ദേരയില്‍ നിന്നുള്ള വാഹനയാത്ര സുഗമമാക്കി അല്‍ മറാക്കിഷ് മേല്‍പാലം

Posted on: March 31, 2018 10:21 pm | Last updated: March 31, 2018 at 10:21 pm

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് പുതിയൊരു മേല്‍പാലം സഞ്ചാര യോഗ്യമായി. എയര്‍പോര്‍ട്ട് റോഡ് നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായാണ് പുതിയ റോഡ്.

ദേരയില്‍ നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള എയര്‍പോര്‍ട്ട് റോഡില്‍ അല്‍ മാറാക്കിഷ് ഇന്റര്‍സെക്ഷന്‍ ഭാഗത്തെ സിഗ്‌നല്‍ ഒഴിവാക്കിയാണ് ഈ മേഖലയെ ബന്ധിപ്പിക്കുന്ന പാലം ആര്‍ ടി എ അധികൃതര്‍ തുറന്നത്. 2016 മധ്യത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റു ഭാഗത്തുള്ള റോഡുകളുടെ നവീകരണം ലക്ഷ്യമിട്ട് വിപുലീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. അടുത്ത മാസം അവസാനത്തോടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലേക്ക് 30 മിനുറ്റ് കൊണ്ട് എത്തിച്ചേര്‍ന്നിടത്ത് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ അഞ്ച് മിനുറ്റ് കൊണ്ട് എത്തിച്ചേരാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.

40.4 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തീകരിക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ ദുബൈ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വര്‍ധിച്ച ഗതാഗത ആവശ്യങ്ങളെ കൂടി നിറവേറ്റുന്ന വിധത്തിലുള്ളതാണ്. കഴിഞ്ഞ ആഴ്ചയില്‍ അല്‍ ഖവാനീജ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹന യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ ഒന്ന്, മൂന്ന് എന്നിവിടങ്ങളിലേക്ക് സുഗമമായി എത്തിച്ചേരുന്നതിനുള്ള പുതിയ മേല്‍പാലങ്ങള്‍ അധികൃതര്‍ തുറന്ന് കൊടുത്തിരുന്നു. ഇതോടെ ഈ മേഖലയിലെ ഗതാഗതം ഏറെ സുഖകരമായിട്ടുണ്ട്. ദേരയില്‍ നിന്ന് അല്‍ ഖവാനീജ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ മേല്‍പാലം ഇന്നലെ സജ്ജമായതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വഴി യാത്ര ചെയ്യാമെന്നതാണ് സവിശേഷത.