നദീ സംരക്ഷണ ഫണ്ടില്‍ 84 കോടി വകമാറ്റി

  • വിദഗ്ധ കമ്മിറ്റിഏറ്റവും അധികം
  • ഫണ്ട് വക മാറ്റിയത് മലപ്പുറം ജില്ലയില്‍ നിന്ന്
  • മുന്‍ കാലങ്ങളിലും ഫണ്ട് വക മാറ്റി ചെലവഴിച്ചിട്ടുണ്ട് രാഷ്ട്രീയക്കാര്‍ കൈയടക്കി
Posted on: March 31, 2018 6:18 am | Last updated: March 31, 2018 at 12:04 am

കണ്ണൂര്‍: സംസ്ഥാനത്തെ നദികള്‍ കൈയേറ്റം ചെയ്യപ്പെട്ടും അല്ലാതെയും സര്‍വ്വനാശത്തിലേക്ക് നീങ്ങുമ്പോള്‍ അവ സംരക്ഷിക്കുന്നതിനായി റിവര്‍ മാനേജ്‌മെന്റിന്റെ കൈവശമുള്ള 84 കോടിയോളം രൂപ സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ചു. 14 ജില്ലകളില്‍ നിന്നും മണല്‍ വാരലിലൂടെ ലഭിക്കുന്ന പണത്തില്‍ നിന്നാണ് നദികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് തുക ലഭിക്കുന്നത്. ഈ പണമാണ് വക മാറ്റി ചെലവഴിക്കുന്നത്.

മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം ഫണ്ട് വക മാറ്റിയത്. 50.18 കോടി. തൃശൂര്‍ ജില്ലയില്‍ നിന്ന് 20.85 കോടിയും പാലക്കാട് ജില്ലയില്‍ നിന്ന് 12.95 കോടിയും വക മാറ്റി. മുന്‍കാലങ്ങളിലും റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വക മാറ്റി ചെലവഴിച്ചിട്ടുണ്ട്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. ഇതിന് പുറമെ നദികളുടെ സംരക്ഷണത്തിന്നായി ജില്ലകളില്‍ രൂപവത്കരിക്കപ്പെട്ട ജില്ലാ വിദഗ്ധ സമിതിയും രാഷ്ട്രീയക്കാര്‍ കൈയടക്കി. ഒരു ജില്ലയില്‍ മൂന്ന് വീതം പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകാരം സംസ്ഥാനത്താകെ 42 പരിസ്ഥിതി പ്രവര്‍ത്തകര്‍ കമ്മിറ്റികളില്‍ ഉള്‍പ്പെടണം. എന്നാല്‍ ഇതില്‍ മൂന്ന് പേര്‍മാത്രമാണ് പരിസ്ഥിതി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍. കാസര്‍കോട്, ഇടുക്കി,കോട്ടയം ജില്ലകളിലെ കമ്മിറ്റികളിലാണ് പരസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പ്രാതിനിധ്യം കിട്ടിയത്. ബാക്കി 39 പേരും സി പി ഐ പ്രതിനിധികളാണ്. ഇതു സംബന്ധിച്ച് സി പി ഐ നേതൃത്വത്തോട് ചോദിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ലഭിച്ച മറുപടി ഇത് രാഷ്ട്രീയ നിയമനമെന്നായിരുന്നു.

വിദഗധ സമിതിയില്‍ മണല്‍ വാരല്‍ തൊഴിലാളികളുടെ പ്രതിനിധികളും അംഗമാകുന്നതോടെ സമിതി മുഴുവനായി രാഷ്ട്രീയ വത്ക്കരിക്കപ്പെട്ടു. ഇതോടെ എല്ലാ ജില്ലകളിലും വിദഗ്ധ സമിതി ചേര്‍ന്നപ്പോള്‍ മണല്‍ വാരുന്നതിനുള്ള തീരുമാനമാണുണ്ടാകുകയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിക്ക് വേണ്ടി വാദിക്കാന്‍ സമിതികളില്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.

നദികളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വ്യാപകമായി ചെയ്യുന്ന തടയണ നിര്‍മാണം അശാസ്ത്രീയമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു. സര്‍ക്കാറിന് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടും ഇപ്പോഴും കോണ്‍ക്രീറ്റ് തടയണകള്‍ സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. ചാലിയാറില്‍ അഞ്ചും ഭാരതപ്പുഴയില്‍ രണ്ടും ഉള്‍പ്പെടെ സംസ്ഥാനത്ത് 44 തടയണകളാണ് സ്ഥാപിച്ച് കൊണ്ടിരിക്കുന്നത്.

പുഴ ഇടിയുന്നുവെന്ന പരാതി ജനങ്ങളില്‍ നിന്ന് ലഭിക്കുമ്പോള്‍ കോണ്‍ക്രീറ്റ് മതില്‍ കെട്ടി സംരക്ഷണമൊരുക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ കോണ്‍ക്രീറ്റ് തടയണകള്‍ സ്വാഭാവിക ഉറവ ഇല്ലാതാക്കുമെന്നും നദികളുടെ സംരക്ഷണത്തിന് ജല ജന്യ സസ്യങ്ങള്‍ വെച്ച് പിടിപ്പിക്കുകയണ് വേണ്ടതെന്നും എന്നാല്‍ മാത്രമെ ഉറവയുണ്ടാവുകയുള്ളുവെന്നും കേരള നദീ സംരക്ഷണ സമിതി ജന സെക്രട്ടറി ടി വി രാജന്‍ സിറാജിനോട് പറഞ്ഞു.

പുഴകളുടെയും പുറമ്പോക്കുകളുടെയും അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതോടെയാണ് കൈയേറ്റം വ്യാപകമായതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ റവന്യൂ വകുപ്പിന് അധികാരമുള്ളപ്പോള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുന്ന പരാതികളില്‍ പരിശോധനയും നടപടിയുമുണ്ടെങ്കിലും ഇന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ പെരിയാര്‍, ഭാരതപ്പുഴ, ചാലിയാര്‍, വളപട്ടണം,ചാലക്കുടി, പമ്പ, കബനി എന്നീ നദികളില്‍ കൈയേറ്റം കാരണം നാശത്തിന്റെ വക്കിലാണ്. മലിനീകരണവും മണല്‍ വാരലുമാണ് നദികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.കേരളത്തിലെ നദികളുടെ ലെവല്‍ കടലിനേക്കാള്‍ താഴെയായിരിക്കുന്നത് കാരണം പുഴകളില്‍ ഉപ്പ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. നാലിലൊന്ന് ശതമാനം പുഴയുടെ ഭാഗത്തേക്കും ഉപ്പ് വെള്ളം കയറിയിട്ടുണ്ടെന്നാണ് കണക്ക്.

പുഴകളിലും കിണറുകളിലും ഉപ്പ് വെളളമാകുന്നതോടെ ശുദ്ധജലം ലഭിക്കാത്ത അവസ്ഥയായി നാട് മാറും. സംസ്ഥാനത്തെ ചെറുതും വലുതുമായ നദികളില്‍ കൈയേറ്റം വ്യാപകമാവുമ്പോഴും അത് കണ്ടെത്തുന്നതിനായി സര്‍വേ പോലും നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.