Connect with us

Kerala

ശുചിത്വ സംസ്‌കരണ പദ്ധതികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് സംസ്ഥാനത്തെ മാലിന്യമുക്ത കേരളമാക്കി മാറ്റുന്നതിനായി തയ്യാറാക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ പുരോഗമിക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ശുചിത്വമിഷന് കീഴില്‍ പദ്ധതിയാവിഷ്‌കരണവും ഹരിത കേരളം മിഷനു കീഴില്‍ പ്രൊജക്ടുകള്‍ തയാറാക്കിയുമാണ് മുന്നോട്ട പോകുന്നത്. കേരളപ്പിറവി ദിനത്തില്‍ കോഴിക്കോടിനെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കവെയാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിര്‍വഹണ ഉദ്ഘാടനവും നിര്‍വഹിച്ചത്.

2018 മാര്‍ച്ച് മൂന്നാം വാരത്തിനു മുമ്പ് ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആദ്യ ഘട്ടമായി മുന്നോട്ട് വെച്ച പദ്ധതികളുടെ 95 ശതമാനവും വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് ഹരിതകേരളം മിഷന്‍ ഓഫീസ് വ്യക്തമാക്കി.

ബയോഗ്യാസ് പ്ലാന്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ബയോബിന്‍, കിച്ചണ്‍ബിന്‍, കമ്പോസ്റ്റിംഗിനായി ഇനോക്കുലം തുടങ്ങിയ നിരവധി പദ്ധതികളാണ് ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്തമായി ആവിഷ്‌കരിച്ചത്. ഇതിനായി കമ്യൂണിറ്റിതല മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് രൂപം നല്‍കി തദ്ദേശഭരണ സ്ഥാപനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും വഴിയാണ് പദ്ധതികള്‍ നടപ്പാക്കിയത്. ശുചിത്വമാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി സംസ്‌കരണത്തിനായി “മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം”എന്ന പ്രമേയത്തില്‍ ക്യാമ്പയിന്‍ നടത്താനാണ് ഹരിതകേരളം മിഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 69 ലക്ഷംവീടുകളില്‍ മാലിന്യ സംസ്‌കരണ അവസ്ഥാ പഠനം നടത്തിക്കഴിഞ്ഞു. അജൈവ മാലിന്യ സംസ്‌കരണത്തിനും തരംതിരിക്കലിനുമായി 153 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 134 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. 129 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പൂര്‍ണമായ പ്രവര്‍ത്തനഗുണം ലഭ്യമായിത്തുടങ്ങിയിട്ടില്ല. 78 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 65 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുകളുടെ നിര്‍മാണം നടന്നുവരുകയും 47 സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

93 പ്ലാസ്റ്റിക് ഷെഡിംഗ് യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് ലക്ഷം വീടുകളില്‍ പുതുതായി ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കി. 719 ഗ്രൂപ്പുകളിലായി 22119 അംഗങ്ങളുമായി 689 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മസേന രൂപവത്കരിച്ചു. 123 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മസേന പൂര്‍ണതോതിലും പ്രവര്‍ത്തനം ആരംഭിച്ചു. 865 ടണ്ണിലധികം ഇ-മാലിന്യവും 375 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും അധികമായി പുനഃചംക്രമണത്തിന് കൈമാറി. 140 കിലോമീറ്റര്‍ റോഡ് ടാറിംഗിന് സംസ്‌കരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു. 90563 പ്രോജക്ടുകള്‍ക്ക്‌വിവിധ തദ്ദേശഭരണസ്ഥാപനങ്ങള്‍ രൂപം നല്‍കി. 624.36 കോടി രൂപ ഇതിനായി നീക്കിവച്ചു എന്നിങ്ങനെയാണ് ഹരിത കേരളം മിഷന്‍ നല്‍കുന്ന കണക്കുകള്‍.

സമ്പൂര്‍ണ മാലിന്യമുക്ത കേരളം എന്ന കേരളത്തിന്റെ സ്വപ്‌നം അത്ര വിദൂരമല്ലെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

 

---- facebook comment plugin here -----

Latest