ഏപ്രില്‍ അഞ്ചിന് രാജ്യം വിടാന്‍ യു എസ് നയതന്ത്ര പ്രതിനിധികള്‍ക്ക് റഷ്യയുടെ കത്ത്

Posted on: March 31, 2018 6:19 am | Last updated: March 30, 2018 at 10:23 pm

മോസ്‌കോ: ഏപ്രില്‍ അഞ്ചിന് രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ട് റഷ്യ 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ ആഴ്ച 60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയതിന് തിരിച്ചടിയായാണ് ഈ നീക്കം. മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും ബ്രിട്ടനില്‍ വെച്ച് വിഷപ്രയോഗമേറ്റ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നാരോപിച്ച് അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും റഷ്യക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇന്നലെ പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്രപ്രതിനിധികളെ പുറത്താക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുറത്തുപോകാന്‍ നിര്‍ദേശം നല്‍കിയ 60 നയതന്ത്രപ്രതിനിധികളില്‍ 58 പേരും മോസ്‌കോയിലെ യു എസ് എംബസിയില്‍ ജോലി ചെയ്യുന്നവരാണ്. സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ യു എസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനാനുമതിയും റഷ്യ റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ മോസ്‌കോയിലെ യു എസ് അംബാസിഡര്‍ ജോണ്‍ ഹണ്ട്‌സ്മാന് പ്രതിഷേധ കുറിപ്പും റഷ്യ കൈമാറിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. റഷ്യക്കെതിരെ നടക്കുന്ന അനീതിനിറഞ്ഞ നയതന്ത്ര നീക്കങ്ങളില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് പ്രതിഷേധ കുറിപ്പില്‍ റഷ്യ വ്യക്തമാക്കി.

എന്നാല്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനുള്ള റഷ്യയുടെ തീരുമാനം അവര്‍ ചര്‍ച്ചയുടെ വഴിയിലേക്കില്ലെന്നതിന്റെ സൂചനയാണെന്ന് അമേരിക്ക പ്രതികരിച്ചു. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നൗററ്റ് വാഷിംഗ്ടണ്‍ ഡി സിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റഷ്യയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. റഷ്യയുടെ നടപടിക്ക് ഒരു നീതീകരണവുമില്ല. അമേരിക്ക നേരത്തെ റഷ്യക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ യു കെയില്‍ വെച്ച് റഷ്യന്‍ ചാരനെ വിഷപ്രയോഗത്തിലൂടെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലാണ് അമേരിക്ക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.