Connect with us

Kerala

അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ചു

Published

|

Last Updated

കോട്ടയം: ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ വരാന്തയില്‍ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ ആശുപത്രിയില്‍ 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടിലില്‍ 23ാമത്തെ കുട്ടിയെയാണ് ഇന്നലെ ലഭിച്ചത്.

രാവിലെ അഞ്ചേമുക്കാലോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മത്തൊട്ടിലിന്റെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. ആളുകള്‍ അമ്മത്തൊട്ടിലിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ വാതില്‍ തനിയേ തുറക്കേണ്ടതാണ്. കുട്ടിയെ കിടത്തി കഴിയുമ്പോള്‍ ക്യാഷ്വാലിറ്റിയിലും മേട്രന്റെ റൂമിലും അലാറവും മുഴങ്ങും.

എന്നാല്‍ കുറച്ചു നാളുകളായി സാങ്കേതിക തകരാര്‍ മൂലം പലപ്പോഴും വാതില്‍ തനിയെ തുറക്കുകയോ അലാറമടിക്കുകയോ ചെയ്യുന്നില്ല. സാങ്കേതിക വിഭാഗത്തിന്റെ അനാസ്ഥയാണ് തകരാര്‍ പരിഹരിക്കാത്തതിന് കാരണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിഅംഗം പി കെ ആനന്ദക്കുട്ടന്‍ പറഞ്ഞു. ആശുപത്രി പരിസരത്ത് നിരവധി നായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഒരുപക്ഷേ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കാണാന്‍ വൈകിയിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. അമ്മത്തൊട്ടിലിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിലുള്ള കുട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Latest