സിറിയയില്‍ നിന്ന് ഉടന്‍ യു എസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ്

Posted on: March 31, 2018 6:21 am | Last updated: March 30, 2018 at 10:25 pm

വാഷിംഗ്ടണ്‍: സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എന്ന് പിന്‍വലിക്കുമെന്നതിനെ സംബന്ധിച്ച് കൃത്യമായ സൂചന ട്രംപ് നല്‍കിയിട്ടില്ല.

അമേരിക്ക അധികം വൈകാതെ സിറിയയില്‍ നിന്ന് പുറത്തുകടക്കും. ഇനി മറ്റു ചിലര്‍ ആ രാജ്യത്തിന്റെ സുരക്ഷിതത്വം ഏറ്റെടുക്കും. കോടിക്കണക്കിന് ഡോളര്‍ അമേരിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കക്ക് തിരിച്ച് ഒന്നും ലഭിക്കുന്നില്ലെന്നും ഓഹിയോവില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാഖില്‍ ഇസില്‍ ഭീകരവാദികളെ ലക്ഷ്യം വെച്ച് മുന്നേറുന്ന യു എസ് വ്യോമാക്രമണം നിര്‍ത്തിവെക്കുമോ എന്നത് സംബന്ധിച്ച് ട്രംപ് പ്രതികരിച്ചിട്ടില്ല. വടക്കന്‍ സിറിയയിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.