Connect with us

Gulf

കുതിരയോട്ട ലോക കപ്പ് ഇന്ന്; കുതിരകളും ജോക്കികളും തയ്യാര്‍

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും സമ്മാനത്തുകകളുള്ള കുതിരയോട്ട മല്‍സരം ഇന്ന്. ശനിയാഴ്ച ദുബൈ മെയ്ദാനിലെ ട്രാക്കില്‍ കുതിരകള്‍ കുതിക്കും. അമേരിക്ക, യു കെ, അയര്‍ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പന്തയക്കുതിരകളാണ് ഓടാനായി ദിവസങ്ങള്‍ക്ക് മുമ്പെ ഇവിടെ എത്തിയിരിക്കുന്നത്.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കുതിരപ്പന്തയക്കാരും കുതിര പ്രേമികളും മെയ്ദാനില്‍ ഒത്തുചേരും. ദുബൈ വേള്‍ഡ് കപ്പ് കാര്‍ണിവലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയമാണ് ദുബൈ വേള്‍ഡ് കപ്പ്. പാശ്ചാത്യ നാടുകളിലെന്ന പോലെ അഴകും വിനോദവുമെല്ലാം സമന്വയിക്കുന്ന കായികമാമാങ്കം.
ലോകത്തിലെ ഏറ്റവും കരുത്തരായ കുതിരകളും ഏറ്റവും പ്രശസ്തരും പ്രഗല്‍ഭരുമായ ജോക്കികളും അണിനിരക്കുന്നു.ശൈഖ് മുഹമ്മദ് തന്നെ മല്‍സരങ്ങളില്‍ അനേകം കുതിരകളുടെ ഉടമയാണ്. ഗൊഡോള്‍ഫിന്‍ റെയ്സിങ്ങ് എന്ന പേരിലുള്ള സംഘത്തില്‍ പെട്ട ആ കുതിരകളും ദുബൈ വേള്‍ഡ് കപ്പില്‍ പല തവണ ജേതാക്കളായിട്ടുണ്ട്. മൂന്നു കോടി ഡോളറാണ് എല്ലാ മല്‍സരങ്ങള്‍ക്കുമായുള്ള സമ്മാനത്തുക. ദുബൈ വേള്‍ഡ് കപ്പിന് മുന്നോടിയായി ദുബൈയുടെ വിവിധ കേന്ദ്രങ്ങളിലായി കുതിരയോട്ട മല്‍സരങ്ങള്‍ ഇതിനകം നടന്നു. അവയുടെയെല്ലാം പരിസമാപ്തി പോലെയാണ് ദുബൈ വേള്‍ഡ് കപ്പ്.

അരമണിക്കൂറിന്റെ വീതം ഇടവേളകളിലായി നടക്കുന്ന ഒമ്പത് മല്‍സരങ്ങളാണ് ദുബൈ വേള്‍ഡ് കപ്പിന്റെ ഘടന. അവസാനത്തെ മല്‍സരമാണ് ദുബൈ വേള്‍ഡ് കപ്പിന്റെ ഏറ്റവും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വര്‍ഷം സഊദി രാജകുടുംബാംഗത്തിന്റെ അറോഗേറ്റ് എന്ന കുതിരയായിരുന്നു ജേതാവായത്. ഈ മല്‍സര ജേതാവിന് ഒരു കോടി ഡോളറാണ് സമ്മാനം. പത്ത് ലക്ഷം മുതല്‍ 60 ലക്ഷം ഡോളര്‍ വരെയാണ് മറ്റ് എട്ട് മല്‍സരങ്ങളിലെ ജേതാവിനുള്ള സമ്മാനം.

