ബി ജെ പിയും വയല്‍ക്കിളികളും

കേരളത്തിലെ മണ്ണിന്റെയും വിമാനത്താവളത്തിന്റെയും പുഴകളുടെയും പശ്ചിമഘട്ടത്തിന്റെയും കീഴാറ്റൂരിന്റെയുമൊക്കെ കാര്യത്തില്‍ വാതോരാതെ സംസാരിക്കുന്ന ബി ജെ പിക്കാര്‍ എന്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുവിരലനക്കാത്തത്? കേരളത്തെക്കൂടി ബാധിക്കാനിടയുള്ള കണികാ പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് എന്തു കൊണ്ട് അവര്‍ ഒന്നും ഉരിയാടുന്നില്ല? കുത്തക മുതലാളിമാര്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വേണ്ടി ഭൂമിയേറ്റെടുക്കല്‍ നിയമം പൊളിച്ചെഴുതിയതിനെക്കുറിച്ച് ഇവര്‍ക്കെന്ത് പറയാനുണ്ട്?
Posted on: March 31, 2018 6:00 am | Last updated: March 30, 2018 at 10:35 pm

കീഴാറ്റൂര്‍ സമരത്തെക്കുറിച്ച് നാട്ടുകാരനായ ഒരാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച അഭിപ്രായം വലിയ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. ‘ഞങ്ങള്‍ നോട്ടീസടിച്ച് കൊടുത്ത ഞങ്ങളുടെ പരിപാടിയാണ് അതി വിപ്ലവകാരികള്‍ മൊത്തത്തിലെത്തി വിജയിപ്പിച്ചതെ’ന്ന് ബി ജെ പിയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞുവെന്നു തുടങ്ങുന്ന അഭിപ്രായമാണ് ബി ജെ പി സ്വയം സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുള്ളത്. ഒരു നാടിന്റെ കുടിവെള്ളം മുട്ടിക്കുന്ന, പരിസ്ഥിതി അപ്പാടെ നശിപ്പിക്കുന്ന വികസന പദ്ധതികള്‍ വന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തെന്നു വരും. ഒറ്റയടിക്ക് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറിയെന്നുമിരിക്കും. എത്ര കാര്‍ക്കശ്യമുള്ള ഭരണകൂടമായാലും പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യും. കേരളത്തില്‍ പരിസ്ഥിതി സമരങ്ങള്‍ രൂപപ്പെടുന്നതും പരിഹരിക്കപ്പെടുന്നതും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അവനവന്റെ കൂടും കിടക്കയും വലിച്ചെറിയുമ്പോഴുള്ള പ്രതിഷേധങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും കേരളം പല തവണ സാക്ഷ്യം വഹിച്ചിട്ടുള്ളതുമാണ്.

എന്നാല്‍, സമരങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ആരൊക്കെയോ തീരുമാനിക്കുകയും അതിന് പുതിയ മാനങ്ങള്‍ കൈവരികയും ചെയ്യുമ്പോള്‍ സമരം ചെയ്യാനെത്തുന്നവരില്‍ ചിലരുടെയെങ്കിലും തനിനിറം ചിലപ്പോഴൊക്കെ പുറത്തു വരികയും ചെയ്യും. ആര്‍ക്കെതിരെയാണ് സമരം, അതില്‍ തങ്ങള്‍ക്കെന്ത് ലാഭം എന്നിങ്ങനെ കണക്കുകൂട്ടി സമരം ചെയ്യാനെത്തുന്നവരെ എല്ലാ കാലത്തും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ചിലപ്പോള്‍ കുറേ വൈകിപ്പോകുമെന്നു മാത്രം. കീഴാറ്റൂരില്‍ ബി ജെ പി സ്വന്തം നിലയില്‍ സമരം സംഘടിപ്പിച്ചതിനെച്ചൊല്ലി ഇതിനകം നിലവിലുള്ള സമരമുന്നണിയില്‍ നിന്നു തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ ബി ജെ പി സമരത്തിലെ ഇരട്ടത്താപ്പ് ചിലരെങ്കിലും തിരിച്ചറിഞ്ഞുവെന്നു വേണം കരുതാന്‍.

