Connect with us

Kerala

വഖ്ഫ് ബോര്‍ഡ് വനിതാ ശാക്തീകരണ ശില്‍പ്പശാല വിവാദത്തില്‍

Published

|

Last Updated

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് സംഘടിപ്പിച്ച വനിതാ ശാക്തീകരണ ശില്‍പ്പശാല വിവാദത്തില്‍. വഖ്ഫ് ബോര്‍ഡിന്റെ സംവിധാനങ്ങള്‍ വനിതാ ശാക്തീകരണത്തിനായി ഉപയോഗപ്പടുത്തുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. വഖ്ഫ് ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ഏര്‍പ്പെടുത്തിയതുപോലെ മഹല്ല് കമ്മിറ്റികളിലും വനിതകള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം, മഹല്ലുകളില്‍ വനിതകള്‍ക്ക് വോട്ടവകാശം അനുവദിക്കണം, മദ്‌റ സാധ്യാപകരായി വനിതകളെ നിയമിക്കണം തുടങ്ങിയ നിര്‍ ദേശങ്ങള്‍ വിവാദമായതോടെ വിശദികരണവുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു പത്രത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് വഖ്ഫ് ബോര്‍ഡ് അംഗം രംഗത്ത് വന്നത്. എന്നാല്‍ പരിപാടിയെ കുറിച്ച് തന്നെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

വനിതാ ശാക്തീകരണത്തിന് വഖ്ഫ് സ്ഥാപനങ്ങളിലൂടെ കാര്യക്ഷമമായ കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ശില്‍പ്പശാല ആഹ്വാനം ചെയ്തുവെന്നാണ് നിഷേധിക്കപ്പെടാത്ത വാര്‍ത്ത. വഖ്ഫ് ബോര്‍ഡിന്റെ സാധ്യതകളും സ്ഥാപനം, കെട്ടിടം, ഭൂമി എന്നിവയെല്ലാം വനിതകള്‍ക്ക് ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയണം. കുടുംബങ്ങളുടെ ശാക്തീകരണത്തിനും മുസ്‌ലിം വനിതകളുടെ ജീവിത നൈപുണ്യ വികസനത്തിനും ബോര്‍ഡിന്റെ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തണം.

എന്നാല്‍ മഹല്ല് തലങ്ങളില്‍ വനിതകളെ ശാക്തീകരിക്കാന്‍ വഖ്ഫ് സ്ഥാപനങ്ങളിലൂടെ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചതായും ഇതിനായി കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയതായും വാര്‍ത്തയുണ്ട്. മഹല്ല് പ്രശ്‌നപരിഹാര സമിതികളില്‍ സ്ത്രീകള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം വേണം, മഹല്ലുകള്‍ ദമ്പതികളുടെ പ്രശ്‌നങ്ങള്‍ കൗണ്‍സിലിംഗ് നടത്തുമ്പോള്‍ വനിതാ കൗണ്‍സിലറുടെ സാന്നിധ്യം വേണം, വഖ്ഫ് ഭൂമികളില്‍ വനിതകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കണം തുടങ്ങിയ ആവശ്യങ്ങളും തീരുമാനങ്ങളും ശില്‍പ്പശാലയില്‍ ഉയര്‍ന്നു വന്നത്രെ. വഖ്ഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. ഫാത്വിമ റേഷ്‌നയുടെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് ആണ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്. ലീഗ് നേതാവും ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജി, അംഗങ്ങളായ അഡ്വ. പി വി സൈനുദ്ദാന്‍, അഡ്വ. എം ശറഫുദ്ദീന്‍ എന്നിവരാണ് പങ്കെടുത്തത്. ലീഗിന്റെയും മറ്റ് പരിഷ്‌കരണ സംഘടനകളുടെയും ഏതാനും വനിതകളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.

