യൂസുഫ് രിഫാഇ അന്തരിച്ചു

അന്ത്യം ഇന്നലെ രാത്രി അമീരി ആശുപത്രിയില്‍
Posted on: March 31, 2018 7:43 pm | Last updated: March 31, 2018 at 9:57 pm
SHARE

കുവൈത്ത്‌: കുവൈത്തിലെ മുന്‍ മന്ത്രിയും പ്രശസ്ത പണ്ഡിതനും ലോക ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന സയ്യിദ് യൂസുഫ് ഹാശിം രിഫാഇ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി അമീരി ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടു ഭാര്യമാരിലായി എട്ടു മക്കളുണ്ട്. പൊതു വിദ്യാഭ്യാസ വിഭാഗം മേധാവി യഅഖൂബ് രിഫാഇ, സുപ്രീം കോടതി ലീഗല്‍ അഡ്വൈസര്‍ മുഹമ്മദ് രിഫാഇ, പ്രശസ്ത കവയിത്രി നദാ യൂസുഫ് രിഫാഇ, ഖാലിദ് രിഫാഇ തുടങ്ങിയവര്‍ മക്കളാണ്.
കുവൈത്ത് പാര്‍ലമെന്റ് അംഗം ഉസാമ ഷഹീന്‍ വിദേശ കാര്യ വകുപ്പിലെ കോണ്‍സുലര്‍ അനസ് ഷഹീന്‍, ഔസ് ഷഹീന്‍ എന്നിവര്‍ പൗത്രന്മാരാണ്.

1930ല്‍ കുവൈത്തില്‍ ജനിച്ച അദ്ദേഹം കുവൈത്തിലെ പഠനത്തിനു ശേഷം ഈജിപ്തിലെ ജാമിഅ അല്‍ അസ്ഹറില്‍ നിന്നാണ് ഉന്നത വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇസ്ലാമിക ആശയ പ്രചരണ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവമായ അദ്ദേഹം ഇന്ത്യ, പാക്കിസ്ത്ഥാന്‍, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പള്ളികള്‍, മദ്രസകള്‍, ആശുപത്രികള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് സ്വാതന്ത്ര്യം നേടിയ ശേഷം 1963 ല്‍ സ്ഥാപിതമായ ആദ്യത്തെ ദേശീയ അസംബ്ലിയില്‍ അംഗമായ അദ്ദേഹം പിന്നീട് മന്ത്രിയായി നിയമിതനായി. രാജ്യത്തിന്റെ അമീറുമാരായിരുന്ന ഷെയ്ഖ് അബ്ദുള്ള അല്‍ സാലീം അല്‍ സബാഹ്, ശൈഖ് സാബാ അല്‍ സാലീം അല്‍ സബാഹ്, ശൈഖ് ജാബിര്‍ അഹ്മദ് അല്‍ സബാഹ് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സുന്നി പണ്ഡിതന്മാരുമായി അദ്ദേഹത്തിന് അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമ എം. ഏ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ചിത്താരി കെ.പി. ഹംസ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര്‍ക്ക് ഷൈഖ് രിഫാഇയുമായി വളരെ അടുത്ത ബന്ധമായിരുന്നു. ശൈഖ് അബൂബക്കറിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും അളവറ്റ് സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കുവൈത്തില്‍ വിദേശികളുടെ ഏറ്റവും വലിയ മൗലീദ് സദസ്സ് പരിശുദ്ദ റബീ ഉല്‍അവ്വല്‍ മാസത്തില്‍ സയ്യിദ് രിഫാഇയുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി ഐ സി എഫ് ആണ് സംഘടിപ്പിച്ചു വരുന്നത്.
എല്ലാ വ്യാഴാഴ്ച്ചയും അദ്ദേഹത്തിന്റെ ദീവാനിയില്‍ നടന്നു വരുന്ന ദിക് ര്‍ സദസ്സില്‍ വിവിധ രാജ്യക്കാരായ നിരവധി പണ്ഡിതന്മാരും സാധാരണക്കാരും പങ്കെടുക്കാറുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം കുവൈത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കുവൈത്ത് ഐ സി എഫ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here