ബി ജെ പി രാഷ്ടീയമുതലെടുപ്പിനൊരുങ്ങുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ ചിലതിനെങ്കിലും അവര്‍ മറുപടി പറയേണ്ടതുണ്ട്. അധികാരത്തിലെത്തിയ ഉടന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ ഭേദഗതിയും സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ബി ഒ ടി- പി പി പി മോഡല്‍ ദേശീയപാത നിര്‍മാണവും തുടങ്ങി സകല പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കേരളത്തിലെ പാര്‍ട്ടി നേതൃത്വം എങ്ങനെ കാണുന്നുവെന്നും ഏതൊക്കെ വിഷയത്തില്‍ സമരം നടത്തിയെന്നും കീഴാറ്റൂരില്‍ പോരിനിറങ്ങിയ നേതാക്കളെങ്കിലും പറയണം.

കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് വര്‍ഷം തികയുന്ന കാലത്തെങ്കിലും ബി ജെ പി യുടെ ദേശീയ തലത്തിലുള്ള പാരിസ്ഥിതിക നിലപാടിനെ അവലോകനം ചെയ്യാനോ പഠിക്കാനോ വിമര്‍ശിക്കാനോ എന്തു കൊണ്ടാണ് ഇവരോ നാഴികക്ക് നാല്‍പത്് വട്ടം പരിസ്ഥിതിവാദം പറയുന്നവരോ തയ്യാറാകാത്തത്? നോട്ടുനിരോധനവും ജി എസ് ടിയും അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിട്ടതിനൊപ്പം ബി ജെ പി ഭരണം രാജ്യത്തിനേല്‍പ്പിച്ച പാരിസ്ഥിതിക മുറിവുകള്‍ എത്രയാണെന്ന് എണ്ണിപ്പറഞ്ഞാല്‍ തീരില്ല. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടനെ തന്നെ നിലവിലുള്ള പാരിസ്ഥിതിക ചട്ടങ്ങളെ തിരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നത് ബി ജെ പി ഇപ്പോള്‍ പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്‌നേഹം കപടമാണെന്നതിന്റെ വലിയ ഉദാഹരണമാണ്. നാടൊട്ടുക്കും ജയഭേരി മുഴക്കി അധികാരമേറ്റെടുത്തയുടനെ തന്നെ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ മോദി കൊണ്ടുവന്ന ‘തിരുത്ത്’ വലിയ വിവാദങ്ങള്‍ക്ക് വഴിെവച്ചത് ആരും അത്ര പെട്ടെന്ന് മറന്നു പോയിക്കാണില്ല. കുത്തക മുതലാളിമാര്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഭൂമി യഥേഷ്ടം ഏറ്റെടുക്കാനും വ്യവസായ സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കാനും സൗകര്യം നല്‍കുന്ന, പാവപ്പെട്ട കര്‍ഷകന്റെ ജീവിതം താറുമാറാക്കുന്ന തരത്തിലുള്ള തിരുത്തലുകള്‍ നടത്തിയാണ് നിലവിലുള്ള നിയമത്തെ പൊളിച്ചെഴുതാന്‍ മോദി ശ്രമിച്ചത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് വന്‍ കര്‍ഷക പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭൂമിയേറ്റെടുക്കുന്ന സമയത്ത് നഷ്ടപരിഹാരവും സുതാര്യതയും പുനരധിവാസവും പുനസ്ഥാപനവും ലക്ഷ്യമിട്ടുള്ളതായിരുന്നു ബില്‍. ആരുടെ ഭൂമിയാണോ ഏറ്റെടുക്കപ്പെടുന്നത് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഫാക്ടറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും വ്യവസായ പദ്ധതികള്‍ക്കും ഭൂമിയേറ്റെടുക്കുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താനും പുനരധിവാസം ഉറപ്പുവരുത്താനും നിയമം വ്യവസ്ഥ ചെയ്തിരുന്നു.

പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള ഭൂമിയേറ്റെടുക്കലിന് ചില നിയന്ത്രണങ്ങളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. 2011 സെപ്തംബറില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ല് 235 അംഗങ്ങളില്‍ 216 പേരുടെ പിന്തുണയോടെയാണ് അംഗീകരിക്കപ്പെട്ടത്. പിന്നീട് 2013 ആഗസ്റ്റ് 29ന് നിയമം പാസായി. 2014 ജനുവരി ഒന്ന് മുതല്‍ ഭൂമിയേറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ യു പി എ സര്‍ക്കാറിന്റെ ഈ നിയമം വ്യവസായ വിരുദ്ധമെന്ന് പറഞ്ഞ് ഭേദഗതികള്‍ കൊണ്ടുവരാനാണ് ബി ജെ പി ശ്രമിച്ചത്. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ക്കു വേണ്ടി ഭൂമിയേറ്റെടുക്കുമ്പോള്‍ പ്രദേശത്തെ 70 ശതമാനം കര്‍ഷകരുടെയും സമ്മതം നിര്‍ബന്ധമാക്കുന്ന 2013ലെ നിയമത്തെ തിരുത്തിയെന്നതുള്‍പ്പെടെ വലിയ ഭേദഗതികളാണ് മോദി കൊണ്ടുവന്നത്. സാമൂഹിക പ്രത്യാഘാത പഠനം നിര്‍ബന്ധമെന്നതിലടക്കം വെള്ളം ചേര്‍ത്തു. ഏറ്റെടുത്ത ഭൂമി അഞ്ച് വര്‍ഷത്തോളം ഉപയോഗിക്കാതെയിട്ടാല്‍ ഉടമസ്ഥനു തിരികെ ലഭിക്കുമെന്ന വ്യവസ്ഥയും തിരുത്തി. വിലക്കിഴിവില്‍ ഭൂമി വാങ്ങാന്‍ സ്വകാര്യ കമ്പനികള്‍ക്കു കൂടി അവകാശം നല്‍കുന്ന തരത്തിലടക്കം നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. 1897ലെ ബ്രിട്ടീഷ് നിയമത്തെക്കാള്‍ ഭീകരമായ വ്യവസ്ഥകളുള്ളതാണ് ബില്ലെന്ന ആരോപണവുമായി രാജ്യത്തെങ്ങും കര്‍ഷക പ്രതിഷേധം അലയടിച്ചു.

ഭേദഗതിയില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്ദറില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പ്രതിഷേധങ്ങള്‍ കാട്ടു തീ പോലെ പടര്‍ന്നെങ്കിലും കര്‍ഷകരുടെ വിലാപങ്ങള്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കുത്തക മുതലാളിമാരുടെ താത്പര്യത്തിനു വേണ്ടി കോടാനു കോടി ജനങ്ങളുടെ അതിജീവനം പോലും അസാധ്യമാക്കുന്ന തരത്തില്‍ ഏതു മാര്‍ഗത്തിലും രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനവും ആവാസവ്യവസ്ഥയും അപകടപ്പെടുത്താന്‍ ബി ജെ പി സര്‍ക്കാറിന് ഒരു മടിയുമില്ലെന്ന്് ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തെളിയിച്ചു.

