Connect with us

Kerala

മഅ്ദനിയുടെ ജയില്‍വാസത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്

Published

|

Last Updated

കൊച്ചി: ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയില്‍ വാസത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് നീതി ലഭ്യമാക്കാത്തതിനെതിരെ പി ഡി പി വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ്. വിവിധ രാഷ്ട്രീയ, സാമുദായിക, സാസ്‌കാരിക നേതാക്കളുടെ പിന്തുണയോടെ ബഹുജന പ്രക്ഷോഭം നടത്താനാണ് പി ഡി പിയുടെ തീരുമാനം. ഇതിന് മുന്നോടിയായി മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ എം എല്‍ എമാരെയും എം പിമാരെയും പി ഡി പി നേതാക്കള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. വിവിധ കക്ഷിനേതാക്കളെ പങ്കെടുപ്പിച്ച് ഇന്ന് വൈകുന്നേരം മൂന്നിന് എറണാകുളത്ത് പി ഡി പി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ ഭാവി സമരപരിപാടികള്‍ തീരുമാനിക്കും.

1998 മാര്‍ച്ച് 31നാണ് മഅ്ദനിയെ എറണാകുളത്തെ കലൂരിലുള്ള വസതിയില്‍ നിന്ന്് ആദ്യമായി അറസ്റ്റ് ചെയ്തത്. മുതലക്കുളം മൈതാനിയില്‍ മതസ്പര്‍ധയുളവാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്നതിനിടെ 60 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസ് ചുമത്തി അതേവര്‍ഷം ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പോലീസിന് കൈമാറി. ഈ കേസില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സേലം ജയിലില്‍ പോലീസുമായി ഏറ്റുമുട്ടിയെന്ന കേസുള്‍പ്പെടെ നിരവധി കേസുകളും ചുമത്തപ്പെട്ടു. കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് പലവട്ടം ആവശ്യമുന്നയിച്ചെങ്കിലും അതെല്ലാം തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീര്‍പ്പാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം വന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു. 2500 സാക്ഷികളുള്ള കേസ് നിരങ്ങിനീങ്ങിയതോടെ മഅ്ദനി പ്രമേഹത്തിനും ഹൃദ്രോഗത്തിനും അടിമയായി. മതിയായ ചികിത്സ പോലും നിഷേധിക്കപ്പെട്ടു. ഒടുവില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2007 ആഗസ്റ്റ് ഒന്നിന് ജയില്‍ മോചിതനായി.

പിന്നീട് 2008 ജൂലൈ 25ലെ ബെംഗളൂരു സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17ന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2011 ഫെബ്രുവരി 11ന് കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും വിചാരണ നടപടികള്‍ വൈകുന്നത് പരിഗണിച്ച് സുപ്രീം കോടതി മഅ്ദനിക്ക് സ്ഥിരമായ ജാമ്യം അനുവദിച്ചു. എന്നാല്‍, ബെംഗളൂരു നഗരം വിട്ടുപോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഇതോടെ രണ്ടാം അറസ്റ്റില്‍ നീതി തേടി ബെംഗളൂരുവില്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ് മഅ്ദനി. ഏറ്റവുമൊടുവില്‍ 2017 ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാണ് മാതാവിനെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ സംബന്ധിക്കാനുമായി മഅ്ദനി കേരളത്തിലെത്തിയത്.