പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവും പ്രവര്‍ത്തകരും
Posted on: March 31, 2018 9:31 pm | Last updated: April 1, 2018 at 1:08 pm

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാംവര്‍ഷ എക്‌ണോമിക്‌സ് ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ് ഹനീഫ്, എം പി പ്രവീണ്‍, രണ്ടാം വര്‍ഷ ബി എസ് സി കണക്ക് വിദ്യാര്‍ഥി ശരത് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അടുത്തമാസം വിരമിക്കാനിരിക്കുന്ന പുഷ്പജക്കുള്ള യാത്രയയപ്പു പരിപാടികള്‍ നടക്കുന്നതിനിടെയാണ് ക്യാമ്പസില്‍ ആദരാജ്ഞലി പോസ്റ്റര്‍ എഴുതി വിദ്യാര്‍ഥികള്‍ രോഷം പ്രകടിപ്പിച്ചത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഹനീഫ് എസ് എഫ് ഐയുടെ ജില്ലാ കമ്മിറ്റിയംഗവും പ്രവീണും ശരത്തും സംഘടനയുടെ പ്രവര്‍ത്തകരുമാണ്. ‘വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍…ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു…’നെഹ്‌റു’വിന് ശാപമോക്ഷം എന്നാണ് പോസ്റ്ററിലുണ്ടായിരുന്നത്. രണ്ടുമാസം കഴിഞ്ഞാണ് വിരമിക്കുന്നതെങ്കിലും ഇപ്പോള്‍ വിരമിക്കുന്ന അധ്യാപകര്‍ക്കൊപ്പം പ്രിന്‍സിപ്പലിനും യാത്രയയപ്പ് നല്‍കുകയായിരുന്നു.

പോസ്റ്ററിന് പുറമെ മധുരം നല്‍കിയും പടക്കം പൊട്ടിച്ചും ഏതാനും ചില വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ യാത്രയയപ്പിനെ ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്യാര്‍ഥികള്‍ തന്നെ പ്രചരിപ്പിച്ചതാണ് ഉത്തരവാദികളായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് സഹായകമായതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുഹമ്മദ് ഹനീഫ് ഫെയ്‌സ്ബുക്കില്‍ പ്രിന്‍സിപ്പലിനെതിരെ പോസ്റ്റ് ഇട്ടിരുന്നു. ചില കാരണങ്ങളാല്‍ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നുവെന്നാണ് ഹനീഫ് ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നത്.

ശനിയാഴ്ച നടന്ന കോളജ് ഭരണസമിതി യോഗത്തില്‍ പ്രിന്‍സിപ്പലിനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ വിശദമായി ചോദിച്ചിരുന്നു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച യോഗം ആവശ്യമായ നടപടി കൈക്കൊള്ളാന്‍ പ്രിന്‍സിപ്പിലിനോട് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.