രാജ്യത്തെ ദേശീയ പാതകളുടെ സമഗ്രവികസനം ഉദ്ദേശിച്ചുകൊണ്ടാണ് 1995 ല്‍ ദേശീയ ഹൈവേ അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്‍ എച്ച് എയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ദേശീയ പാതകളേയും നവീകരിക്കുന്നതിനായി ദേശീയ ഹൈവേ വികസന പദ്ധതിക്ക് (ച ഒ ഉ ജ) കേന്ദ്രസര്‍ക്കാര്‍ പിന്നീട് രൂപം കൊടുത്തു. ച ഒ ഉ ജയുടെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യയില്‍ ദേശീയപാതകളുടേയും കോറിഡോറുകളുടേയും എക്‌സ്പ്രസ് വേകളുടേയും നിര്‍മാണവും പുനരുദ്ധാരണവും നടക്കുന്നത്. എന്നാല്‍ പലയിടത്തും പാത വിപുലീകരണം കനത്ത പരിസ്ഥിതി പ്രശ്്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മുംബൈ ഗോവ ഹൈവേ നിര്‍മാണം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് ഉദാഹരണം. 450 കി. മീറ്ററുള്ള മുംബൈ ഗോവ ഹൈവേ നാലു വരിപ്പാതയാക്കുന്ന പ്രവര്‍ത്തനം ഏഴ് വാര്‍ഷമായി നടന്നുവരുമ്പോഴുണ്ടായ പരിസ്ഥി പ്രശ്‌നങ്ങളിലൊന്നാണിത്. പശ്ചിമഘട്ടം കടലിനോടടുത്തു വരുന്ന പരിസ്ഥിതി പ്രധാന മേഖലയിലെ കര്‍ണാല പക്ഷി സങ്കേതത്തില്‍ കൂടിയാണ് പാത കടന്നുപോകുന്നത്. ഈ ഭാഗത്ത് 11,000ത്തോളം മരം മുറിച്ചാണ് ഹൈവേ കടന്നു പോകേണ്ടത്. പകരം മരംവെച്ച് പിടിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഇതിന് അനുമതി കിട്ടിയിരുന്നു. 6000 മരം ഇതിനകം ഇവിടെ നിന്ന് മുറിച്ചു മാറ്റി. എന്നാല്‍ ഒരു മരം പോലും ദേശീയപാത അധികൃതര്‍ വെച്ച് പിടിപ്പിച്ചിട്ടില്ല. ഇത്രയധികം പരിസ്ഥിതി നാശങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാറിനെ ഇടപെടുവിച്ച് മരം നട്ടുപിടിപ്പിക്കാനോ അല്ലെങ്കില്‍ അവിടൊന്നും പ്രതിഷേധിക്കാനോ അധികമാരും ഉണ്ടായില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാടുവെട്ടിയായാലും മല തുരന്നായാലും ബി ജെ പി യുടെ സ്വാധീന മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വികസനമാണെന്നും അല്ലാത്തിടത്ത് അത് പരിസ്ഥിതി നാശമാണെന്നും പറയുമ്പോഴുള്ള ഇരട്ടത്താപ്പിനെ കാണാതിരുന്നു കൂടാ.

കീഴാറ്റൂരില്‍ സമരത്തിനിറങ്ങുന്ന ബി ജെ പി നേതൃത്വം കേരളത്തെക്കൂടി ബാധിക്കാനിടയുള്ള കണികാ പദ്ധതിയുടെ പാരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് എന്തു കൊണ്ട് ഒന്നും ഉരിയാടുന്നില്ല? തേനിയിലെ സംരക്ഷിത വന മേഖലയായ ബോഡി വെസ്റ്റ് മലനിരകള്‍ക്കടിയില്‍ 1,300 മീറ്റര്‍ ആഴത്തിലാണ് നിരീക്ഷണാലയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 1,500 കോടി രൂപയാണ് ന്യൂട്രിനോ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പരീക്ഷണശാല നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയാണെന്നറിയുമ്പോള്‍ തന്നെ ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യം എത്രയാണെന്ന് ഊഹിക്കാന്‍ കഴിയും. ഇവിടെ പരീക്ഷണ ശാല നിര്‍മിക്കണമെങ്കില്‍ എട്ട് ലക്ഷം ടണ്‍ പാറയാണ് ജലാറ്റിന്‍ ഉപയോഗിച്ച് പൊടിച്ചുനീക്കേണ്ടത്. ശ്രദ്ധാപൂര്‍വമല്ല നിരീക്ഷണാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം തന്നെയാകും നഷ്ടമാകുക. തേനി ജില്ലക്കടുത്തുള്ള പ്രദേശങ്ങള്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഈ മേഖലകളില്‍ ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കുന്നതും അതിനായി എട്ട് ലക്ഷം ചതുരശ്ര അടിയോളം പാറ പൊട്ടിക്കുന്നതും പരിസ്ഥിതിയെ ഏത് തരത്തിലാണ് ബാധിക്കുന്നതെന്നത് പ്രവചനാതീതമാണ്. മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകള്‍ അപകടത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

