Connect with us

Gulf

കേട്ട പാതി കേള്‍ക്കാത്ത പാതി

Published

|

Last Updated

തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഥവാ സ്വഭാവ സാക്ഷ്യപത്രം വേണമെന്ന നിബന്ധനയില്‍ നിന്ന് ഇന്ത്യക്കാരെ അടക്കം എട്ട് രാജ്യക്കാരെ യു എ ഇ ഭരണകൂടം ഒഴിവാക്കിയെന്ന പ്രചാരണം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. നിബന്ധന ഒഴിവാക്കിയിട്ടില്ലെന്നു യു എ ഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. പിന്നെ, എങ്ങിനെയാണ് സാക്ഷ്യപത്ര നിബന്ധന ഒഴിവാക്കിയെന്ന പ്രചാരണം നടന്നത്? വിവര വിനിമയ കാര്യത്തില്‍ മാധ്യമങ്ങളുടെ സൂക്ഷ്മതാരാഹിത്യത്തിലേക്കു അത് വിരല്‍ ചൂണ്ടുന്നു. യു എ ഇയില്‍ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നത്, തസ്ഹീല്‍ കേന്ദ്രങ്ങളാണ്. അപേക്ഷയുടെ കൂടെ സ്വഭാവ സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന നിയമം കഴിഞ്ഞ മാസം നാലിനാണ് പ്രാബല്യത്തില്‍ വന്നത്. യു എ ഇ യില്‍ തൊഴില്‍ തേടുന്നവരില്‍ ഇത് ആദ്യം അല്പം അങ്കലാപ്പ് സൃഷ്ടിച്ചു. സന്ദര്‍ശക വിസയില്‍ യു എ ഇയില്‍ എത്തി തൊഴില്‍ തേടുന്നവര്‍ നിരാശരായി നാട്ടിലേക്ക് മടങ്ങി. “ഓഫര്‍ ലെറ്റര്‍” ഉള്ളവര്‍ നാട്ടില്‍ പരക്കം പാഞ്ഞു. തിരുവനന്തപുരത്തെ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാക്ഷ്യപത്രം വേഗത്തില്‍ ലഭ്യമായില്ല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. നാട്ടിലെ അതാത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സാക്ഷ്യപത്രം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഫീസ് 1500 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു.

ജില്ലാ ആസ്ഥാനങ്ങളില്‍ നോര്‍ക്ക ഓഫീസ് സെല്ലുകള്‍ ഉള്ളതിനാല്‍ തുടര്‍നടപടികള്‍ എളുപ്പമായി. അപേക്ഷകനു വേണ്ടി, ഉറ്റവര്‍ക്കു കടലാസു പണികള്‍ പൂര്‍ത്തിയാക്കാമെന്ന അറിയിപ്പും ഓണ്‍ലൈന്‍ സംവിധാനങ്ങളും ആശ്വാസമായി.

എന്നാലും ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്നു. തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിലും മറ്റും വന്‍ തിരക്കായി. നടപടിക്രമങ്ങള്‍ അറിയാത്ത നിഷ്‌കളങ്കരെ പറ്റിക്കാന്‍ ഇടനിലക്കാര്‍ രംഗത്തു വന്നു. അവര്‍ ചൂഷണം തുടങ്ങിയത് മറ്റൊരു കാഴ്ച.
യു എ ഇയില്‍ തൊഴില്‍ വിസ ലഭിക്കാനുള്ള തത്രപ്പാടില്‍ ആയിരങ്ങളാണ് വലഞ്ഞത്.

സ്വാഭാവികമായും, കഴിഞ്ഞ ദിവസം സ്വഭാവ സാക്ഷ്യപത്രം ആവശ്യമില്ലെന്ന വാര്‍ത്ത, കേട്ടപാതി കേള്‍ക്കാത്ത പാതി കാട്ടുതീ പോലെ പടര്‍ന്നു. നാട്ടില്‍ പോലീസ് സ്റ്റേഷനിലേക്കു വണ്ടി കയറിയവര്‍ വഴിയില്‍ നിന്നു മടങ്ങി. നാട്ടില്‍ നിന്ന് യു എ ഇ യിലേക്ക് പലരും വിളിച്ചു സന്തോഷം പങ്കുവെച്ചു. ആ വാര്‍ത്തയ്ക്കു ഒരു ദിവസത്തെ ആയുസ്സു പോലും ഉണ്ടായില്ല. സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന് യു എ ഇ മാനവശേഷി മന്ത്രാലയം ആവര്‍ത്തിച്ചു.