എന്നാല്‍ പത്രത്തിന്റെ തലക്കെട്ട് തെറ്റിദ്ധാരണാജനകമാണ് എന്നാണ് ബോര്‍ഡംഗം എം സി മായിന്‍ ഹാജി ആ പത്രത്തിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ഇത് തന്നെ ഫേസ്ബുക്കിലും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. തെറ്റിദ്ധാരണാജനകമായ തലക്കെട്ട് നല്‍കാന്‍ ഇടയായതില്‍ ഖേദിക്കുന്നു എന്ന് മായിന്‍ ഹാജിയുടെ വിശദീകരണത്തിന് താഴെ എഡിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. “മഹല്ല് കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യവും വോട്ടവകാശവും ഉറപ്പാക്കണമെന്ന് വഖ്ഫ് ബോര്‍ഡ്” എന്നായിരുന്നു തലക്കെട്ട്. ഇത്തരത്തില്‍ ഒരു തീരുമാനം വഖ്ഫ് ബോര്‍ഡ് എടുത്തിട്ടില്ലെന്നാണ് മായിന്‍ ഹാജിയുടെ വിശദീകരണം. പങ്കെടുത്ത വനിതകളില്‍ രണ്ട് പേര്‍ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചു. എന്നാല്‍ യോഗം തീരുമാനമെടുത്തില്ല എന്നാണ് വിശദീകരണം. അതേസമയം തീരുമാനമെന്താണെന്ന് വ്യക്തമാക്കുന്നുമില്ല. വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എന്ന നിലയിലുള്ള വിശദീകരണമല്ലാതെ, ചെയര്‍മാനോ ബോര്‍ഡ് ഔദ്യോഗികമായോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല. മുസ്‌ലിം സമുദായത്തിലെ ആശയപരമായോ ശാഖാപരമായോ ഉള്ള അഭിപ്രായവ്യത്യാസങ്ങളില്‍ വഖ്ഫ് ബോര്‍ഡ് ഇടപെടുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ലെന്നും മേലിലും അങ്ങനെ ചെയ്യില്ലെന്നും മായിന്‍ ഹാജി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് ബോര്‍ഡിന്റെ ഔദ്യോഗിക നിലപാടാണോ എന്നാണ് ചോദ്യമുയരുന്നത്.
അവാന്തര വിഭാഗങ്ങളിലെ തന്നെ ദുര്‍ബലമായ ആവശ്യങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കാന്‍ വഖ്ഫ് ബോര്‍ഡിന്റെ വേദി അനുവദിച്ചുകൊടുക്കുകയും വിമര്‍ശമുയര്‍ന്നപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തുകയുമാണ് ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങള്‍ ഇതിനകം തന്നെ സമുദായത്തിന് തീരാപ്രശ്‌നങ്ങള്‍ സൃഷിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭരണ കൂടത്തിനും ഏജന്‍സികള്‍ക്കും പുതിയ അജന്‍ഡകള്‍ എറിഞ്ഞുകൊടുക്കുകയാണെന്നാണ് വ്യാപക പരാതി ഉയര്‍ന്നിട്ടുള്ളത്. പരിഷ്‌കരണ വാദികളുടെ തന്നെ ദുര്‍ബലമായ വാദങ്ങളാണ് പുതിയ നിര്‍ദേശങ്ങളായി പുറത്തുവന്നത്. ഇതിന് വേദിയൊരുക്കുകയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനയില്‍ നിന്നും സുന്നി സംഘടനയില്‍ നിന്നും വിമര്‍ശമുയര്‍ന്നപ്പോള്‍ വിശദീകരണവുമായി വരികയുമായിരുന്നു. ചെയര്‍മാന്റെയും മെമ്പറുടെയും ഇത്തരം നടപടികള്‍ നേരത്തെയും എതിര്‍പ്പുകള്‍ക്കിടയാക്കിയിട്ടുണ്ട്. പുതിയ വിവാദങ്ങളുണ്ടാക്കി പിന്നെയും തലവേദനകളുണ്ടാക്കുകയാണ് ഇവരെന്നാണ് ആക്ഷേപം.

Latest