സന്ദര്‍ശനം മറ്റാരേക്കാളും സന്തോഷിപ്പിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിനെയാണ്. ഉത്തര കൊറിയയെ കരിച്ച് കളയുമെന്നൊക്കെ ആക്രോശിക്കുമ്പോഴും തുറന്ന യുദ്ധത്തിലേക്ക് എടുത്തു ചാടുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റിന് വിമുഖതയുണ്ട്. ചൈന കടമ നിര്‍വഹിക്കണമെന്ന് അദ്ദേഹം ഇടക്കിടക്ക് പറയുന്നത് അതുകൊണ്ടാണ്. ഉന്‍ ബീജിംഗിലെത്തുകയെന്നാല്‍ അതിനര്‍ഥം ആണവപരീക്ഷണങ്ങളടക്കമുള്ള പ്രകോപന നയത്തില്‍ നിന്ന് ഉ. കൊറിയ ഒരടി പിന്നോട്ട് വെക്കുന്നുവെന്നാണല്ലോ. അത്തരമൊരു സന്നദ്ധത ഉന്‍ വ്യക്തമാക്കിയില്ലെങ്കില്‍ അദ്ദേഹം ബീജിംഗിലെത്തുമായിരുന്നില്ല. ഉന്‍- സി ചര്‍ച്ചക്ക് ശേഷം ചൈനീസ് മാധ്യമങ്ങളും ഉത്തര കൊറിയന്‍ നേതൃത്വവും പുറത്ത് വിട്ട പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് സന്ദര്‍ശനം ഉണ്ടാക്കിയതെന്ന് ഉ. കൊറിയ വിലയിരുത്തി. മേഖലയിലെ സമാധാനത്തിനും ഉ. കൊറിയയുടെ സുരക്ഷിതത്വത്തിനും ബീജിംഗ് വലിയ പരിഗണന നല്‍കുന്നുവെന്ന് ചര്‍ച്ച തെളിയിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സി ജിന്‍പിംഗിനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ നടത്തിയ പ്രതികരണങ്ങളും സമാനമായിരുന്നു. സംയമനത്തിന്റെ പാതയിലേക്ക് വരാനും ആണവ മുക്ത സമൂഹത്തിനായി പ്രവര്‍ത്തിക്കാനും ഉ. കൊറിയ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് സംഭവിച്ചപ്പോഴാണ് സി- ഉന്‍ ചര്‍ച്ച സാധ്യമായത്. ഒന്ന് നയതന്ത്ര പരിഹാരത്തിന്റെ ചില ചുവടുകള്‍ വെക്കാന്‍ ഉന്‍ തയ്യാറായിരിക്കുന്നു. രണ്ട്, ഉ. കൊറിയയുടെ മുന്നോട്ടുള്ള പോക്കില്‍ ചൈനക്ക് ചില ഉറപ്പുകള്‍ ലഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര സമ്മര്‍ദമോ അമേരിക്കയുടെ ഭീഷണിയോ മേഖലയിലെ ഒറ്റപ്പെടലോ ഒന്നുമല്ല ഉ. കൊറിയന്‍ നേതാവിനെ ബീജിംഗില്‍ എത്തിച്ചതെന്ന് വ്യക്തം.

കൊറിയന്‍ ഉപദ്വീപില്‍ മറ്റൊരു പ്രധാന നയതന്ത്ര മുന്നേറ്റം നടക്കാന്‍ പോകുകയാണ്. ഏപ്രില്‍ 27ന് ഇരു കൊറിയകളുടെയും നേതാക്കള്‍ അതിര്‍ത്തിയിലെ ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍ മുന്‍ ജോമിലെ സമാധാന ഭവനത്തില്‍ കൂടിക്കാഴ്ച നടത്തും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഉത്തര കൊറിയയുടെ കിം ജോംഗ് ഉന്നും ചര്‍ച്ചയില്‍ പങ്കെടുക്കും. 2000ലും 2007ലും ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ബന്ധം ഇത്രയും വഷളായ സാഹചര്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നത് ലോകത്തിനാകെ ആശ്വാസം പകരുന്നതാണ്. ഈ ചര്‍ച്ചക്കായി ഉ. കൊറിയന്‍ നേതാവ് ദക്ഷിണ കൊറിയന്‍ മണ്ണില്‍ എത്തുന്നുവെന്നതും ചരിത്രപരമാണ്. ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ താരങ്ങള്‍ അയല്‍ കൊറിയയില്‍ എത്തിയതിന്റെ തുടര്‍ച്ചയായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന്റെ മഹത്തായ മാതൃകകള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സമാധാന ഗതികളെയാകെ തകിടം മറിക്കുന്ന അത്യാഹിതങ്ങളും ഇടപെടലുകളും ഉണ്ടായില്ലെങ്കില്‍ പ്രതിനായക വേഷത്തില്‍ മാത്രം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന കിം ജോംഗ് ഉന്‍ യഥാര്‍ഥ നായകനായി മാറും. മാസങ്ങള്‍ക്ക് മുമ്പ് എന്തായിരുന്നു സ്ഥിതി? മൂന്നാം ലോകമഹായുദ്ധം തുടങ്ങാന്‍ പോകുന്നത് കൊറിയന്‍ ഉപദ്വീപില്‍ നിന്നാണെന്ന് വിലയിരുത്തുന്ന ഘട്ടം. ഉത്തര കൊറിയ നിരന്തരം മിസൈലുകള്‍ പരീക്ഷിക്കുന്നു. വെല്ലുവിളിയുടെ ശരീര ഭാഷ മാത്രമാണ് അവിടുത്തെ ഭരണാധികാരി കിം ജോംഗ് ഉന്‍ അന്ന് പുറത്തെടുത്തത്. ഏത് നിമിഷവും യുദ്ധത്തിലേക്ക് നീങ്ങാവുന്ന സ്ഥിതി. ഉത്തര കൊറിയ തങ്ങളുടെ ആണവ നിലയങ്ങള്‍ അതിവേഗം പ്രവര്‍ത്തന സജ്ജമാക്കി. ഇനി ഒരു നിമിഷം നോക്കി നില്‍ക്കാനാകില്ലെന്ന് കിം ജോംഗ് ഉന്‍ തീര്‍ത്തു പറഞ്ഞു. ഉന്‍- ട്രംപ് വാക്‌പോര് ഏറ്റവും മോശമായ നിലയിലേക്ക് കത്തിപ്പടര്‍ന്നു. മേഖലയിലാകെ അമേരിക്ക യുദ്ധ സന്നാഹം ശക്തമാക്കി. ഈ സന്നാഹങ്ങളെ അത് അങ്ങ് കൊറിയന്‍ ഉപദ്വീപിലല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ലോകത്ത് ഒരു രാജ്യത്തിനും സാധ്യമല്ലാത്ത നില വന്നു. കാരണം, ഒരു യുദ്ധവും ഇനി അതിര്‍ത്തികള്‍ക്കും നിയമങ്ങള്‍ക്കും വിധിവിലക്കുകള്‍ക്കും ഇടയില്‍ ഒതുങ്ങി നില്‍ക്കുകയില്ല. അതിന്റെ തന്ത്രങ്ങളും അവ വരുത്തി വെക്കുന്ന കെടുതികളും അതിര്‍ത്തികള്‍ കീറി മുറിച്ച് സഞ്ചരിക്കും. യുദ്ധത്തിന്റെ ആഗോളവത്കരണം സ്വാഭാവികമായി സംഭവിക്കും.

മേഖലയില്‍ നിന്ന് യുദ്ധത്തിന്റെ കാര്‍മേഘം താത്കാലികമായെങ്കിലും ഒഴിഞ്ഞു പോകുന്നതില്‍ ദക്ഷിണ കൊറിയയിലെ പുതിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ ആത്മാര്‍ഥതയും സമാധാന സ്‌നേഹവുമുണ്ട്. ചോംഗ്‌ബോക്ക് എന്നാണ് വിളിപ്പേര്. അതിനര്‍ഥം വടക്കിന്റെ അനുയായി എന്നാണ്. ഉത്തര കൊറിയയില്‍ നിന്ന് അഭയാര്‍ഥികളായി ദക്ഷിണ കൊറിയയില്‍ എത്തിയവരുടെ പിന്‍മുറക്കാരനാണ്. 1970കളില്‍ വിദ്യാര്‍ഥിയായിരിക്കെ സ്വേച്ഛാധിപത്യ, പട്ടാള ഭരണത്തിനെതിരായ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. അതോടെ രാഷ്ട്രീയത്തില്‍ സജീവമായി. ഇടക്ക് സൈനിക സേവനത്തിന് പോയി. ഉത്തര കൊറിയക്കെതിരായ യുദ്ധത്തില്‍ പങ്കെടുത്തു. അവിടെ നിന്ന് തിരിച്ചെത്തിയത് തികഞ്ഞ യുദ്ധവിരുദ്ധനായാണ്. നിയമ ബിരുദം നേടി. അതും പോരാട്ടത്തിന്റെ ഉപാധിയാക്കി മാറ്റി. മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം നിയമ സഹായവുമായെത്തി. അതോടെ മനുഷ്യാവകാശ അഭിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തനായി. പ്രസിഡന്റ് പദവി ഏറ്റെടുത്തയുടന്‍ അദ്ദേഹം പറഞ്ഞത് ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നാണ്. വേണമെങ്കില്‍ ഉ. കൊറിയന്‍ ഭരണാധികാരി ഉന്നുമായി നേരിട്ടുള്ള