Connect with us

National

അമിത്ഷാക്കെതിരെ ദളിത് നേതാക്കളുടെ പ്രതിഷേധം

Published

|

Last Updated

ബെംഗളൂരു: മൈസൂരുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ദളിത് നേതാക്കളുടെ പ്രതിഷേധം. ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ബി ജെ പി യോഗത്തില്‍ ബഹളം വെക്കുകയായിരുന്നു.

ബി ജെ പിക്ക് വലിയ സ്വാധീനമില്ലാത്ത പഴയ മൈസൂരു മേഖലയില്‍ പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ തേടിയാണ് അമിത് ഷാ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. രാജേന്ദ്ര കലാമന്ദിറിലെ യോഗത്തില്‍ ഷാ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ചില നേതാക്കള്‍ രോഷപ്രകടനവുമായി രംഗത്തെത്തിയത്.

ഭരണഘടന തിരുത്തിയെഴുതണമെന്ന് പറയുകയും ദളിതരെ അപമാനിക്കുകയും ചെയ്ത കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയെ പുറത്താക്കാത്തതിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്നും അംഗീകരിക്കുന്നില്ലെന്നും അമിത് ഷാ മറുപടി നല്‍കിയെങ്കിലും നേതാക്കള്‍ ശാന്തരായില്ല. ജാതി സമവാക്യങ്ങള്‍ തെറ്റാതിരിക്കാനുളള പദ്ധതികളാണ് മൈസൂരു സന്ദര്‍ശനത്തിലും ഷാ നടത്തിയത്. സൂത്തൂര്‍ മഠത്തില്‍ വീരശൈവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അമിത്ഷാ ലിംഗായത്ത് വിഷയത്തില്‍ വീരശൈവരുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.

മൈസൂരു രാജകുടുംബത്തിന്റെ വോട്ട് ഉറപ്പാക്കാന്‍ മൈസൂരു കൊട്ടാരത്തില്‍ രാജകുടുംബത്തെയും അമിത് ഷാ കണ്ടു. കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജുവിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് വിവാദമായി. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കി. അതിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ചാമുണ്ഡേശ്വരിയിലെ പ്രചാരണത്തിനിടെ സിദ്ധരാമയ്യ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരതിയുമായെത്തിയവര്‍ക്ക് ദക്ഷിണ നല്‍കുന്ന പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് പണം കൊടുത്തതെന്നും ബി ജെ പി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി.

രണ്ട് ദിവസത്തെ പര്യടനത്തിനാണ് അമിത്ഷാ ഇന്നലെ മൈസൂരുവിലെത്തിയത്. മൈസൂരു, ചാമരാജനഗര്‍, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലാണ് ഷായുടെ സന്ദര്‍ശനം. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തുന്നുണ്ട്. പാര്‍ട്ടിയുടെ പോഷക സംഘടനയായ യുവമോര്‍ച്ച ബൈക്ക് റാലിയും ആരംഭിച്ചിട്ടുണ്ട്.