Connect with us

Gulf

കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം; അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

Published

|

Last Updated

ദുബൈ: വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നു പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ കല്യാണ്‍ ജ്വല്ലേഴ്‌സ് പരാതി നല്‍കി.
ഇതേക്കുറിച്ചു നടപടികളെടുക്കാന്‍ പോലീസിനു ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജ്വല്ലേഴ്‌സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

വാട്‌സാപ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യു എ ഇയിലെ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു. വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പോലീസിനു നല്‍കിയ പരാതിയിലാണു നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ജ്വല്ലേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡ്ലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ തൃശൂരില്‍ പറഞ്ഞു.

ഉത്തരവാദിത്വമില്ലാത്ത ചില ആളുകള്‍ നടത്തുന്ന വ്യാജപ്രചാരണം ഈ ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. യു എ ഇയിലെ നിയമസംവിധാനവും ദുബൈ പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്നും കല്യാണരാമന്‍ ചൂണ്ടിക്കാട്ടി.