കെ എസ് ആര്‍ ടി പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി

Posted on: March 31, 2018 6:15 am | Last updated: March 30, 2018 at 11:40 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പ്രൊഫ. സുശീല്‍ ഖന്നയുടെയും ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും നിര്‍ദേശമുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഈ രണ്ട് നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിശദമായ ആലോചനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

കടക്കെണിയില്‍ നിന്ന് കെ എസ് ആര്‍ ടി സിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പ്രൊഫ. സുശീല്‍ഖന്നയെ നിയോഗിച്ചത്. അദ്ദേഹം മുന്നോട്ടുവെച്ച പ്രാഥമിക നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. കോര്‍പറേഷനെ മൂന്ന് മേഖലകളായി തിരിക്കുക, തലപ്പത്ത് മാനേജ്‌മെന്റ് വിദഗ്ധരെ നിയമിക്കുക, പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറക്കുക തുടങ്ങിയവയാണ് സുപ്രധാന നിര്‍ദേശങ്ങള്‍. നിലവില്‍ കെ എസ് ആര്‍ ടി സിക്ക് ബേങ്ക് കണ്‍സോര്‍ഷ്യം 3,100 കോടി രൂപ വായ്പ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വായ്പാ തുക ലഭ്യമാകും. ഇത് ലഭിക്കുന്നതോടെ 40 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കെ എസ് ആര്‍ ടി സിയിലെ വരവും ചെലവും തമ്മിലുള്ള അന്തരമാണ് പ്രധാന പ്രതിസന്ധി. ഇത് കുറക്കുകയെന്നതാണ് പ്രധാന ഭീഷണി.

അതേസമയം, കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണ ബേങ്കുകളെ കബളിപ്പിച്ച് ഇരട്ടിപെന്‍ഷന്‍ വാങ്ങിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒന്നിലധികം സഹകരണ ബേങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയാണ് പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കി കുടിശ്ശിക കൈപ്പറ്റിയത്. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രണ്ട് ഗഡുക്കളായി നല്‍കിയ 20,000 രൂപ വീണ്ടും വാങ്ങിയവരുമുണ്ട്. ഒരാള്‍ ഒന്നിലധികംതവണ പെന്‍ഷന്‍ കുടിശ്ശിക വാങ്ങുന്നത് തടയാനുള്ള സംവിധാനം കെ എസ് ആര്‍ ടി സിക്കോ സഹകരണ ബേങ്കുകള്‍ക്കോ ഇല്ലാത്തതാണ് തട്ടിപ്പുകാര്‍ക്ക് സഹായകരമായത്. 30,090 പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ 500ഓളം അക്കൗണ്ടുകളില്‍ വിവിധ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ പരിശോധന തുടരുകയാണ്. അധികതുക വാങ്ങിയവരില്‍ നിന്ന് തിരിച്ചുപിടിച്ച് ക്രമക്കേട് തടയാനുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചുവരികയാണ്.