Connect with us

Editorial

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍

Published

|

Last Updated

മണ്ണെണ്ണ വിളക്കിന്റെ നിറം മങ്ങിയ വെളിച്ചത്തില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചു പരീക്ഷക്ക് പഠിച്ചവരാണ് പഴയ തലമുറയില്‍ പലരും. ഏറെ ദുഷ്‌കരവും പ്രയാസകരവുമാണ് അന്ന് പൊതുപരീക്ഷകള്‍. എസ് എസ് എല്‍ സി പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്, ഇന്ന് സ്ഥിതി പാടേ മാറി. പൊതുപരീക്ഷകളിലെ വിജയം ഒരു പ്രശ്‌നമേ അല്ല. പാഠപുസ്തകങ്ങള്‍ തൊട്ടുനോക്കുക പോലും ചെയ്യാതെ പാസ്സാകുന്നവരാണ് പുതിയ തലമുറയില്‍ നല്ലൊരു പങ്കും. ഏതു മണ്ടന്മാര്‍ക്കും റാങ്ക് പോലും നേടാം ചുളുവില്‍. അതിവിദഗ്ധമായി ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കുന്ന സംഘങ്ങള്‍ രാജ്യത്തെങ്ങും പ്രവര്‍ത്തിച്ചു വരികയും നെറ്റും ഓണ്‍ലൈനും വ്യാപകമാവുകയും ചെയ്തതോടെ അടുത്ത ദിവസത്തെ പരീക്ഷക്ക് ഏതെല്ലാം ചോദ്യങ്ങളാണുണ്ടാവുക എന്ന് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കുന്നു. പിന്നെ എന്തിന് പാഠപുസ്തകങ്ങളുമായി കെട്ടിമറിയണം.

സി ബി എസ് ഇയുടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ കണക്ക് പരിക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയത് മൂന്ന് ദിവസം മുമ്പാണ്. സംഭവത്തിലെ മുഖ്യസൂത്രധാരനും ഡല്‍ഹി കാജേന്ദ്ര നഗറില്‍ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിപ്പുകാരനുമായ വിക്കി എന്നയാള്‍ അറസ്റ്റിലായിട്ടുമുണ്ട്. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കൈയെഴുത്തു പ്രതി 10,000 മുതല്‍ 15,000 രൂപ വരെ ഈടാക്കിയാണത്രെ ഇയാള്‍ വിറ്റിരുന്നത്. വാട്‌സാപ്പിലൂടെയാണ് ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു കൊടുത്തത്. തിരുവനന്തപുരത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഫിസിക്‌സ് ചോദ്യക്കടലാസ് വാട്‌സാപ് വഴി പ്രചരിപ്പിച്ചതായി പരാതി ഉയര്‍ന്നതും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യക്കടലാസ് പാക്കറ്റ് മാറ്റി പൊട്ടിച്ചു പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് അത് വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതിനു മൂന്നു സ്‌കൂളുകളിലെ അഞ്ച് അധ്യാപകരെ സസ്‌പെന്റ് ചെയ്തതും ഒരാഴ്ച മുമ്പാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരസ്യമായ കൂട്ടക്കോപ്പിയടി വ്യാപകമാണ്. ബിഹാറില്‍ 2015ല്‍ പത്താം ക്ലാസ് പരീക്ഷ നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിലേക്കും നാലാം നിലയിലേക്കും രക്ഷിതാക്കളും സഹായികളും വലിഞ്ഞു കയറി വിദ്യാര്‍ഥികള്‍ക്ക് തുണ്ടു കടലാസുകള്‍ എറിഞ്ഞു കൊടുക്കുന്നത് മാധ്യമങ്ങള്‍ ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. അഞ്ഞൂറില്‍ പരം വിദ്യാര്‍ഥികളെയാണ് അന്ന് കോപ്പിയടിയുടെ പേരില്‍ പുറത്താക്കിയത്. ബിഹാറില്‍ കഴിഞ്ഞ വര്‍ഷം 12ാം ക്ലാസ് ഹ്യുമാനിറ്റീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ഗാനേഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയായിരുന്നു. കൃത്രിമ മാര്‍ഗേണയാണ് ഇയാള്‍ പരീക്ഷയില്‍ വിജയിച്ചതെന്നറിഞ്ഞു അധികൃതര്‍ പിന്നീട് പരീക്ഷാ ഫലം റദ്ദാക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ആയുധ ബലത്തിലും നടക്കുന്നുണ്ട് വടക്കന്‍ സംസ്ഥാനങ്ങളില്‍ കോപ്പിയടി. ഉത്തര്‍ പ്രദേശിലെ ആഗ്രയിലെ ഒരു കോളജില്‍ ഒന്നാം വര്‍ഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിക്ക് കോപ്പിയടിക്ക് സംരക്ഷണം നല്‍കാനായി അരയില്‍ തോക്ക് തിരുകി ഒരു ഗുണ്ട പരീക്ഷാ ഹാളിലൂടെ കറങ്ങി നടക്കുന്ന ദൃശ്യം എന്‍ ടി ഡി വി പുറത്തു വിട്ടിരുന്നു.

