Connect with us

Kerala

മുടിക്കോട് മസ്ജിദില്‍ വീണ്ടും ബാങ്കൊലി ഉയര്‍ന്നു

Published

|

Last Updated

മാസങ്ങളായി പൂട്ടിക്കിടന്ന മുടിക്കോട് പള്ളി

മലപ്പുറം: നീണ്ട എട്ട് മാസത്തെ ഇടവേളക്ക് ശേഷം മഞ്ചേരി മുടിക്കോട് മഹല്ല് ജുമുഅ മസ്ജിദിന്റെ മിനാരത്തില്‍ നിന്ന് വീണ്ടും ബാങ്കൊലി ഉയര്‍ന്നു. അബ്ദു മുസ്‌ലിയാര്‍ വിശ്വാസികളെ പ്രാര്‍ഥനക്കായി വിളിച്ചതോടെ അസ്വാരസ്യങ്ങള്‍ നിറഞ്ഞിരുന്ന ഇന്നലെകളെ വഴിയില്‍ ഉപേക്ഷിച്ച് ഐക്യത്തിന്റെ നേര്‍സാക്ഷ്യവുമായി അവര്‍ അല്ലാഹുവിന്റെ ഭവനത്തിലേക്ക് ഓടിയെത്തി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും ആയിരത്തോളം വരുന്ന വിശ്വാസികള്‍ സ്രഷ്ടാവിന് മുന്നില്‍ ഒരേ മനസ്സോടെ സുജൂദില്‍ വീണു. ശേഷം, പുഞ്ചിരി കൈമാറിയും ആലിംഗനം ചെയ്തും വിശാല ഹൃദയങ്ങളുടെ ഉടമകളായിട്ടായിരുന്നു വിശ്വാസികള്‍ ജുമുഅ കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങിയത്. വിഭാഗീയതയുടെയും പിടിവാശികളുടെയും കാര്‍മേഘങ്ങള്‍ പാടെ ഒഴിഞ്ഞതോടെ നാടിന്റെ നന്‍മക്കും പുരോഗതിക്കുമായി തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷകളുമായാണ് അവര്‍ പടിയിറങ്ങിയത്.

മുഹമ്മദലി ഫൈസിയായിരുന്നു ഖുത്വുബക്കും ജുമുഅ നിസ്‌കാരത്തിനും നേതൃത്വം നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച പള്ളി ശുചീകരണത്തിനായി തുറന്നുകൊടുത്തിരുന്നെങ്കിലും ബാങ്ക് മുഴങ്ങിയതും നിസ്‌കാരം നടന്നതും വെള്ളിയാഴ്ച ജുമുഅക്കായിരുന്നു. ആഗസ്റ്റ് നാലിനായിരുന്നു പള്ളി അനിശ്ചിത കാലത്തേക്ക് പെരിന്തല്‍മണ്ണ ആര്‍ ഡി ഒ പൂട്ടിയത്. ഇത് വിശ്വാസികളുടെ മനസ്സുകളില്‍ കനലായി എരിഞ്ഞെങ്കിലും പരിഹാരശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ഒടുവില്‍ ഇരുവിഭാഗം സുന്നി നേതൃത്വവും നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ഇടപെടലാണ് ഫലം കണ്ടത്. ഇന്നലെ ബാങ്ക് വിളിക്കുന്നിന് മുമ്പുതന്നെ വിശ്വാസികളാല്‍ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. പരിസര മഹല്ലുകളില്‍ നിന്നുള്ളവര്‍ പോലും മുടിക്കോട്ടെ വിശ്വാസികളുടെ പാരസ്പര്യത്തിന്റെ ഭാഗമാകാന്‍ എത്തി.

മഞ്ചേരി മുടിക്കോട് മഹല്ല് ജുമുഅ മസ്ജിദില്‍ ജുമുഅ നിസ്‌കാര ശേഷം ഇരുവിഭാഗം സുന്നി നേതാക്കളും പരസ്പരം ആശ്ലേഷിക്കുന്നു

നിസ്‌കാര ശേഷം സുന്നി മസ്‌ലഹത്ത് സമിതിയുടെ കണ്‍വീനറും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രൊഫസറുമായ ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ് വിശ്വാസികള്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന്, ഇരുവിഭാഗം സുന്നികളുടെയും പ്രതിനിധികളായി എത്തിയിരുന്ന വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം എന്നിവരും പ്രസംഗിച്ചു. മധ്യസ്ഥ സമിതി അംഗമായ അബ്ദുസലാം ദാരിമി കരുവാരക്കുണ്ട് കരാര്‍ പത്രം വായിച്ചു കേള്‍പ്പിച്ചു. നിസാര്‍ മുസ്‌ലിയാര്‍ ഓളിക്കല്‍ (കണ്‍.), എം എം കുഞ്ഞഹമ്മദ് (ജോ. കണ്‍.), അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍, എം പി മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് അന്‍വര്‍ (അംഗങ്ങള്‍) എന്നിവരടങ്ങിയ അഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കായിരിക്കും മഹല്ലിന്റെ താത്കാലിക ഭരണചുമതലയുണ്ടാവുക.

പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇരു വിഭാഗം സുന്നികളെയും പ്രതിനിധീകരിച്ച് കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ വി അബ്ദുര്‍റഹ്മാന്‍ ഫൈസി നന്തി, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലടക്കവ് എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്.