Connect with us

National

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പുനഃപരീക്ഷാ തീരുമാനത്തിലും
ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി പോലീസ് അറസ്റ്റ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ ഛത്രയില്‍ നിന്നാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇവരെ ജുവനൈല്‍ ഹോമില്‍ റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്ന് പേരില്‍ ഒരാളെ ബിഹാറില്‍ നിന്നും രണ്ട് പേരെ ഝാര്‍ഖണ്ഡില്‍ നിന്നുമാണ് പിടികൂടിയത്.

സ്റ്റഡി വിഷന്‍ എന്ന ട്യൂഷന്‍ കേന്ദ്രത്തിലെ രണ്ട് ഡയറക്ടര്‍മാരും ഒരു അധ്യാപകനുമാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ഛാത്ര പോലീസ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തിയ റാക്കറ്റ് ട്യൂഷന്‍ സെന്ററുകളെ സമീപിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍, വിദ്യാര്‍ഥികളുടെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വാട്‌സ്ആപ്പ് ഗ്രുപ്പുകളുമായി ബന്ധപ്പെട്ട് 60ഓളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സി ബി എസ് ഇ ഡല്‍ഹി മേഖലാ ഡയറക്ടറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നല്‍കി. ചോദ്യപേപ്പര്‍ സൂക്ഷിച്ച ബേങ്ക് മാനേജര്‍മാരില്‍ നിന്ന് അന്വഷണ സംഘം വിശദീകരണം തേടി.

അതേസമയം, മറ്റ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന ആരോപണം സി ബി എസ് ഇ നിഷേധിച്ചു. പന്ത്രണ്ടാം ക്ലാസിലെ ഐഛിക വിഷയമായ ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണമാണ് സി ബി എസ് ഇ പത്രക്കുറിപ്പിലൂടെ നിഷേധിച്ചത്. എന്നാല്‍, പരീക്ഷക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി ഒരു വിദ്യാര്‍ഥിനി വെളിപ്പെടുത്തി. ചോദ്യപേപ്പര്‍ ചോര്‍ന്നത് തെളിവ് സഹിതം മാര്‍ച്ച് 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നതായി ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍വി ബെഹലാണ് അറിയിച്ചത്. മാര്‍ച്ച് 26ന് നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജാന്‍വിയും അധ്യാപകരും ചേര്‍ന്ന് മാര്‍ച്ച് 17ന് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതമായിരുന്നു കത്ത്.

കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് ഒരു നടപടിയും എടുത്തില്ലെന്ന് ജാന്‍വി ആരോപിക്കുന്നു. പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി, ബിയോളജി ചോദ്യപേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നും എല്ല പരീക്ഷകളും വീണ്ടും നടത്തണമെന്നുമാണ് ജാന്‍വിയുടെ ആവശ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അേന്വഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയെയും ഉന്നതല അന്വഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥി രോഹന്‍ മാത്യു സുപ്രീം കോടതിയെയും സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ചോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി രോഹന്‍ മാത്യുവും രക്ഷിതാക്കളുടെ സംഘടനയുമാണ് കോടതിയെ സമീപിച്ചത്. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാത്തിലെ അവ്യക്തത നീക്കണമെന്നും രോഹന്‍ ഹരജിയില്‍ പറയുന്നു.

മാര്‍ച്ച് 28നാണ് സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രപരീക്ഷയും റദ്ദാക്കിയത്.

അറസ്റ്റിലായവരില്‍
എ ബി വി പി നേതാവും

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായത്് ആര്‍ എസ് എസ് നേതാവ്. എ ബി വി പി ഛാത്ര ജില്ലാ കോഓര്‍ഡിനേറ്ററും കോച്ചിംഗ് സെന്റര്‍ ഉടമയുമായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എന്‍ എസ് യുവും മഹിളാ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

അറസ്റ്റിലായവരില്‍ പങ്കജ് സിംഗ് എന്ന മറ്റൊരു എ ബി വി പി പ്രവര്‍ത്തകനും ഉണ്ടെന്നാണ് സൂചന. സതീഷ് പാണ്ഡെ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ജാര്‍ഖണ്ഡില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എ ബി വി പിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധ ക്യാമ്പയിനും ആരംഭിച്ചു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസിലെ പ്രത്യേക അന്വേഷണ സംഘം ഝാര്‍ഖണ്ഡ് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി.

Latest