ഓഖി ദുരിതാശ്വാസം:സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ലത്തീന്‍ സഭ

Posted on: March 31, 2018 12:49 pm | Last updated: March 31, 2018 at 8:00 pm

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വീഴ്ചയെന്ന് സംസ്ഥാന സര്‍ക്കാറിന് ലത്തീന്‍ സഭയുടെ വിമര്‍ശം. ഇതുവരെ 49 പേര്‍ക്ക് മാത്രാണ് സര്‍ക്കാര്‍ സഹായം കിട്ടിയതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാറിനെ സംസ്ഥാന സര്‍ക്കാര്‍ മാത്യകയാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ 177 പേര്‍ക്ക് 10 ലക്ഷം രൂപ വീതം ബേങ്കിലിട്ടു കൊടുത്തു.

ഇവിടെ സഹായത്തിന് അര്‍ഹരായവര്‍ തുക കിട്ടാന്‍ ട്രഷറിക്ക് മുന്നില്‍ കാവല്‍ കിടക്കേണ്ട സ്ഥിതിയാണെന്നും സൂസപാക്യം കുറ്റപ്പെടുത്തി. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിക്കാത്തതിനെത്തുടര്‍ന്ന് നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടു. പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുണ്ടെന്നും വേണ്ടത് ഉടന്‍ ചെയ്യാമെന്നുമാണ് പറഞ്ഞത്.

ഇരകള്‍ക്ക് സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തി. ജോലി, വീട് , ചികിത്സ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ നിറവേറ്റിയില്ല. ഓഖി ഫണ്ട് വിനിയോഗത്തിലും സംശയമുള്ളതിനാല്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. മൗനത്തെ നിസ്സഹായതയായി കണക്കാക്കരുതെന്നും സൂസപാക്യം പറഞ്ഞു.