കേരളത്തില്‍ വംശീയ വിവേചനത്തിനിരയായെന്ന് സുഡാനിയിലെ താരം സാമുവല്‍

Posted on: March 31, 2018 11:28 am | Last updated: April 1, 2018 at 10:17 am

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അണിയറക്കാര്‍ക്കെതിരെ വംശീയ വിവേചന ആരോപണവുമായി ചിത്രത്തിലെ പ്രധാന നടനും ആഫ്രിക്കന്‍ താരവുമായ സാമുവല്‍ റോബിന്‍സണ്‍.നാട്ടിലേക്ക് മടങ്ങിയ താരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മലയാളികളെ മുഴുവന്‍ ഞെട്ടിക്കുന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍നിന്നും തനിക്ക് വംശീയ വിവേചനം നേരിട്ടുവെന്നും ചിത്രത്തിലെ മറ്റ് താരങ്ങളേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചതെന്നും സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും തന്റെ ഗതി വരരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കാര്യങ്ങള്‍ ഇപ്പോഴെങ്കിലും തുറന്നു പറയുന്നതെന്നും സാമുവല്‍ പോസ്റ്റില്‍ പറയുന്നു. പടം ഹിറ്റായാല്‍ കൂടുതല്‍ പണം താരമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. ദരിദ്രരായ കറുത്ത വര്‍ഗക്കാര്‍ക്ക് പണത്തിന്റെ വിലയറിയില്ലെന്ന പൊതുധാരണയിലാണ് ഇങ്ങനെ സംഭവിച്ചതെന്നും സാമുവല്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ സാമുവലിന്റെ പോസ്റ്റ് സംബന്ധിച്ച് അണിയറക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.