Connect with us

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷക്ക് വിദ്യാര്‍ഥിനിക്ക് നല്‍കിയിത് 2016ലെ ചോദ്യപേപ്പര്‍

Published

|

Last Updated

കോട്ടയം: സി ബി എസ് ഇ ഗണിതപരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മാറി നല്‍കി കോട്ടയവും വിവാദത്തിലേക്ക്. കോട്ടയം വടവാതൂര്‍ നവോദയ സെന്ററില്‍ പരീക്ഷയെഴുതിയ അമിയ സലീം എന്ന വിദ്യാര്‍ഥിനിക്ക്് ലഭിച്ചത് 2016ലെ കണക്കുപരീക്ഷയുടെ ചോദ്യപേപ്പറാണ്. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അമിയ.

പരീക്ഷയ്ക്കുശേഷം ബസ്സില്‍ യാത്രചെയ്യവെ സഹപാഠികളുടെ ചോദ്യപേപ്പറും തന്റെ ചോദ്യപേപ്പറുമായി വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്ന് അമിയയ്ക്ക് മനസ്സിലായത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിവേദിതയെ വിവരം അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ചോദ്യപേപ്പര്‍ മാറിയതുസംബന്ധിച്ച് സി ബി എസ് ഇ തിരുവനന്തപുരം റീജ്യനല്‍ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായില്ല. സി ബി എസ് ഇ പരീക്ഷക്ക് മൂന്ന് സെറ്റ് ചോദ്യപേപ്പറുകളാണ് എത്തിക്കുന്നത്. ഇതില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയശേഷം പകരം പഴയ ചോദ്യപേപ്പര്‍ തിരുകിക്കയറ്റിയതാണോയെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കുശേഷം മാത്രമേ യഥാര്‍ഥ വസ്തുതയെന്തെന്ന് വ്യക്തമാവുകയുള്ളൂ.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ പുനപ്പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗണിതപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും അതുകൊണ്ട് മറ്റ് സ്ഥലങ്ങളില്‍ പുനപ്പരീക്ഷ നടത്തേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, കേരളത്തിലും ചോദ്യപേപ്പര്‍ വിവാദം ഉയര്‍ന്നുവന്നതോടെ പുനപ്പരീക്ഷ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.