ചര്‍ച്ചക്ക് പ്യോംഗ്‌യാംഗിലേക്ക് പോകാമെന്ന് 64കാരനായ മൂണ്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. സമവായത്തിന്റെ സണ്‍ഷൈന്‍ പോളിസിയുമായി മുന്നോട്ട് പോകും. കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് തുറക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഇങ്ങനെ പോകുന്നു മൂണിന്റെ പ്രഖ്യാപനങ്ങള്‍. ഇരു കൊറിയകളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണ് കെയ്‌സൂംഗ് വ്യവസായ യൂനിറ്റ്. ഉത്തര കൊറിയന്‍ ഭാഗത്താണ് പാര്‍ക്ക്. ഇവിടെ സാധാരണ തൊഴിലാളികള്‍ അടക്കം 52,000 ദക്ഷിണ കൊറിയക്കാര്‍ ഉണ്ട്്. 2004ല്‍ സ്ഥാപിച്ച പാര്‍ക്ക് ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. 1950 മുതല്‍ 1954 വരെ നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ ഇരു കൊറിയകളും സമാധാന കരാര്‍ ഒപ്പു വെച്ചെങ്കിലും യുദ്ധ വിരാമ കരാര്‍ ഇന്നും നിലവില്‍ വന്നിട്ടില്ല. സാങ്കേതികമായി ഇരുരാജ്യങ്ങളും ഇന്നും യുദ്ധത്തിലാണ്. പലപ്പോഴും യുദ്ധവിരാമ കരാറിന് വഴി തെളിഞ്ഞിരുന്നു. അപ്പോഴൊക്കെ ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സാന്നിധ്യത്തില്‍ തട്ടിയാണ് അവ തകര്‍ന്നത്. ഇരു രാജ്യങ്ങളിലും ഇപ്പോഴും പുനരേകീകരണ വകുപ്പ് ഉണ്ട്. ഇരു ഭാഗത്തുമായി കുടുങ്ങിപ്പോയ കുടുംബങ്ങള്‍ക്ക് ഒരുമിക്കാന്‍ വര്‍ഷത്തില്‍ പല തവണ അവസരമൊരുങ്ങുകയും ചെയ്യാറുണ്ട്. കെയ്‌സൂംഗ് വ്യവസായ പാര്‍ക്ക് മാത്രം മതി ഈ രാജ്യങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനത്തിന്റെ സാധ്യത തിരിച്ചറിയാന്‍. കുട്ടനെയും മുട്ടനെയും കുത്തു കൂടിച്ച് ചോര കുടിക്കുന്ന അമേരിക്കന്‍ കുതന്ത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുത വിതക്കുന്നത്. ഈ വസ്തുത തിരിച്ചറിയുന്നത് കൊണ്ടാണ് മൂണിന് സൗഹൃദത്തിന്റെ സൂര്യ കിരണങ്ങള്‍ പ്രസരിപ്പിക്കാന്‍ സാധിക്കുന്നത്.

ഉത്തര കൊറിയയെ തകര്‍ത്തെറിയാനുള്ള സൈനിക ശേഷി അമേരിക്കക്ക് ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നിട്ടുമെന്താണ് അവര്‍ ആക്രമണം തുടങ്ങാത്തത്? കൂട്ടനശീകരണ ആയുധമുണ്ടെന്ന് പറഞ്ഞാണല്ലോ സദ്ദാമിനെ ആക്രമിച്ചത്. ഉ. കൊറിയയും ഇതേ ആരോപണം നേരിടുന്നു. ഒരു വ്യത്യാസമുണ്ട്. ഇറാഖില്‍ ഒരു ആയുധവുമില്ലെന്ന് അമേരിക്കക്ക് അറിയാമായിരുന്നു. ഉ. കൊറിയയില്‍ ചിലതൊക്കെ ഉണ്ടെന്നും അറിയാം. യുദ്ധമുണ്ടായാല്‍ ദക്ഷിണ കൊറിയയും ജപ്പാനും തകര്‍ന്നു തരിപ്പണമാകുമെന്നും കിറുക്കനായ ചെറുക്കന്‍ തൊടുത്തുവിടുന്ന ആയുധങ്ങള്‍ അമേരിക്കയില്‍ വരെ എത്തുമെന്നും ട്രംപിന് നന്നായി അറിയാം. അതുകൊണ്ട് യുദ്ധത്തിന് പകരം സമാധാനം വരട്ടെയെന്ന് ട്രംപ് നിലപാടെടുക്കുന്നു. ഉന്നുമായി സംസാരിക്കാന്‍ തയ്യാറെടുക്കുന്നു. നിരായുധീകരണമല്ല, ആയുധവത്കരണമാണ് ഇവിടെ സമാധാനം കൊണ്ടുവരുന്നത്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്