കേരളത്തിലും പരീക്ഷയിലെ തട്ടിപ്പുകള്‍ കുറവല്ല. തോല്‍ക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികളെ ഭിന്ന ശേഷിക്കാരാക്കി ചിത്രീകരിച്ച് സഹായികളെ കൊണ്ട് പരീക്ഷയെഴുതിക്കുന്നത് സകൂളുകളില്‍ പതിവാണ്. പഠനത്തില്‍ പിന്നാക്കമുള്ള വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ സ്‌കൂളുകളുടെ നൂറ് ശതമാനമെന്ന കീര്‍ത്തി നഷ്ടമാകുമെന്ന ദുരഭിമാനം മൂലം സ്‌കൂള്‍ അധികൃതരും അധ്യാപകരും ചേര്‍ന്നാണ് ഈ ക്രമക്കേട് നടത്തുന്നത്. മാനസിക വൈകല്യമുള്ളവര്‍, കാഴ്ച, കേള്‍വി കുറവുള്ളവര്‍, പഠന വൈകല്യമുള്ളവര്‍ എന്നിങ്ങനെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേട്ടെഴുതാന്‍ പകരക്കാരെ ചുമതലപ്പെടുത്താനുള്ള സര്‍ക്കാര്‍ അനുമതി ഉപയോഗപ്പെടുത്തിയാണ് ഈ തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ഒരു ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ച പ്രത്യേക പാറ്റേണിലുള്ള ചോദ്യങ്ങള്‍ അതേപടി എസ് എസ് എല്‍ സി പരീക്ഷക്ക് വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയില്‍ വിദ്യാഭ്യാസ നിലവാരം താഴ്ന്നു കൊണ്ടിരിക്കയാണെന്ന പരാതിക്കിടെ പരീക്ഷാ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നത് രാഷ്ട്രാന്തരീയ തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കും. ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം തട്ടിപ്പുകാര്‍ക്ക് കുട പിടിക്കുന്ന രീതിയിലാണ് പലപ്പോഴും അധികൃതരുടെ സമീപനം. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്ത കണ്ണടച്ചു നിഷേധിക്കുകയായിരുന്നു സി ബി എസ് ഇ തുടക്കത്തില്‍. എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ വളരെ സുരക്ഷിതമായി തന്നെയാണ് നടന്നതെന്നും പരീക്ഷയുടെ വിശ്വാസ്യത മനഃപൂര്‍വം നശിപ്പിക്കണമെന്ന് താത്പര്യമുള്ളവരാണ് ചോര്‍ന്നെന്ന പ്രചാരണം നടത്തുന്നതെന്നുമായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ചോര്‍ച്ച സംബന്ധിച്ചു അധികൃതര്‍ക്ക് ഈ മാസം 23ന് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് പുറത്തു വന്ന വിവരം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ചോര്‍ച്ച സി ബി എസ് ഇ സമ്മതിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും. കടുത്ത സുരക്ഷാ സജ്ജീകരണങ്ങളോടെ പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കിയാണ് പൊതുപരീക്ഷകള്‍ നടത്തുന്നത്. ഇതിനിടയില്‍ ക്രമക്കേട് മൂലം പരീക്ഷ റദ്ദാക്കി, അത് വീണ്ടും നടത്തുമ്പോള്‍ സാമ്പത്തിക, സമയ നഷ്ടത്തിന് പുറമെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും അത് പ്രതികൂലമായി ബാധിക്കും. ഇത്തവണത്തെ സി ബി എസ് ഇ പരീക്ഷ റദ്ദാക്കിയത് 28 ലക്ഷം വിദ്യാര്‍ഥികളെയാണ് ബാധിച്ചത്. സുരക്ഷിതവും കുറ്റമറ്റതുമായ നിലയില്‍ പരീക്ഷകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

Latest