Connect with us

National

ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍കൗണ്‍സില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ള എം പിമാരായ അഭിഭാഷകര്‍ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് സുപ്രീം കോടതിക്ക് നേരെയുളള ഭീഷണിയാണെന്നും കൗണ്‍സില്‍ അറിയിച്ചു.

ഒപ്പു വെച്ച എം പിമാര്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്നും വിലക്ക് ലംഘിച്ചാല്‍ പ്രാക്ടീസിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇന്ന് നടന്ന ജനറല്‍ബോഡി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപില്‍ സിബല്‍, മനു അഭിഷേക് സിങ്വി, വിവേക് തന്‍ഖ തുടങ്ങിയവരാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട എം പിമാരായ പ്രധാന അഭിഭാഷകര്‍.

ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നല്‍കും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോണ്‍ഗ്രസ്, സി പി എം, സി പി ഐ അംഗങ്ങള്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പിന്തുണയറിയിച്ച് ഒപ്പിട്ടവരില്‍ ഉള്‍പ്പെടും. ഇതോടെയാണ് വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെട്ടത്.

ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിക്കാന്‍ രാജ്യസഭയിലാണെങ്കില്‍ അന്‍പത് അംഗങ്ങളുടെയും ലോക്‌സഭയിലാണെങ്കില്‍ നൂറ് എംപിമാരുടെ പിന്തുണവേണം. നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ ഉപരാഷ്ട്രപതി അന്വേഷണ സമിതിയെ നിയോഗിക്കുന്നതാണ് അടുത്ത നടപടി.

Latest