വിസക്ക് അപേക്ഷ സ്വീകരിക്കുന്ന ഏതോ തസ്ഹീല്‍ കേന്ദ്രത്തില്‍ നിന്ന് ആരോ പറഞ്ഞു കേട്ടത് വാര്‍ത്തയാക്കിയപ്പോഴുള്ള പ്രശ്‌നമായിരുന്നു ആശയക്കുഴപ്പം. അധികൃതരുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചപ്പോള്‍, സ്വഭാവ സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്കും വിസ ഒരു ദിവസം അനുവദിച്ചു കിട്ടി. കുറഞ്ഞ സമയത്തേക്ക് മാത്രമായിരുന്നു ആ ആനുകൂല്യം. ഔദ്യോഗിക പ്രഖ്യാപനം ഇല്ലെന്നത് കണക്കിലെടുക്കാതെ മാധ്യമ പ്രവര്‍ത്തകര്‍, നിര്‍ബന്ധമില്ലാ വാര്‍ത്ത ചമച്ചു. സാമൂഹിക മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു.

യു എ ഇ നിയമങ്ങള്‍ പലതും കാലത്തിനനുസരിച്ചു മാറും. അത് നടപ്പിലാക്കുമ്പോള്‍ ഔദ്യോഗിക വഴിയിലൂടെ മാധ്യമങ്ങള്‍ക്കു ലഭിക്കും. അത് കൊണ്ടു തന്നെ വ്യാജ വാര്‍ത്തകള്‍ യു എ ഇ യില്‍ നിന്ന് അധികം പുറപ്പെടാറില്ലായിരുന്നു. വാര്‍ത്ത ആദ്യം കൊടുക്കാനുള്ള ആവേശത്തില്‍, ചിലര്‍ പ്രാഥമിക പാഠം മറന്നു പോകുന്നുവെന്നത് പുതിയ കാലത്തിന്റെ ദുര്യോഗം. ഏതാനും ആഴ്ചകള്‍ക്കു മുമ്പ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചു എന്ന വാര്‍ത്ത ഉണ്ടായിരുന്നു. വാസ്തവത്തില്‍, എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഏജന്‍സിയായ അറേബ്യന്‍ ട്രാവല്‍സ് ആലോചിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പല മാധ്യമ പ്രവര്‍ത്തകരും എയര്‍ ഇന്ത്യ അധികൃതരെ വിളിച്ചു ചോദിച്ചു. അവര്‍ കൈമലര്‍ത്തി. അറേബ്യന്‍ ട്രാവല്‍സും എയര്‍ഇന്ത്യയും തമ്മില്‍ ബന്ധം വഷളാകുന്നിടം വരെ കാര്യം എത്തി. ഇതിനിടയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഒരു മുഴം മുമ്പേ എറിയാന്‍ ശ്രമിച്ചത് മലയാളി സമൂഹത്തിനാകെ നാണക്കേട് വരുത്തി.

നടി ശ്രീദേവി ദുബൈയില്‍ ഹോട്ടലില്‍ ബാത് ടബ്ബില്‍ മരിച്ചത് ചുറ്റിപ്പറ്റി എന്തെല്ലാം അഭ്യൂഹങ്ങളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പരത്തിയത്. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു എന്ന് തൊട്ട്, അധോലോക രാജാക്കന്മാരുടെ കറുത്ത കൈകള്‍ വരെ, ബാത് ടബ്ബില്‍ കിടന്നും വെള്ളത്തില്‍ മുങ്ങിയും ചില ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട് ചെയ്തു. സന്ധ്യാസമയ ചാനല്‍ ആക്രോശങ്ങളില്‍ കുറച്ചു ദിവസം ശ്രീദേവി രണ്ടോ മൂന്നോ തവണ മരിച്ചു.

വ്യാജ വാര്‍ത്തകള്‍ തലങ്ങും വിലങ്ങും പായുന്നതു തുടരുകയാണ്, വസ്തുതകളുടെ പിന്‍ബലമില്ലാതെ. അഭ്യൂഹങ്ങളുടെ തണലില്‍ വാര്‍ത്തകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ലെന്ന് ലേഖകര്‍ ഓര്‍ക്കുന്നില്ല. കാടടച്ചു വെടിയുതിര്‍ക്കുന്ന സാമൂഹിക മാധ്യമ പ്രവണത സാമ്പ്രദായിക മാധ്യമങ്ങള്‍ കൂടി കൈക്കൊള്ളുന്നു. കതിരേത് പതിരേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. വാര്‍ത്തകളിലുള്ള വിശ്വാസ്യത തകരന്നു. ഒരു ദേശത്തിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാവുന്നു. വസ്തുതകള്‍ പവിത്രമാണ്, വിശകലനങ്ങള്‍ എന്തുമാകാം എന്നത് വെറും ആശയമല്ല. ചൂണ്ടുപലകയാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്