പ്രിയതമയെ കാണാതെ സമനില തെറ്റി; ആന്‍ഡ്രൂസ് ചികിത്സയില്‍

Posted on: March 31, 2018 6:21 am | Last updated: March 30, 2018 at 11:47 pm
ഭാര്യയുടെ ചിത്രമടങ്ങിയ പോസ്റ്റുമായി ആന്‍ഡ്രൂസ്‌

തിരുവനന്തപുരം: പ്രിയതമയുടെ തിരോധാനം തീര്‍ത്ത മനോ വിഷമം സമനില തെറ്റിച്ച ലിത്വാനിയന്‍ സ്വദേശി ആന്‍ഡ്രൂസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും കാണാമറയത്ത് നില്‍ക്കുന്ന ഭാര്യ ലിഗയെ തേടിയുള്ള അലച്ചിലിനിടെ മനസ്സിന്റെ താളം തെറ്റിയ ഭര്‍ത്താവ് ആന്‍ഡ്രൂസാണ് ചികിത്സ തേടിയിരിക്കുന്നത്.

മാനസിക സമനില തെറ്റിയ നിലയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പരിശോധനക്ക് ശേഷം അഡ്മിറ്റ് ചെയ്തു. ലിഗയെ ഇനിയും കണ്ടെത്താന്‍ കഴിയാതെ പോലീസും ബന്ധുക്കളും അന്വേഷണം തുടരുന്നതിന് പിന്നാലെയാണ് ആഡ്രൂസിനെ മാനസിക നിലതെറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലസ്ഥാനത്ത് ആയുര്‍വേദ ചികിത്സക്കെത്തിയ ലിഗയെന്ന വിദേശ വനിതയെ കോവളത്ത് നിന്നാണ് കാണാതായത്. നഗരത്തിലെ ഒരു ആയൂര്‍വേദ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇവര്‍ അവിടുന്ന് അപ്രത്യക്ഷമായതിന് പിന്നാലെ കോവളത്ത് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടല്ല. ലിത്വാനിയയിലെ ഡബ്ലിന്‍ സ്വദേശിനിയായ ലിഗ സറോമോനയെ (33) ഈ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികിത്സക്കിടെയാണ് പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തിലെത്തിയത്. ഇതിനിടെ കഴിഞ്ഞ മാസം 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വെച്ച് കാണാതായി. ലിഗയെ കോവളത്ത് കൊണ്ടിറക്കിയതായി ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ലിഗ കോവളത്തെത്തിയ സമയം ബീച്ചില്‍ കാസര്‍കോട്, ആലപ്പുഴ, മലപ്പുറം ജില്ലക്കാരായ ഏതാനും പേരുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പോലീസ് മൊഴിയെടുത്തു. പക്ഷെ സംശയസ്പദമായി ഒന്നും കണ്ടെത്താനായില്ല. കോവളം, ശംഖുമുഖവും തുടങ്ങി തീരമേഖലയിലെ ലഭ്യമായ സി സി ടി വി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ലിഗയെ കണ്ടെത്താനായില്ല.