നിര്‍ധനര്‍ക്കുള്ള കട്ടിലിറക്കാന്‍ അധിക കൂലി ആവശ്യപ്പെട്ട് സി ഐ ടി യു

  • മുഖ്യമന്ത്രിയുടെ താക്കീതും ഫലം കണ്ടില്ല
  • ഡ്രൈവര്‍ക്ക് ഭീഷണി
  • ദളിതരായ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് കട്ടിലുകള്‍ എത്തിച്ചത്
Posted on: March 31, 2018 6:07 am | Last updated: March 31, 2018 at 12:10 am

പാലക്കാട്: നോക്കുകൂലിക്കും അധികകൂലിക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ താക്കീത് അവഗണിച്ച് സി പി എം ഭരിക്കുന്ന പഞ്ചായത്തില്‍ നിര്‍ധനര്‍ക്കുള്ള കട്ടിലിനും അധിക കൂലി.

വി എസ് അച്ചുതാനന്ദന്റെ മണ്ഡലമായ പെരുവെമ്പ് പഞ്ചായത്തിലാണ് ദളിത് വിഭാഗത്തിലെ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനായി എത്തിച്ച കട്ടിലുകള്‍ ഇറക്കുന്നതിന് സി ഐ ടി യു അധിക കൂലി ആവശ്യപ്പെട്ടത്. സാമൂഹിക ക്ഷേമപദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കട്ടിലുകള്‍ കൊണ്ട് വന്നത്. തൊഴില്‍ വകുപ്പിന്റെ കണക്കു പ്രകാരം ഒരു കട്ടിലിന് 25 രൂപ നല്‍കിയാല്‍ മതിയെന്നിരിക്കെ തൊഴിലാളികള്‍ ആവശ്യപ്പെട്ടത് 50 രൂപയാണ്.

എന്നാല്‍, അത്രയും തുക തന്റെ കൈയില്‍ ഇല്ലെന്നും കൈയിലുള്ള 1500 രൂപ നല്‍കാമെന്നും ലോറി ഡ്രൈവര്‍ പറഞ്ഞു. ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന തൊഴിലാളികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറയുന്നു.

തുക നല്‍കാന്‍ ബേങ്ക് അധികൃതരും കരാരുകാരനും തയ്യാറാക്കാതെ വന്നതോടെ 110 കട്ടിലുകളുമായി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിട്ടു. തങ്ങള്‍ക്കുള്ള കൂലി കിട്ടാതെ കട്ടിലിറക്കാന്‍ മറ്റാരേയും അനുവദിക്കില്ലെന്നായിരുന്നു സി ഐ ടി യു തൊഴിലാളികളുടെ നിലപാട്.

ഇന്നലെ രണ്ടോടെ എത്തിയ ലോറി ലോഡിറക്കാന്‍ സാധിക്കാതെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടു. പിന്നീട് ലേബര്‍ ഓഫീസ് അധികൃതര്‍ ഇടപ്പെട്ടാണ് ലോഡ് ഇറക്കിയത്.

മെയ് ഒന്നു മുതല്‍ കേരളത്തില്‍ നോക്കുകൂലി നിര്‍ത്തലാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഇതിന് കേന്ദ്ര ട്രേഡ് യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ്് ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളികളെ സംഘടനാ നേതാക്കളുടെ യോഗത്തിന് ധാരണയായിരുന്നു.

ഇതിന് പുറമെ കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ കലക്ടര്‍ വിളിച്ച് കൂട്ടിയ സി ഐ ടി യു അടക്കം പങ്കെടുത്ത യോഗത്തിലും പാലക്കാട് ജില്ലയില്‍ നോക്കു കൂലിയും അധികകൂലിയും വാങ്ങുന്നില്ലെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൂലി മാത്രമേ വാങ്ങുകയുള്ളൂവെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെരുവെമ്പ് പഞ്ചായത്തില്‍ സി ഐ ടി യു അധികകൂലിയുമായി രംഗത്തെത്തിയിരിക്കുന്നത്.