ദുബൈ വേള്‍ഡ് കപ്പിന് ആതിഥ്യമരുളുന്ന മെയ്ദാനിലെ റെയ്സ് കോര്‍സ് തന്നെ ഹൃദ്യമായ ഒരു കാഴ്ചയാണ്. 2010 ലാണ് മെയ്ദാന്‍ ഗ്രാന്റ് സ്റ്റാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. വിവിധ തലങ്ങളിലുള്ള ആഢംബര പൂര്‍ണ്ണമായ സൗകര്യങ്ങള്‍ നല്‍കുന്നതാണ് സ്്റ്റാന്റിലെ സംവിധാനങ്ങള്‍. വിനോദത്തോടൊപ്പം കുതിരയോട്ടം കാണാനുള്ള മികച്ച സംവിധാനങ്ങളും ഇവിടയുണ്ട്. സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ക്ക് വരെ അവരുടെ ഇഷ്ടാനുസരണം സീറ്റുകള്‍ തരപ്പെടുത്താം. പൊതു സ്ഥലങ്ങളില്‍ ഇരുന്ന് മല്‍സരം കാണാന്‍ പ്രവേശന ടിക്കറ്റുണ്ട്. 40 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ആഢംബര ഇരിപ്പിടങ്ങള്‍ക്ക് ഒന്നിന് 350 ദിര്‍ഹത്തിന് മേലോട്ടാണ് നിരക്ക്. നേരത്തെ തന്നെ ഇവിടെയുള്ള ടേബിളുകള്‍ റിസര്‍വ് ചെയ്യുകയാണ് പതിവ്. ആപ്രണ്‍ വ്യൂസ്, പ്രിമീയം, ദി ഗ്യാലറി, ദി ടെറസ്, ഫസ്റ്റ് ക്ലാസ് ലോഞ്ച്, ഗ്രാന്റ് സ്റ്റാന്റ് സ്യൂട്ട്, സ്‌കൈ ബബിള്‍, സിഗാര്‍ സ്യൂട്ട്, ദി ലോഞ്ച് എന്നിങ്ങനെ പോകുന്നു ഈ ഇരിപ്പിടങ്ങളുടെ നിര. ആഢംബരങ്ങളും സൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് ഇരിപ്പിടങ്ങളുടെ നിരക്കും കൂടും.
ഈവര്‍ഷം വേള്‍ഡ് കപ്പിന്
കുതിക്കുന്ന കുതിരകളും മറ്റു വിശേഷങ്ങളും
1. അവാര്‍ഡീ ( അമേരിക്ക)
ഉടമ: കോജി മീദ
ട്രെയിനര്‍: എം. മട്സുനഗ
ജോക്കി: യുടാക ടാകെ
2. ഗണ്ണിവേര ( അമേരിക്ക)
ഉടമ: സോളമന്‍ ഡെല്‍ വാലെ
ട്രെയിനര്‍: എ. സനോ
ജോക്കി: ജോയല്‍ റൊസാരിയോ
3. മുബ്താഹിജ് (അയര്‍ലണ്ട്)
ഉടമ: ശൈഖ് മൊഹമ്മദ് ബിന്‍ ഖലീഫ അല്‍ മക്തൂം
ട്രെയിനര്‍: ബി.ബഫെര്‍ട്
ജോക്കി: വിക്ടര്‍ എസ്പിനോസ
4. നോര്‍ത്ത് അമേരിക്ക (ബ്രിട്ടന്‍)
ഉടമ: റംസാന്‍ കദിറോവേ
ട്രെയിനര്‍: എസ്. സീമാര്‍
ജോക്കി: റിച്ചാര്‍ഡ് മുള്ളര്‍
5. പാവേല്‍ (അമേരിക്ക)
ഉടമ: റെഡാം റെയ്സിങ് എല്‍.എല്‍.സി
ട്രെയിനര്‍: ഡയോനീല്‍
ജോക്കി: മറിയോ ഗുട്ടിറസ്
6. ടലിസ്മാനിക് (ബ്രിട്ടന്‍)
ഉടമ: ഗൊഡോള്‍ഫിന്‍
ട്രെയിനര്‍: എ. ഫാബ്രെ
ജോക്കി: മൈക്കേല്‍ ബാര്‍സലോണ
7. തണ്ടര്‍ സ്നോ (അയര്‍ലണ്ട്)
ഉടമ: ഗൊഡോള്‍ഫിന്‍
ട്രെയിനര്‍: എസ്. ബിന്‍ സുറൂര്‍
ജോക്കി: ക്രിസ്റ്റോഫെ സൊമിലോന്‍
8. വെസ്റ്റ്കോസ്റ്റ് (അമേരിക്ക)
ഉടമ: ഗാരി ആന്റ് മേരി വെസ്റ്റ്
ട്രെയിനര്‍: ബി ബഫര്‍ട്
ജോക്കി: സേവിയര്‍ കാസ്റ്റെല്ലാനോ
9. ഫോര്‍എവര്‍ അണ്‍ബ്രിഡില്‍ഡ് (അമേരിക്ക)
ഉടമ: ചാള്‍സ് ഇ. ഫിപ്കെ
ട്രെയിനര്‍: ഡി.സ്ററിവാര്‍ട്
ജോക്കി: മൈക്ക് സ്മിത്
10. ഫുറിയ ക്രുസാഡ (ചൈന)
ഉടമ: അവാസ് ഇസ്മോഗലോവ്
ട്രെയിനര്‍: ഇ.ചാര്‍പി
ജോക്കി: അന്റോണിയോ ഫ്രെസു
വേള്‍ഡ് കപ്പിലെ മല്‍സരങ്ങള്‍
വൈകീട്ട് 3.45- ഗൊഡോള്‍ഫിന്‍ മൈല്‍- ഡര്‍ട്ട്- 1600 മീറ്റര്‍- 10 ലക്ഷം ഡോളര്‍
4.്15 കഹൈയ്ല ക്ലാസിക്- ഡര്‍ട്ട്-2000 മീറ്റര്‍- 10 ലക്്ഷം ഡോളര്‍
4.50- വേള്‍ഡ് കപ്പ്- ടര്‍ഫ്-3200 മീററര്‍- 10 ലക്ഷം ഡോളര്‍
5.30-യു.എ.ഇ ഡര്‍ബി- ഡര്‍ട്ട്- 1900 മീറ്റര്‍- 20 ലക്ഷം ഡോളര്‍
6.05- അല്‍ഖൂസ് സ്പ്രിന്റ്- ടര്‍ഫ്- 1200 മീറ്റര്‍- 10 ലക്ഷം ഡോളര്‍
6.40- ഗോള്‍ഡന്‍ ഷഹീന്‍- ഡര്‍ട്ട്-1200 മീ-20 ലക്ഷം ഡോളര്‍
7.35- ടര്‍ഫ്- 1800 മീറ്റര്‍-60 ലക്ഷം ഡോളര്‍
8.10- ഷീമ ക്ലാസിക്- ടര്‍ഫ്- 2410 മീറ്റര്‍- 60 ലക്ഷം ഡോളര്‍
8.50- ദുബൈ ലോക കപ്പ് 8.50- – ഡര്‍ട്ട്- 2000 മീറ്റര്‍- ഒരു കോടി ഡോളര്‍

 

Latest