Connect with us

International

10 ഫല്‌സ്തീനികളെ വെടിവെച്ചു കൊന്നു

Published

|

Last Updated

ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കാലില്‍ വെടിയുണ്ടയേറ്റ് നിലവിളിക്കുന്ന ഫല്‌സതീന്‍ ബാലന്‍

ഗാസ സിറ്റി: “ലാന്‍ഡ് ഡേ” ആചരണത്തിനിടെ ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം പത്ത് ഫലസ്തീനികളെ വെടിവെച്ചു കൊന്നു. ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് സൈന്യം പത്ത് ഫലസ്തീനികളെ വകവരുത്തിയത്. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. “ലാന്‍ഡ് ഡേ”യുടെ 42ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വെടിയേറ്റു മരിച്ചവരില്‍ മുഹമ്മദ് നജ്ജാര്‍(25), മഹ്മൂദ് മുഅമ്മര്‍(38), മുഹമ്മദ് അബൂ ഉമര്‍(22), അഹ്മദ് അൗദദ്(19), ജിഹാദ് ഫ്രനാഹ്(33), മഹ്മൂദ് സഅദി റഹ്മി(33), ഉമര്‍വഹീദ് അബൂ സമൂര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്കന്‍ ഗാസയിലെ ജബാലിയയിലുണ്ടായ സംഘര്‍ഷത്തിനിടെ വയറില്‍ വെടിയേറ്റാണ് 25കാരനായ മുഹമ്മദ് നജ്ജാര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മഹ്മൂദ് മുഅമ്മറും മുഹമ്മദ് അബൂ ഉമറും റാഫയിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് വെടിയേറ്റുമരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധ പരിപാടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്റെ കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്നു ഉമര്‍ വഹീദ് അബൂ സമറിനെ ഇസ്‌റാഈല്‍ സൈന്യം പ്രകോപനമൊന്നുമില്ലാതെ വകവരുത്തുകയായിരുന്നു. എന്നാല്‍ സമര്‍ കൊല്ലപ്പെട്ടതിനെ സംബന്ധിച്ച് ഇസ്‌റാഈല്‍ സൈന്യം ഒന്നും പ്രതികരിച്ചിട്ടില്ല.

വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഫലസ്തീനിലെ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വെടിയുണ്ടകളും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഇസ്‌റാഈല്‍ സൈന്യം നേരിട്ടത്. അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനികളെ ആക്രമിക്കുന്നതെന്ന് ഫലസ്തീന്‍ മനുഷ്യാവകാശ സംഘങ്ങള്‍ ചൂണ്ടിക്കാട്ടി.

1976 മാര്‍ച്ച് 30ന് ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ ആറ് ഫലസ്തീനികളുടെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മയിലാണ് ലാന്‍ഡ് ഡേ ആചരിക്കുന്നത്. ഫലസ്തീന്‍ ഭൂമി നിയമവിരുദ്ധമായി ഇസ്‌റാഈല്‍ സൈന്യം പിടിച്ചെടുക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ ആറ് ഫലസ്തീനികളെ കൊലപ്പെടുത്തിയിരുന്നത്.