അമിത്ഷായുടെ മതം വ്യക്തമാക്കണം: സിദ്ധരാമയ്യ

Posted on: March 31, 2018 6:09 am | Last updated: March 30, 2018 at 10:13 pm

ബെംഗളൂരു: ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഏത് മതത്തില്‍ പെട്ടയാളാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദുമതത്തില്‍ പെട്ടയാളാണോ അതോ ജൈനമതത്തില്‍ പെട്ടയാളാണോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

സിദ്ധരാമയ്യ കര്‍ണാടകത്തിലെ ന്യൂനപക്ഷ വിഭാഗത്തെ പരാമര്‍ശിക്കുന്ന അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്ന് ദേവങ്കരയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അമിത്ഷാ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. താന്‍ അഹിന്ദുവാണോയെന്ന് പറയും മുമ്പ് ആദ്യം താങ്കളുടെ മതം ഏതെന്ന് വ്യക്തമാക്കണമെന്നായിരുന്നു അമിത് ഷായോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്.

അമിത് ഷാ ജൈനവിഭാഗത്തില്‍ ജനിച്ചയാളാണ്. ജൈനന്‍മാര്‍ ഹിന്ദുക്കളല്ല. അത് മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് തന്റെ മതത്തേയും വിശ്വാസത്തേയും ചോദ്യം ചെയ്യുക എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഷാ ഉയര്‍ത്തുന്നത് തന്നെ ഭയമുള്ളതിനാലാണെന്നും സിദ്ധരാമയ്യ പറഞ്ഞു.