മത്സ്യ മേഖലക്ക് വേണ്ടി വീണ്ടും പുതിയൊരു കമ്മീഷനും പുതിയ നയ പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കാര്യവും ആരും മറന്നുപോകാനിടയില്ല. കടലിന്റെ പരിസ്ഥിതിയെയും കടലിന്റെ മക്കളെയും സംരക്ഷിക്കുന്നതിനു പകരം കടല്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനാണ് നീക്കം. അടുത്ത പത്ത് വര്‍ഷം ലക്ഷ്യമാക്കി പുറപ്പെടുവിച്ച പുതിയ നയം വിദേശ കോര്‍പറേറ്റുകളെ മാത്രം സഹായിക്കാനുള്ളതാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ആധുനിക കപ്പലുകള്‍ നിര്‍ബന്ധമാണെന്നും സ്വകാര്യ നിക്ഷേപങ്ങളെ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കണമെന്നും വിദേശ സാങ്കേതിക വിദ്യയുടെ സഹായം ഇതിനായി തേടണമെന്നുമാണ് പുതിയ നയം. വിദേശ കപ്പലുകള്‍ക്ക് അനുമതി വേഗം ലഭിക്കുന്നതിന് ഏകജാലക സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖനിര്‍മാണം മൂലം മത്സ്യത്തൊഴിലാളികള്‍ കുടിയൊഴിപ്പിക്കപ്പെടുകയും തീരം കടലാക്രമണത്തിന് വിധേയമാകുകയും ചെയ്യുന്നതിനെ സംബന്ധിച്ച പരാമര്‍ശം പോലുമൊഴിവാക്കി വിഴിഞ്ഞം മോഡല്‍ വ്യാപകമാക്കുമ്പോള്‍ കടലും കടല്‍ത്തീരവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ പോകുയാണ്.

ദേശീയ ഹരിത ട്രൈബ്യൂണലിനെ (എന്‍ ജി ടി) ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പരിസ്ഥിതി സംരക്ഷണ ദിശയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും ഇതിനകം വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ ജൂഡീഷ്യല്‍ ഇടപെടലുകളേയും തീര്‍പ്പുകളേയും ദുര്‍ബലപ്പെടുത്തുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമത്രേ. വന്‍കിട ഖനന പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയ വികസന പദ്ധതികളുടെ നടത്തിപ്പുകളെ വേഗം കൂട്ടുക എന്നതാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത്തരം പദ്ധതികള്‍ പക്ഷേ വന്‍ പാരിസ്ഥിതിക തകര്‍ച്ചക്ക് വഴിവെച്ചേക്കാമെന്ന് ഇതിനകം തന്നെ പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1927 ലെ ബ്രീട്ടിഷ് ഇന്ത്യന്‍ വന നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1974 ലെ ജലമലിനീകരണ നിയന്ത്രണനിയമം, 1980 ലെ വനസംരക്ഷണനിയമം, 1981 ലെ വായു മലിനീകരണ നിയന്ത്രണനിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, എന്നീ സുപ്രധാന നിയമങ്ങളെല്ലാം അട്ടിമറിക്കാനുള്ള പഠനറിപ്പോര്‍ട്ട് നടപ്പില്‍ വരുത്താന്‍ ആരാണ് ശ്രമിച്ചതെന്നകാര്യവും മറച്ചുവെക്കേണ്ടതില്ല. നോട്ടുമാറ്റത്തെ തുടര്‍ന്ന് മാന്ദ്യത്തിലായ നിര്‍മാണ മേഖലയുടെ വളര്‍ച്ചക്കായി, വന്‍കിട കെട്ടിടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദാക്കിയെന്ന വാര്‍ത്തയും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുത്തകകെള താലോലിക്കുന്ന മോദി സര്‍ക്കാര്‍ അവരെ പ്രീണിപ്പിക്കു ന്നതിനായി ഏതറ്റം വരെയും പോകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രാജ്യമാസകലമുള്ള പരിസ്ഥിതി തകര്‍ച്ചക്കപ്പുറം കുത്തക മുതലാൡമാര്‍ക്ക് കോടികള്‍ വാരിക്കൂട്ടുന്നതിനാണ് ഇത്തരം പദ്ധതികള്‍ വഴിയൊരുക്കുന്നത്. കേരളത്തിലെ മണ്ണിന്റെയും വിമാനത്താവളത്തിന്റെയും പുഴകളുടെയും പശ്ചിമഘട്ടത്തിന്റെയും ഇപ്പോള്‍ ഇത്തിരിപ്പോന്ന കീഴാറ്റൂര്‍ വയലിന്റെയുമൊക്കെ കാര്യത്തില്‍ വാതോരാതെ സംസാരിക്കുന്ന ബി ജെ പിക്കാര്‍ എന്തു കൊണ്ടാണ് ജനങ്ങളെയാകെ ബാധിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ചെറുവിരലനക്കാത്തതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അധികമൊന്നും ചിന്തിക്കാതെ തന്നെ പറയാന്‍ കഴിയും.