ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുന്നു

  •  പ്രതിഷേധം ധനകാര്യ കമ്മീഷന്റെ തീരുമാനങ്ങള്‍ക്കെതിരെ
  • പത്തിന് തീരുവനന്തപുരത്ത് ധനകാര്യ മന്ത്രിമാരുടെ യോഗം
Posted on: March 31, 2018 6:23 am | Last updated: March 31, 2018 at 12:01 am

ന്യൂഡല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീരുമാനം ഫെഡറല്‍ ധാരണക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. വിഷയത്തില്‍ ദക്ഷിണ സംസ്ഥാനങ്ങളുടെ യോഗം അടുത്ത മാസം പത്തിന് തിരുവനന്തപുരത്ത് ചേരുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായതിനാല്‍ ഇതിനെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം അടുത്തമാസം പത്തിന് തിരുവനന്തപുരത്ത് ചേരും.

സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ട ചുമതല സംസ്ഥാനങ്ങളുടെ പരിധിയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് എത്ര ധനവിഹിതം നീക്കി വെക്കണമെന്ന് തീര്‍പ്പു കല്‍പ്പിക്കാനുള്ള അധികാരമാണ് ധനകമ്മീഷനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആന്ധ്രപ്രദേശ്, കര്‍ണാടക ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ പങ്കെടുക്കുമെന്ന് വാക്കാല്‍ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ വിഹിതം നിര്‍ണയിക്കുന്നതിന് 2011ലെ സെന്‍സസ് ആധാരമാക്കണമെന്ന നിബന്ധനയാണ് കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. 1970ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിപരീതമായി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിഹിതം നല്‍കിയാല്‍ ദക്ഷിണ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകും. 1971 മുതല്‍ 2011 വരെ കേരളം, തമിഴ്നാട് എന്നി സംസ്ഥാനങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചത് 50 ശതമാനം മാത്രമാണ്. ഈ തരതത്തില്‍ വിഹിതം നല്‍കിയാല്‍ കൂടുതല്‍ നഷ്ടം തമിഴ്‌നാടിനും ആന്ധ്രക്കുമായിരിക്കും. കേരളത്തിന് 20,000 കോടി രൂപ വരെ നഷ്ടമുണ്ടായേക്കാം.

ധനകമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണ്. നികുതി വരുമാനം കൂടുതല്‍ കേന്ദ്രത്തിന് ലഭിക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നാല്‍ സാമൂഹികമായ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ നിറവേറ്റുന്നത് സംസ്ഥാനങ്ങളാണ്. കേന്ദ്ര, സംസ്ഥാനങ്ങള്‍ക്കു തുല്യമായിരുന്ന വിഹിതമാണ് ഇപ്പോള്‍ മാറ്റാനുള്ള നീക്കം നടത്തുന്നത്. കേന്ദ്രത്തിന്റെ ചെലവുകള്‍ അനിവാര്യമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഫ്ളാഗ്ഷിപ്പ് പരിപാടികള്‍ നടപ്പാക്കാനുണ്ടത്രെ.

കഴിഞ്ഞ ധനകമ്മീഷന്റെ ചെലവ് നോക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ 20- 22 പരിപാടികള്‍ അനുസരിക്കണമെന്ന് പറയുന്നത് യുക്തിസഹമല്ല. ഇതൊക്കെ സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ വരുന്നതാണ്. 20- 22 പരിപാടികള്‍ എന്താണെന്നുപോലും വ്യക്തമല്ലെന്ന് മന്ത്രി പറഞ്ഞു.

ഈ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതായി കാണുന്നു. ഇതു സംബന്ധിച്ചു നിയമപരമായ നീക്കത്തിന് ഉദ്ദേശിക്കുന്നില്ല. ശക്തമായ പൊതുജനാഭിപ്രായം രാഷ്ട്രീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരും. ആന്ധ്രപ്രദേശ് ഇതിനകം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. പിന്നാക്ക സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിഹിതം അനുവദിക്കുന്നതിന് ആരും എതിരല്ല. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതമാണു ഇവിടെ പ്രശ്നമെന്നു മന്ത്രി പറഞ്ഞു.